ആള്‍ക്കൂട്ടം
(നോവല്‍)
ആനന്ദ്
ആനന്ദിന്റെ ആദ്യത്തെ നോവലാണ് ആള്‍ക്കൂട്ടം. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഗ്രന്ഥം 1970ല്‍ പ്രസിദ്ധീകരിച്ചു. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു നോവല്‍.
ആഖ്യാനത്തില്‍ നോവല്‍ പിന്തുടര്ന്നുവന്ന യാത്രയുടെ വിപരീതദിശയില്‍ സഞ്ചരിക്കാനാണ് ആനന്ദ് ശ്രമിച്ചത്. നോവലിന്റെ വ്യക്തികേന്ദ്രിതമോ കുടുംബകേന്ദ്രിതമോ ആയ ഘടനയില്‍നിന്നും വിടുതി നേടി വൈവിധ്യം നിറഞ്ഞ സമൂഹത്തെ ഒരേയൊരു ആഖ്യാനകേന്ദ്രമാക്കി. അതായത്, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ മുഖ്യമായി നില്‍ക്കുകയും അതിന്റെ സ്വാധീനത്തില്‍ കഴിയേണ്ടിവരുന്ന വ്യക്തികള്‍ കഥാപാത്രങ്ങളാവുകയും ചെയ്യുന്നു. ആള്‍ക്കൂട്ടത്തിന്റെ രചനാവേളയെക്കുറിച്ച് പറയുന്ന ഒരു സന്ദര്‍ഭത്തില്‍ ആനന്ദ് ഇക്കാര്യം വ്യക്തമാക്കുന്നു:. ‘മനുഷ്യജീവിതത്തെ ആകെ ഉള്‍ക്കൊള്ളുന്ന ഒരു ആശയം ഫിലോസഫി എന്നു പറയാന്‍ ഭയമാണ്. കുറെ നാളായി ഞാന്‍ തട്ടിയും മുട്ടിയും നോക്കിക്കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടു പോകാതിരിക്കാന്‍, അതിനെ ഈയിടെ ഒരു ലേഖനത്തിന്റെ രൂപത്തിലാക്കാന്‍ ശ്രമിച്ചു. ആള്‍ക്കൂട്ടം അതിന്റെ ഒരു വശമേ ആകുന്നുള്ളൂ.’