ആരാച്ചാര്‍
(നോവല്‍)
കെ.ആര. മീര
കെ.ആര്‍. മീര എഴുതിയ നോവലാണ് ആരാച്ചാര്‍. മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ഈ നോവല്‍ ഡി സി ബുക്‌സാണ് പുസ്തകമാക്കിയത്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുകയാണ് ഈ നോവല്‍. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ ചില തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിന്റെ സംഘര്‍ഷങ്ങളെ മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ രചനാതന്ത്രമാണ് കെ.ആര്‍. മീര സ്വീകരിച്ചിട്ടുള്ളതെന്ന് നിരൂപകനായ ടി.ടി. ശ്രീകുമാര്‍ പറയുന്നു.
അഞ്ചു തവണ ദേശീയ അവാര്‍ഡ് നേടിയ ജോഷി ജോസഫ് എന്ന ഡോക്യുമെന്ററി സംവിധായകന്റെ 'വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ്' എന്ന ഡോക്യുമെന്ററിയില്‍നിന്നാണ് ആരാച്ചാരുടെ തുടക്കം എന്നു കെ.ആര്‍. മീര പറയുന്നു.2004ല്‍ കൊല്‍ക്കത്തില്‍ ധനഞ്‌ജോയി ചാറ്റര്‍ജി എന്ന ആളെ തൂക്കിലേറ്റിയിരുന്നു. അന്ന് തൂക്കിക്കൊല നടത്തിയത് നാട്ടാമല്ലിക് എന്ന പ്രശസ്തനായ ആരാച്ചാരായിരുന്നു. തൂക്കിക്കൊലയുടെ തലേന്നുള്ള ആരാച്ചാരുടെ ജീവിതമാണ് ജോഷിയുടെ ഡോക്യുമെന്ററി. 'നാട്ടാമല്ലികിന്റെ വാക്കുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. വിദ്യാഭ്യാസംകൊണ്ടോ ജീവിതസാഹചര്യംകൊണ്ടോ ഒരിക്കലും ഒരാളെ വിലയിരുത്തരുതെന്നതിന്റെ ജീവിച്ചിരുന്ന ഉദാഹരണമായിരുന്നു അദ്ദേഹം. ആ മനുഷ്യന്റെ മുഖഭാവങ്ങളും ചലനങ്ങളും ഡയലോഗുകളുമെല്ലാം അത്ഭുതകരമായിരുന്നു. 'ഡയലോഗ് ശരിയല്ലേ' എന്നാണ് സംഭാഷണത്തിനിടയില്‍ അദ്ദേഹം റിപ്പോര്‍ട്ടറോട് ചോദിക്കുന്നത്. അതായത്, ഞാനൊരു വില്പനച്ചരക്കാണ്. നിങ്ങളെന്നെ മറിച്ചുവിറ്റ് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന കൃത്യമായ ബോധത്തോടെയാണ് ടി.വി ചാനലുകാരോടും പത്രക്കാരോടും അദ്ദേഹം സംസാരിക്കുന്നത്. അതില്‍നിന്നാണ് 'ആരാച്ചാര്‍' എന്ന നോവലിന്റെ സ്പാര്‍ക്' എന്നു കെ.ആര്‍. മീര പറയുന്നു.
ആരാച്ചാര്‍ എന്ന നോവല്‍ 'ഹാങ്ങ് വുമണ്‍' എന്ന പേരില്‍ ജെ. ദേവിക ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. പെന്‍ഗ്വിന്‍ ബുക്‌സിന്റെ രാജ്യാന്തര മുദ്രണമായ ഹാമിഷ് ഹാമിങ്ടണ്‍ ആണ് പ്രസാധകര്‍.
പുരസ്‌കാരങ്ങള്‍
ഓടക്കുഴല്‍ പുരസ്‌കാരം (2013)
വയലാര്‍ പുരസ്‌കാരം (2014)
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2013)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 2015
Leave a Reply