വൈശികതന്ത്രം
വേശ്യാവൃത്തിയെ പുരസ്ക്കരിച്ച് എഴുതിയ മണിപ്രവാളകൃതി. 260ല്‍പ്പരം ശേ്ളാകങ്ങളുണ്ട്. വേശ്യാവൃത്തി വര്‍ണ്ണനം സംസ്കൃതസാഹിത്യം ഉള്‍പ്പെടെയുള്ള സാഹിത്യങ്ങള്‍ക്ക് അന്യമല്ല. എട്ടാം ശതകത്തില്‍ കാശ്മീര്‍ ഭരിച്ചിരുന്ന ലളിതാദിത്യന്റെ മന്ത്രിയായിരുന്ന ദാമോദരഗുപ്തന്റെ ‘കുട്ടിനീമതം’ ആണ് ആദ്യത്തെ ഗണികാസാഹിത്യം. മലയാളത്തിലെ മണിപ്രവാള സാഹിത്യത്തിലും അതു തഴച്ചുവളര്‍ന്നു.
‘വേശ്യോപനിഷത്ത്’ എന്നാണ് വൈശികതന്ത്രത്തെ വിശേഷിപ്പിക്കുന്നത്. ഗുരുമുഖത്തില്‍നിന്ന് അനംഗസേന എന്ന യുവതിക്കു കിട്ടുന്ന ഉപദേശമാണിത്. പരമ്പരാഗതമായുള്ള കുലവൃത്തിരഹസ്യങ്ങള് ഓതിക്കൊടുക്കുന്ന ഗുരു മറ്റാരുമല്ല, സ്വന്തം അമ്മതന്നെയാണ്. വേശ്യാവൃത്തി ഒരു കലയാണെന്നും അത് അഭ്യസിച്ചില്ലെങ്കില്‍ സ്ത്രീജന്മം നിഷ്ഫലമാണെന്നും, അഭ്യസിക്കാന്‍ വളരെ പ്രയാസമാണെന്നും ഗ്രന്ഥകര്‍ത്താവ് പറയുന്നു. എഴുതിയതാരാണെന്ന് അറിവായിട്ടില്ല. കാര്യങ്ങള്‍ നന്നായി പഠിച്ചില്ലെങ്കില്‍ നൂലിന്മേല് നടക്കുംപോലെ ദുഷ്കരമായ ഗണികാവൃത്തിയില് തോല്‍വി ഉറപ്പാണെന്ന് അമ്മ മകളെ ഉപദേശിക്കുന്നു.
ഇതുണ്ടായ കാലത്തിന്റെ സാന്മാര്ഗ്ഗികാധ:പതനത്തിന്റെ നെല്ലിപ്പലകവരെ ഇതില്‍ തെളിഞ്ഞുകാണാം.
രസികത്വവും രചനാശില്പവും മികച്ചുനില്‍ക്കുന്ന ഇത്തരം ജീര്ണ്ണസാഹിത്യം ഒന്നാംതരം വെണ്ണക്കല്ല് ചിത്രപ്പണി ചെയ്തു മോഹനമാക്കി പടുത്തുണ്ടാക്കിയ മലമൂത്രപ്പുരയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നു സൂക്ഷ്മദൃക്കായ ഒരു ഗുരുനാഥന് പലവര്ഷംമുമ്പ് അഭിപ്രായപ്പെട്ടതായി പ്രൊഫ.എന്‍.കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്.
Leave a Reply