എഴുത്തച്ഛന്റെ കൃതി. കിളിപ്പാട്ട് സാഹിത്യത്തിലെ മാതൃകാകൃതികളിലൊന്ന്. എ.ഡി. 14-ാം ശതകത്തില്‍ ഉണ്ടായതെന്ന് കരുതുന്ന സംസ്‌കൃതത്തിലെ അദ്ധ്യാത്മരാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തന കൃതിയാണിത്. വാല്മീകിയുടെ രാമന്‍ മിക്കവാറും മനുഷ്യനാണ്. വൈഷ്ണവഭക്തന്മാരുടെ ആരാധനയ്ക്കു വേണ്ടത്ര ദിവ്യത്വം അതിനില്ല. എന്നാല്‍, അദ്ധ്യാത്മരാമായണത്തില്‍ രാമന്‍ ഈശ്വരനാണ്. ഭക്തിജ്ഞാന-സാഹിത്യ ഭംഗികള്‍ ഒത്തിണങ്ങിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ടുകളില്‍ പ്രഥമഗണനീയമാണ്.
ഉദാഹരണ പദ്യം :
1.     സകല ശുകകുല വിമല തിലകിതകളേബരേ
    സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ,
    കഥയ മമ കഥയ മമ കഥകളതി സാദരം
    കാകുല്‍സ്ഥ ലീലകള്‍ കേട്ടാല്‍ മതിവരാ.

2.     ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
    വേഗേന നഷ്ടമാമയുസ്‌സുമോര്‍ക്ക നീ
    വഹ്‌നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ
    സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം
    ചക്ഷു:ശ്രവണ ഗളസ്ഥമാം ദര്‍ദുരം
    ഭക്ഷണത്തിന്നപേക്ഷിക്കുന്നപോലെ
    കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.