(നോവല്‍)
ഷഹല വെളിയംകോട്
മാതൃഭൂമി ബുക്‌സ് 2023
ഷഹല വെളിയംകോടിന്റെ ആദ്യ നോവല്‍. ബിലാന്‍കൂത്ത് എന്ന കടലോരഗ്രാമം, പല ജീവിതങ്ങളെ പൊതിഞ്ഞുവച്ചിരിക്കുന്ന നിഗൂഢതയാണ്. അതിലെ ഏതാനും ഏടുകളെ അവതരിപ്പിച്ച് മനുഷ്യജീവിതത്തിന്റെ രഹസ്യങ്ങളെ തുറന്നുനോക്കുകയാണ് നോവലിസ്റ്റ്. സ്‌നേഹം, പ്രണയം, രോഷം, നിസ്സഹായത, മരണം എന്നിങ്ങനെ മനുഷ്യാവസ്ഥകളെല്ലാം ബിലാന്‍കൂത്തില്‍ കടന്നുവരുന്നു. അങ്ങനെ തുടക്കമെന്നോ ഒടുക്കമെന്നോ ഇല്ലാതെ ബിലാന്‍കൂത്ത് മുന്നോട്ടു സഞ്ചരിക്കുകയാണ്, എക്കാലത്തെയും തലമുറകള്‍ക്കായി…
ആമുഖത്തില്‍ ഷഹല വെളിയംകോട് ഇങ്ങനെ എഴുതുന്നു:
ബിലാന്‍കൂത്ത് ഒരു നാടിന്റെ ചരിത്രമല്ല. പക്ഷേ, ആ നാട് കടന്നുപോയ പല ചരിത്രസംഭവങ്ങളിലൂടെയും, ഒരു കുടുംബവും അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന മനുഷ്യരും പറഞ്ഞ പല കഥകളിലൂടെയും നടന്നുപോകുകയാണ്. ഈ പുസ്തകം എന്റെ വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിലേക്ക് എന്നെ കൈപിടിച്ച് നടത്തിയ ഒട്ടേറെ പേരുണ്ട്. കഥകള്‍ അറിയാനും, ഓരത്തുനിന്നെങ്കിലും അനുഭവിക്കാനും അവസരം തന്ന വിധിയോട്… എഴുതണം എന്ന ആഗ്രഹത്തിനു പിറകേ നടക്കാന്‍ എനിക്ക് ധൈര്യമായിരുന്ന ഉപ്പയോട്… എന്റെ ഭ്രാന്തുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന മുത്തുവിനോട് (ജെമീഷ്).
പേപ്പറില്ലാത്തതുകൊണ്ട് നീ എഴുതാതിരിക്കരുതെന്നു പരിഹസിച്ച് എനിക്ക് നീ തന്ന പേപ്പറിലാണ് വിസി (വിനയ) ഞാന്‍ ബിലാന്‍കൂത്ത് മുഴുവന്‍ എഴുതിത്തീര്‍ത്തത്. നിന്നോട് ഞാനെങ്ങനെ നന്ദി പറയാതിരിക്കും… വഴിയില്‍ നിന്നുപോയ എന്റെ എഴുത്തിനെ ‘നിന്റെ നോവലെന്നാ ഇറങ്ങുന്നത്’ എന്നു നിരന്തരം ചോദിച്ചും ശല്യംചെയ്തും അതു പൂര്‍ത്തിയാക്കാന്‍ പ്രേരണയായിരുന്ന ഒരു കൂട്ടം സുഹൃത്തുക്കളോട്… ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കുന്ന കാലത്ത് രാത്രി ഉറങ്ങാതിരുന്ന് എഴുതിയിരുന്ന, എന്റെ പകലിലെ ഉറക്കച്ചടവിനോട് മുഷിപ്പ് കാണിക്കാതെ എഴുത്തിന്റെ തുടക്കത്തില്‍ എന്നെ കേട്ടറിയാ ജോയ്, ഒരു ഫേസ്ബുക്ക് കുറിപ്പു കണ്ടുമാത്രം എന്റെ നോവല്‍ പുറംലോകത്തെ കാണിക്കാന്‍ എനിക്ക് ധൈര്യം പകര്‍ന്ന തമ്പുരാന്‍ചേട്ടന്‍ (രവിവര്‍മ തമ്പുരാന്‍), എഴുതി ആരും കാണാതെ ഞാന്‍ അടച്ചുവയ്ക്കുമായിരുന്ന എന്റെ നോവല്‍ വായിച്ചും കേട്ടും തിരുത്തുകള്‍ വരുത്തിയും പുസ്തകമാക്കാന്‍ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്ന മനോജേട്ടന്‍ (മനോജ് തെക്കേടത്ത്), അരുണേട്ടന്‍ (അരുണ്‍ എഴുത്തച്ഛന്‍)… അങ്ങനെ ഒട്ടേറെപ്പേരോട് നന്ദിയുണ്ട്. ഒടുവില്‍ എന്റെ നോവലിനെ പുസ്തകമാക്കുന്ന മാതൃഭൂമി ബുക്‌സിനും ഹൃദയത്തില്‍നിന്നുള്ള നന്ദി, സ്‌നേഹം.