(തത്വജ്ഞാനം)
വേദവ്യാസന്‍

പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം എന്ന ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നാണ്. ഭഗവാന്റെ കഥയാണ് ഭാഗവതം. ഭഗവാന്‍ വിഷ്ണുവിന്റെ (ഹരി) വിവിധ അവതാരകഥകളിലൂടെയും ഭക്തന്മാരുടെ കഥകളിലൂടെയും ഭാഗവതം ലളിതമായി തത്ത്വജ്ഞാനം നല്‍കുന്നു. ഭാഗവതത്തിലെ കഥകളെല്ലാം ഭൗതിക വിഷയങ്ങളോട് വിരക്തി വര്‍ദ്ധിപ്പിക്കാനുതകുന്നു.
വേദവ്യാസന്‍ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തില്‍ തന്നെ പറഞ്ഞിരിക്കുന്നത്. പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്. ഓരോ അധ്യായത്തേയും സ്‌കന്ദം എന്നു പറയുന്നു. അതില്‍ ദശമസ്‌കന്ദത്തിലാണ് ശ്രീകൃഷ്ണാവതാരത്തെപ്പറ്റി പറയുന്നത്. വേദവ്യാസന്‍ ഭാഗവതം, മകനായ ശുകബ്രഹ്മ മഹര്‍ഷിക്ക് പറഞ്ഞു കൊടുത്തു, ശുകബ്രഹ്മന്‍ പരീക്ഷിത്ത് മഹാരാജാവിന് പറഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് രാജാവ് പൂര്‍ണവിരക്തനായി, ജലപാനം പോലുമില്ലാതെ, ഗംഗാനദിക്കരയില്‍ പ്രായോപവേശം ചെയ്യാനായി ഇരിക്കുമ്പോഴാണ് ശുകബ്രഹ്മ മഹര്‍ഷി അവിടെയെത്തിയത്. ശുകബ്രഹ്മ മഹര്‍ഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോള്‍ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേട്ടു.
കുറെക്കാലം കഴിഞ്ഞ് ശൗനകാദി മുനിമാര്‍ നൈമിശാരണ്യത്തില്‍ സ്വര്‍ഗ്ഗലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു. യദൃച്ഛയാ സൂതന്‍ ഈ യജ്ഞശാലയിലെത്തി. ശുകമഹര്‍ഷിയില്‍നിന്ന് നേരിട്ട് തത്ത്വഗ്രഹണം സാധ്യമായ സുതനോട് ശൗനകാദി മുനിമാര്‍ അതു അപേക്ഷിക്കുന്നു. തുടര്‍ന്ന് സൂതന്‍ പറയുന്നതായാണ് ഭാഗവത കഥ.

വിഷ്ണുവെന്ന പ്രസിദ്ധനായ പരബ്രഹ്മം തന്നെയാണ് അനിമിഷന്‍. അങ്ങനെയുള്ള അനിമിഷനായ ആത്മാവിന്റെ ക്ഷേത്രമാണ് ജഗത്ത്. ക്ഷേത്രം ശരീരമാണ്. ബ്രഹ്മ ശരീരമാണ് ജഗത്ത്. ഈ ജഗത്തിനെയാണ് നൈമിശാരണ്യം എന്ന് ഭാഗവതം പറഞ്ഞിരിക്കുന്നത്.
കാമക്രോധലോഭമോഹാദികളായ ക്രൂരമൃഗങ്ങള്‍ നിറഞ്ഞ ഈ നൈമിശാരണ്യമാകുന്ന ദേഹത്തില്‍ മനുഷ്യജീവിതത്തിന്റെ കര്‍മ്മമായ യജ്ഞം ആരംഭിക്കുമ്പോള്‍ ഈ യജ്ഞകവാടം സാവധാനമായെങ്കിലും തത്ത്വാന്വേഷണത്തിനു വഴിതുറക്കുന്നു എന്നു കാണിച്ചു കൊണ്ടാണ് ഗുരുവായ സൂതന്‍ അവിടെയെത്തുന്നതും തത്ത്വസാരം എല്ലാവര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതും.
യൂറോപ്യന്‍ ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ എഴുതിയതായിരിക്കണം ഭാഗവതം. ചിലര്‍ പറയുന്നത,് സരസ്വതീ നദിയെപ്പറ്റി മഹാനദി എന്നു പരാമര്‍ശം ഭാഗവതത്തിലുള്ളതിനാല്‍ അത് വറ്റിപ്പോകുന്നതിനും മുന്‍പ് എഴുതിയതായിരിക്കണം എന്നാണ്.
ഭക്തിയോഗത്തിന്റെ പ്രമുഖ കൃതികളിലൊന്നാണ് ഭാഗവതം. വൈഷ്ണവ ഭക്തിമാര്‍ഗ്ഗത്തിന്റെ പ്രമുഖ ഗ്രന്ഥമാണ്. ഭാഗവത്തിലെ പതിനൊന്നാം അദ്ധ്യായത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്ധവരോട് അദ്വൈതജ്ഞാനം ഉപദേശിച്ചു കൊടുക്കുന്നതാണ് ഉദ്ധവഗീത. ഭഗവദ്ഗീതയെപ്പോലെതന്നെ ഇതും മഹത്തായ തത്ത്വജ്ഞാന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തെപ്പറ്റിയുള്ള ഐതിഹ്യം

പരീക്ഷിത്ത് മഹാരാജാവിന് ശ്രീശുക മഹര്‍ഷി ഭാഗവതം ഉപദേശിച്ചത് ഏഴു ദിവസമായാണ്. ഏഴാം ദിവസം ആത്മജ്ഞാനം ലഭിച്ച മഹാരാജാവ് തക്ഷകന്‍ എന്ന സര്‍പ്പത്തിന്റെ കടിയേറ്റുള്ള മരണം സഹര്‍ഷം സ്വീകരിച്ചു എന്നാണ് ഐതിഹ്യം. അങ്ങനെയാണ് ഭാഗവതകഥ ഏഴുദിവസം കൊണ്ട് പാരായണം ചെയ്യുന്ന പതിവുണ്ടായത്. ഇതിനെ ഒരു യജ്ഞമായി കരുതപ്പെടുന്നു. പല മഹാവിഷ്ണുക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി നടത്തുന്ന സപ്താഹങ്ങള്‍ പ്രസിദ്ധമാണ്.