(ചരിത്രം)
ചന്ദ്രന്‍ മുട്ടത്ത്
പാപ്പിയോണ്‍ 2003
ഇന്ത്യന്‍ സ്വാതന്ത്യസമരത്തിലെ ഒറ്റയാള്‍ പോരാളിയായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ മരണകാരണം അരനൂറ്റാണ്ട് കഴിഞ്ഞിട്ടും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. കെട്ടുകഥകളിലും ഊഹാപോഹങ്ങളിലും വഴിതടഞ്ഞുനില്‍ക്കുന്ന ചരിത്ര കാരന്‍മാരെയാണ് എങ്ങും കാണാന്‍ കഴിയുന്നത്. ചരിത്രഗ്രന്ഥങ്ങളുടെയും നേതാജിയുടെ അനുയായികളുടെ നേര്‍വാക്കുകളിലൂടെയും ആ മരണത്തിന്റെ രഹസ്യങ്ങള്‍ അന്വേഷിക്കുകയാണ് ചന്ദ്രന്‍ മുട്ടത്ത്.
അവതാരിക
മരണത്തിന്റെ കറുപ്പും വെളുപ്പും
ഡോ.എം.ജി.എസ്. നാരായണന്‍
അരമനരഹസ്യം അങ്ങാടിയില്‍ പരസ്യമെന്ന് പഴഞ്ചൊല്ലുണ്ടെങ്കിലും ആ രഹസ്യവാര്‍ത്ത സത്യസന്ധമാണോ എന്ന സംശയം എന്നും നിലനില്‍ക്കാറുണ്ട്. ഭാരതത്തിലെ യുവചൈതന്യത്തിന്റെ സത്യപ്രതീകമായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ കാര്യത്തിലും ഇതുസംഭവിച്ചു. അദ്ദേഹം ടോക്യോവിലേക്ക് പറന്ന സൈനിക വിമാനം തകര്‍ന്ന് മരിച്ചുപോയെന്ന ജാപ്പനീസ് നേതാക്കളുടെ പ്രഖ്യാപനം അവിശ്വാസത്തോടെയാണ് ഭാരതം ആദ്യംമുതല്‍ക്കേ സ്വീകരിച്ചത്.
യുദ്ധകാല പ്രഖ്യാപനങ്ങള്‍ എന്നും സംശയാസ്പദമാണ്. പ്രത്യേകിച്ചും, അക്കാലത്തെ വഞ്ചകരായ ജാപ്പനീസ് സാമ്രാജ്യത്വ നേതാക്കളുടെ പ്രസ്താവനകള്‍ അത്തരത്തിലായിരുന്നു. യുദ്ധംകഴിഞ്ഞ് അരനൂറ്റാണ്ട് പോയിട്ടും ആ രഹസ്യത്തിന്റെ മറനീങ്ങിയിട്ടില്ല. സ്വാതന്ത്യം ലഭിച്ചശേഷം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഉണ്ടായ ഇന്ത്യന്‍ ഭരണകൂടം ഈ കുരുക്കഴിക്കുന്നതില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്ന ഒരാക്ഷേപം പലര്‍ക്കുമുണ്ടായിരുന്നു.
എന്തൊക്കെ പറഞ്ഞാലും നെഹ്‌റുവും ബോസും ഇന്ത്യന്‍ യുവജന ഹൃദയങ്ങള്‍ക്കുവേണ്ടി മല്‍സരിച്ചവരാണ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പേരില്‍ കേസ് വാദിക്കാന്‍വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റു പല വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പഴയ കറുത്ത കോട്ടെടുത്തണിഞ്ഞുവെങ്കിലും ആ നാടകം ബോസിന്റെ അതുല്യപരിവേഷത്തില്‍ പങ്കുപറ്റാനുള്ള ഒരഭിനയമായിട്ടാണ് പലര്‍ക്കും തോന്നിയത്.
മറ്റു നേതാക്കളെല്ലാം സൗകര്യമുള്ള സുരക്ഷിതമേഖലയില്‍ സമ്പന്നമായ കാരാഗൃഹ ജീവിതത്തിലൂടെ ത്യാഗികളുടെ ബാഡ്ജിന് അര്‍ഹരായപ്പോള്‍ ജീവന്‍ പണയംവച്ച് ബദ്ധശത്രുക്കളുമായി സഖ്യം ചെയ്ത് അക്ഷരാര്‍ഥത്തില്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടുകയാണ് സുഭാഷ് ചന്ദ്രബോസ് ചെയ്തത്. നൂറുകണക്കിന് സാധാരണക്കാരായ ചെറുകിട ഉദ്യോഗസ്ഥരെയും വ്യാപാരികളെയും ഒരു മായാജാലം കൊണ്ടെന്ന പോലെ ധീരയോദ്ധാക്കളായി മാറ്റിയെടുക്കുവാന്‍ ബോസിന്റെ സാഹസികനേതൃത്വത്തിന് സാധ്യമായി. അദ്ദേഹത്തിന്റെ ജയില്‍ചാട്ടം റഷ്യ-ജര്‍മ്മനി ജപ്പാന്‍ സന്ദര്‍ശനങ്ങള്‍, സര്‍ക്കാര്‍ രൂപീകരണം, സൈനിക ശേഖരണം, ചലോ ദല്‍ഹി മാര്‍ച്ചുകള്‍ എല്ലാം അത്യന്തം ആവേശജനകമായിരുന്നു.
സ്വാതന്ത്ര്യസമരത്തില്‍ അങ്ങനെയൊരു അധ്യായം എഴുതിച്ചേര്‍ത്തത് ബുദ്ധിപൂര്‍വമാണെന്ന പ്രശ്‌നവും, ഫാസിസ്റ്റുകളുമായി സഹകരിച്ചത് ധാര്‍മികമാണോ എന്ന വലിയ പ്രശ്നവും എല്ലാം ബാക്കിനില്‍ക്കേ തന്നെ ഭാരതീയ ജനത ഇതെല്ലാം നീക്കിവച്ചുകൊണ്ട് ഒറ്റക്കെട്ടായി സുഭാഷിനെ ആരാധനാപൂര്‍വം അഭിനന്ദിച്ചുപോന്നു. ബ്രീട്ടിഷ് സാമ്രാജ്യത്തോടുള്ള വിരോധവും സ്വാതന്ത്ര്യമോഹവും അത്ര ശക്തമായി വളര്‍ന്നിരുന്നു.
ഗാന്ധിജി പോലും ഖലിഫമാരുടെ ജീര്‍ണസാമ്രാജ്യം പുനര്‍സൃഷ്ടിക്കണമെന്ന പുരോഹിതന്‍മാരുടെ പിന്തിരിപ്പന്‍ വാദത്തെ ഒരിക്കല്‍ പിന്താങ്ങിയതല്ലേ? ഫാസിസ്റ്റുകളെക്കാള്‍ ഫാസിസ്റ്റുകളായ കമ്മ്യൂണിസ്റ്റുകളെ പൊറുപ്പിക്കുവാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായിരുന്നില്ലേ? സ്വാതന്ത്ര്യസമരം എന്നും ഒരു സാഹസികമായ എടുത്തുചാട്ടമായിട്ടല്ലേ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്? ഇത്തരം ചോദ്യങ്ങള്‍ ബുദ്ധിജീവികള്‍ ഉറക്കെ ചോദിച്ചില്ലെങ്കിലും സാക്ഷരത കുറഞ്ഞ സാമാന്യജനതയുടെ ഉപബോധമനസ്സില്‍ സ്ഥാനംപിടിച്ചിരിക്കണം. എന്തായാലും, യുക്തിയല്ല വികാരമാണ് യുവജനഹൃദയം ഭരിക്കുന്നതെന്ന സനാതന സത്യം ഓര്‍മിച്ചേ മതിയാവൂ.
ജനങ്ങളെല്ലാവരും, ജനവഞ്ചകരായ കമ്മ്യൂണിസ്റ്റുകളുടെ ചെറുസംഘങ്ങളൊഴികെ, ബോസിനെയും സൈന്യത്തെയും നെഞ്ചില്‍ കയറ്റി ലാളിച്ചു. ആ വീരസാഹസിക ജൈത്രയാത്രയുടെ മൂര്‍ദ്ധന്യത്തിലെത്തിയ ധന്യമുഹൂര്‍ത്തത്തില്‍ ബോസിന്റെ മരണവാര്‍ത്ത ഒരസംബന്ധമായ കഥയായി മാത്രമേ ഭാരതീയര്‍ക്ക് അനുഭവപ്പെടുകയുള്ളൂ. അത് സ്വാഭാവികമാണ്.
ഇന്നും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക തെളിവുകള്‍ സംശയാതീതമായി സ്ഥാപിക്കപ്പെട്ടുവെന്ന് പറഞ്ഞുകൂടാ. ഇരുഭാഗത്തും ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ജപ്പാന്‍ റിപ്പോര്‍ട്ടുകളില്‍ പരസ്പരവൈരുദ്ധ്യം കാണുന്നതെന്തുകൊണ്ട്? മരിച്ചെങ്കില്‍ മൃതശരീരത്തിന്റെ ഒരുപടം പോലും എടുക്കാതെ, സൈനികബഹുമതികള്‍ ഒന്നും കൊടുക്കാതെ പെട്ടെന്ന് ഒരു രാഷ്ട്രനായകന്റെ ദേഹം സംസ്‌ക്കരിക്കാന്‍ സഖ്യശക്തികള്‍ ഒരുങ്ങിയതെങ്ങനെ? പില്‍ക്കാലത്ത് ഇന്‍ഡ്യാഗവണ്‍മെന്റിന്റെ അന്വേഷണങ്ങളില്‍, പ്രസ്താവനകളില്‍, സ്വാഭാവികമായി ഭാരതീയര്‍ പ്രതീക്ഷിക്കുന്ന ശുഷ്‌ക്കാന്തി കണ്ടെത്താന്‍ കഴിയാത്തതെന്തുകൊണ്ടാണ്?
ഔദ്യോഗികവും, അനൗദ്യോഗികവുമായ കേന്ദ്രങ്ങളില്‍നിന്ന് പലപ്പോഴും സുഭാഷ് ചന്ദ്രബോസ് ഇന്‍ഡ്യയിലും, നേപ്പാളിലും, റഷ്യയിലും, ജര്‍മനിയിലും, പ്രത്യക്ഷപ്പെട്ടുവെന്ന സ്ഥിരീകരിക്കപ്പെടാത്ത കഥകള്‍ ഉയര്‍ന്നുവരാന്‍ കാരണമെന്താണ്?
മറുവശത്തും സംശയങ്ങള്‍ക്കിടയുണ്ട്. ബോസ് അപകടത്തില്‍ മരിച്ചില്ലെങ്കില്‍ അദ്ദേഹം എവിടെപ്പോയി? എന്തുകൊണ്ട് എപ്പോഴെങ്കിലും എവിടെയെങ്കിലും തിരനീക്കി പുറത്തുവന്നില്ല? ബന്ധുക്കളെപ്പോലും എഴുതിയറിയിച്ചില്ല. ഒരാത്മകഥയുടെ അംശങ്ങളെയെങ്കിലും അവശേഷിപ്പിച്ചില്ല?
ജപ്പാന്‍കാരുടെയും ജര്‍മ്മന്‍കാരുടേയും അന്നത്തെ നേതൃത്വവുമായി അദ്ദേഹത്തിനുണ്ടായിരുന്നത് ഒരവസരവാദ സഖ്യം മാത്രമായിരുന്നുവെന്നും, അവര്‍ അശ്രദ്ധകൊണ്ടോ അതിശ്രദ്ധ കൊണ്ടോ അദ്ദേഹത്തിന്റെ മരണത്തിനിടയാക്കുവാന്‍ സാധ്യതയുണ്ടെന്നും വിസ്മരിച്ചുകൂടാ. ഇന്ത്യയുടെയോ ബ്രിട്ടന്റെയോ അന്നത്തെയോ പിന്നത്തെയോ നേതൃത്വത്തിന് ആ മരണരഹസ്യം അന്വേഷിക്കുന്നതില്‍ വലിയ താത്പര്യം കാണാനും ഇടയില്ല. അനുയായികളുടെ ഉത്കണ്ഠയില്‍, സത്യാന്വേഷണ വ്യഗ്രതയില്‍, അവരാരും പങ്കുചേര്‍ന്നു കൊള്ളണമെന്നില്ല. വിജയിക്കാത്ത വിപ്ലവകാരികള്‍ ചരിത്രത്തില്‍ ചപ്പുചവറുകള്‍ക്കിടയില്‍ അപ്രത്യക്ഷമാവുന്നതാണ് സാധാരണ കണ്ടുവരാറുള്ളത്.
ഇന്നും ഇന്ത്യയിലെ ചില വലിയ ചരിത്രകാരന്‍മാര്‍ ആ രഹസ്യം അനാവരണം ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. പ്രൊഫസര്‍ വി.എന്‍. ദത്തയെപ്പേലെ ചിലരെങ്കിലും ആ വഴിക്ക് പരിശ്രമിക്കുന്നു. പക്ഷേ, ഭരണധികാരികള്‍ക്ക് അതുകൊണ്ട് നഷ്ടപ്പെടാനല്ലാതെ നേടാനൊന്നും കാണുകയില്ല. ഭരണകൂടങ്ങളുടെ ശക്തമായ പിന്തുണയില്ലാതെ ഈ കുടുക്കഴിക്കാന്‍ പറ്റുമെന്നും പറഞ്ഞുകൂടാ.
ഏതാണ്ട് കേരളത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരന്വേഷണം ഗവേഷണവിജയമായി ഘോഷിക്കുവാന്‍ സാധ്യമല്ല.
അന്വേഷണവും ഗവേഷണവും തമ്മില്‍ സാമാന്യ പദാര്‍ത്ഥത്തില്‍ വ്യത്യാസമില്ലെങ്കിലും സാങ്കേതികാര്‍ത്ഥത്തില്‍ അവ ഒന്നല്ല. ഗവേഷണത്തിന് വഴിമരുന്നിടുവാന്‍ അന്വേഷണത്തിന് കഴിഞ്ഞേക്കാമെന്നും പറഞ്ഞുകൂടാ. ഒരു വിഷയം സജീവമായി ജനഹൃദയത്തില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇത്തരം അന്വേഷണങ്ങള്‍. അവ തീയണയാതെ നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, എളുപ്പത്തില്‍ കിട്ടാവുന്ന സര്‍ക്കാരുകളുടെ സഹകരണവും പണവും പരിശീലനവും ഏറിയ തോതില്‍ ഒത്തുവന്നാലേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഏറക്കുറെ തൃപ്തികരമായ സമാധാനം കൈവരിക്കാനാവൂ. അതുവരെ ഫയല്‍ തുറന്നുവയ്ക്കാം. ഈ പ്രയത്‌നത്തിന്റെ പിന്നിലുള്ള സ്വദേശപ്രണയവും സാഹസികത്വാരാധനയും സത്യാന്വേഷണത്വരയും തിരിച്ചറിയേണ്ടതുണ്ട്; അഭിനന്ദിക്കാവുന്നതുമാണ്.
ഭീരുക്കള്‍ പലതവണ മരിക്കുമെങ്കിലും ധീരന്‍മാര്‍ ഒരിക്കലും മരിക്കുന്നില്ല. ഭൗതികാര്‍ത്ഥത്തില്‍ മരിച്ചാലും ആരാധകഹൃദയങ്ങളില്‍ അവര്‍ അനശ്വരന്‍മാരായി ജീവിക്കുന്നു. അവരുടെ മരണത്തിലൂടെ ആ വിശ്വാസം, യേശുക്രിസ്തുവിന്റെ കാര്യത്തിലായാലും വയനാട്ടിലെ വര്‍ഗീസിന്റെ കാര്യത്തിലായാലും പലതരം കഥകളായി രൂപംകൊള്ളുന്നു. സ്ത്രീയെ സംബന്ധിച്ച് ടാഗോര്‍ പാടിയത് ഇവിടെയും പ്രസക്തമാണ്:
”നീപാതി ദൈവത്തിന്റെ സൃഷ്ടിയാണ്; പാതിമനുഷ്യന്റെയും’-എന്നദ്ദേഹം പറഞ്ഞത് സത്യമാണല്ലോ? അതുപോലെ മഹാന്‍മാരുടെ ജീവിതമരണങ്ങളുടെ ഇതിഹാസങ്ങള്‍ പാതി ചരിത്രസത്യമാണ്; പകുതി ഭാവാത്മകവര്‍ണനയും. രണ്ടും വേര്‍തിരിക്കാന്‍ പ്രയാസമാകുന്നിടത്തോളം രണ്ടിനും അതതിന്റെ സ്ഥാനം അനുവദിക്കുകയല്ലാതെ നിവൃത്തിയില്ല. ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും കഥകള്‍ ഈ വകുപ്പില്‍പ്പെടുന്നു. കാലാന്തരത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുകയും വലുതാവുകയും ചെയ്‌തേക്കാം. ഒന്നു മുഴുവന്‍ സത്യവും മറ്റേത് ആകെ മിഥ്യയുമായി-കറുപ്പും വെളുപ്പുമായി- വേര്‍തിരിക്കാനാവാതെ വരുമ്പോള്‍ രണ്ടിനും നിലനില്പുണ്ട്. അതോടൊപ്പംതന്നെ ജിജ്ഞാസയും കാലത്തിലൂടെ സഞ്ചരിക്കുന്നു. ജിജ്ഞാസയും ഭൗതികസാഹചര്യങ്ങളും ഒന്നിച്ചുവരുമ്പോള്‍ ഒരവസാന തീര്‍ച്ചയല്ലെങ്കിലും അഭിപ്രായസമന്വയമുണ്ടാകാം.
ബോസിനെക്കുറിച്ചുള്ള ചിന്തയുടെ ഈ തുടര്‍ക്കഥ ഇനിയും നീണ്ടുപോകുന്നുണ്ടെങ്കില്‍ അദ്ദേഹം ആര്‍ജിച്ച നിത്യപ്രതിഷ്ഠയ്ക്ക് നിദാനമാണ്.
മലയാള വായനക്കാര്‍ ഈ ശ്രദ്ധാചാരത്തെ- ശ്രദ്ധയാകര്‍ഷിക്കല്‍ സംരംഭത്തെ- സഹര്‍ഷം സ്വാഗതം ചെയ്യും എന്ന കാര്യത്തില്‍ സംശയിക്കാനില്ല. സരളവും ചടുലവുമായ ഭാഷാശൈലിയും സത്യാന്വേഷണം ബലികഴിക്കാതെയുള്ള കൃത്യമായ കഥനശേഷിയും ഗ്രന്ഥകാരനെ ശ്രദ്ധേയനാക്കുന്നു. ഈ രഹസ്യപരിശോധനയുടെ പ്രായോഗികപ്രശ്നങ്ങളേയും പ്രതിബന്ധങ്ങളേയും സാങ്കേതികഘടകങ്ങളേയും അവതരിപ്പിക്കുന്നതിലൂടെ ഗവേഷണമേഖലയിലേക്ക് വളരാന്‍ വെമ്പുന്ന ഒരു പത്രപ്രവര്‍ത്തകനെയാണ് നാം കണ്ടുമുട്ടുന്നത്. ശ്രീ.ചന്ദ്രന്‍ മുട്ടത്തിന് എന്റെ ഭാവുകാശംസകള്‍…
മൈത്രി
മലാപ്പറമ്പ്, കോഴിക്കോട്
23-4-2003