(തത്ത്വജ്ഞാന ഗ്രന്ഥം)
വേദവ്യാസന്‍ 
ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കില്‍ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാന്റെ കഥയാണ് ഭാഗവതം.
” അഖണ്ഡ ബോധരൂപമായ ബ്രഹ്മമാണ് ശാസ്ത്രീയമായ ജഗത് സത്യം. ഈ സത്യമാണ് ഭാഗവത ഹൃദയം. അന്വയ വ്യതിരയ യുക്തികളെ അവലംബമാക്കി ഭാഗവതം അത്യന്ത ലളിതമായി ഈ സത്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രദിപാദിച്ചിരിക്കുന്നു. മംഗളശ്ലോകത്തില്‍ തന്നെ ഭാഗവതം ഇക്കാര്യം സ്പഷ്ടമാക്കുന്നു. ഈ ജഗത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളൊക്കെ ഏതുണ്ടെങ്കില്‍ സംഭവിക്കും എന്നു കണ്ടെത്തുന്നതാണ് അന്വയ യുക്തി. ഏതില്ലെങ്കില്‍ സംഭവിക്കുകയില്ല എന്നുറപ്പു വരുത്തുന്നതാണ് വ്യതിരയ യുക്തി. ചുരുക്കത്തില്‍ ഏതുണ്ടെങ്കില്‍ പ്രപഞ്ചമുണ്ട് ഏതില്ലെങ്കില്‍ പ്രപഞ്ചമില്ല എന്ന് യുക്തിപൂര്‍വം ചിന്തിച്ചു നോക്കണം” എന്ന് ശ്രീമദ് ഭാഗവതത്തെ ആധാരമാക്കി എഴുതിയ ‘ഭാഗവത ഹൃദയം’ എന്ന വ്യാഖ്യാനത്തില്‍ കേരളത്തിലെ പ്രമുഖ വേദാന്ത പണ്ഡിതനും അദ്ധ്യാപകനുമായ പ്രൊഫ.ജി. ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നു.
ഭഗവാന്‍ വിഷ്ണുവിന്റെ (ഹരി) വിവിധ അവതാരകഥകളിലൂടെയും ഭക്തന്മാരുടെ കഥകളിലൂടെയും ഭാഗവതം ലളിതമായി തത്ത്വജ്ഞാനം വെളിവാക്കിത്തരുന്നു.
ഭഗവാന്‍ വേദവ്യാസന്‍ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തില്‍ തന്നെ പറഞ്ഞിരിക്കുന്നത്. പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്. ഓരോ അധ്യായത്തേയും ഓരോ സ്‌കന്ദം എന്നു പറയുന്നു. അതില്‍ ദശമസ്‌കന്ദത്തിലാണ് ശ്രീകൃഷ്ണാവതാരത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. വേദങ്ങള്‍ വിന്യസിച്ചു കഴിഞ്ഞശേഷം ധര്‍മ്മവിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു. ഈ അനുഭവം നാരദ മഹര്‍ഷിയുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവന്‍ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാന്‍ തുടങ്ങുകയും ചെയ്തു. ഈ കൃതിയാണ് ഭാഗവതം. വേദവ്യാസന്‍ ഭാഗവതം, മകനായ ശുകബ്രഹ്മ മഹര്‍ഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്മന്‍ പരീക്ഷിത്ത് മഹാരാജാവിന് അതു പറ ഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് പൂര്‍ണ വിരക്തി വന്നവനായി, ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയില്‍ പ്രായോപവേശം ചെയ്യാനായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ശുകബ്രഹ്മ മഹര്‍ഷി അവിടെയെത്തിയത്. ശുകബ്രഹ്മ മഹര്‍ഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോള്‍ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേള്‍ക്കുകയുണ്ടായി.
കാലം കുറെക്കടന്നു പോയപ്പോള്‍ ശൗനകാദി മുനിമാര്‍ നൈമിശാരണ്യത്തില്‍ സ്വര്‍ഗ ലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു. യദൃച്ഛയാ സൂതന്‍ ഈ യജ്ഞശാലയിലെത്തി. ശുകമഹര്‍ഷിയില്‍ നിന്ന് നേരിട്ട് തത്ത്വഗ്രഹണം സാധ്യമായ സുതനോട് ശൌനകാദി മുനിമാര്‍ അപേക്ഷിച്ചതിന്റെ ഫലമായി സൂതന്‍ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിക്കുന്നത്.
ഉണ്ട് എന്ന അനുഭവം ഒരിക്കലും വിട്ടുപോകാത്ത വിഷ്ണുവെന്ന പ്രസിദ്ധനായ പരബ്രഹ്മം തന്നെയാണ് അനിമിഷന്‍. അനിമിഷനായ ആത്മാവിന്റെ ക്ഷേത്രമാണ് ജഗത്ത്. ക്ഷേത്രം ശരീരമാണ്. ബ്രഹ്മ ശരീരമാണ് ജഗത്ത്. ഈ ജഗത്തിനെയാണ് നൈമിശാരണ്യം എന്ന് ഭാഗവതം പറഞ്ഞിരിക്കുന്നത്.
കാമക്രോധലോഭമോഹാദികളാകുന്ന ക്രൂരമൃഗങ്ങള്‍ നിറഞ്ഞ ഈ നൈമിശാരണ്യമാകുന്ന ദേഹത്തില്‍ മനുഷ്യജീവിതത്തിന്റെ കര്‍മ്മമായ യജ്ഞം ആരംഭിക്കുമ്പോള്‍ ഈ യജ്ഞകവാടം സാവധാനമായെങ്കിലും തത്ത്വാന്വേഷണത്തിനു വഴിതുറക്കുന്നു എന്നു കാണിച്ചു കൊണ്ടാണ് സൂതന്‍ അവിടെയെത്തുന്നത്.
ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ എഴുതിയതായിരിക്കണം ഭാഗവതം. എന്നാല്‍ ചിലര്‍ പറയുന്നത് സരസ്വതീ നദിയെപ്പറ്റി മഹാനദി എന്നു പരാമര്‍ശം ഭാഗവതത്തിലുള്ളതിനാല്‍ അത് വറ്റിപ്പോകുന്നതിനും മുന്‍പ് എഴുതിയതായിരിക്കണം. സരസ്വതീ നദി ക്രി.പി 200ലാണ് വറ്റിപ്പോയതെന്നു പറയുന്നു.
ഭക്തിയോഗത്തിന്റെ പ്രമുഖ കൃതികളിലൊന്നായി ഹൈന്ദവ തത്ത്വചിന്തയില്‍ ഭാഗവതത്തിനെ പറയുന്നു. ഭാരതമൊട്ടാകെയുള്ള വൈഷ്ണവ ഭക്തിമാര്‍ഗത്തിന്റെ പ്രമുഖ ഗ്രന്ഥമാണ് ഭാഗവതം. പക്ഷേ അദ്വൈത ചിന്തകരും ഭാഗവതത്തിനെ അദ്വൈതശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പൊതുവേ ഭൗതിക ജീവിതത്തില്‍ നിന്നുള്ള വിരക്തിക്ക് ഭാഗവതത്തില്‍ പ്രാമുഖ്യം കൊടുത്തു കാണപ്പെടുന്നു. സംന്യാസ അവധൂത മാര്‍ഗങ്ങളെപ്പറ്റിയും ഭാഗവതത്തില്‍ പറയുന്നുണ്ട്.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം പല മഹാക്ഷേത്രങ്ങളിലും നടത്താറുണ്ട്. ഭാഗവത ഹംസം ശ്രീമാന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി നടത്തുന്ന സപ്താഹങ്ങള്‍ പ്രസിദ്ധമാണ്.
തുഞ്ചത്ത് എഴുത്തച്ഛന്‍ ശ്രീമദ് ഭാഗവതത്തിനെ അധികരിച്ച് എഴുതിയ ഭാഗവതം കിളിപ്പാട്ട് വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യുന്ന പതിവും ഹൈന്ദവരുടെ ഇടയിലുണ്ട്.