നിലാമഴ
(സ്മരണകള്‍)
എസ്. അംബികാദേവി
ശ്രീനാരായണഗുരുവിന്റെ പ്രഥമ ഗൃഹസ്ഥശിഷ്യരില്‍ ഒരാളും ഗുരുവിന്റെ ജീവചരിത്രകാരനുമായ കോട്ടുകോയിക്കല്‍ വേലായുധന്റെ മകള്‍ പ്രൊഫ. എസ്. അംബികാദേവി എഴുതിയ സ്മരണയാണ് നിലാമഴ. ഡി.സി ബുക്സ് 2004ല്‍ പ്രസിദ്ധീകരിച്ചതാണ് ഇത്.
പ്രൊഫ. എം.കെ സാനു അവതാരികയില്‍ ഇങ്ങനെ എഴുതുന്നു: ‘ ഓര്‍മകളുടെ ഓളങ്ങളാല്‍ തരളമായ ഒരു പുസ്തകമാണിത്. ബാലികയായി ബോര്ഡിങ്ങില് ചേരുന്നിടത്ത് ഓര്മ ആരംഭിക്കുന്നു. മുതിര്‍ന്ന കുടുംബിനിയായി സായംകാലത്തിലേക്ക് എത്തിനോക്കുന്ന ഘട്ടത്തില്‍ അതവസാനിക്കുകയും ചെയ്യുന്നു. മൃത്യുവിന്റെ സമാകര്‍ഷകമായ (!) മുഖം അവിടെ അവ്യക്തമായി തെളിയുന്നതുകാണാം. എന്നാല്‍, ആഖ്യാനത്തിന്റെ ആരംഭവും അന്ത്യവും കേവലം ചട്ടക്കൂട് മാത്രമാണ്. ആ ചട്ടക്കൂടിനെ അതിവര്‍ത്തിക്കുന്ന ഭാവമേഖലയാണ് പ്രധാനം. അതില്‍ വിഹരിക്കുമ്പോള്‍ അനുവാചകമാനസം കാലക്രമത്തെ അതിവര്‍ത്തിക്കുന്നതും നാനാവിധവുമായ അനുഭവങ്ങള്‍ക്ക് വിധേയമാകുന്നു….
നിലാമഴ എന്ന ഈ കൃതി ആത്മകഥയാണോ? കുടുംബകഥയാണോ? നോവലാണോ? സ്മരണയാണോ? ഈ സാഹിത്യവിഭാഗങ്ങളുമായി ഇതിനു ബന്ധമുണ്ട്. എന്നാല്‍, എതെങ്കിലുമൊരു പ്രത്യേക വിഭാഗത്തില്‍ ഒതുങ്ങാന്‍ വിസമ്മതിക്കുന്നു എന്നതാണ് ‘നിലാമഴ’യുടെ പ്രത്യേകത. അതുകൊണ്ട് പ്രൊഫ. അംബികാദേവിയുടെ ആത്മാവിഷ്കരണം എന്നുമാത്രം ഈ കൃതിയെക്കുറിച്ചു ധരിച്ചാല്‍ മതി. അനുവാചക ഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ കെല്പുള്ളതുകൊണ്ട് ഈ കൃതിയെ ഞാന്‍ കാവ്യമെന്ന് വിളിക്കുന്നു. പൂര്‍വനിശ്ചിതമായ രൂപത്തിലൊതുങ്ങാത്ത രൂപശില്പമായി പരിണമിച്ച കാവ്യം.”

Leave a Reply