(ശാസ്ത്രം)
വൈശാഖന്‍
ഡി.സി ബുക്‌സ് 2023
നമ്മളും നമുക്ക് ചുറ്റുമുള്ളവയും എന്തുകൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ‘അഹം ദ്രവ്യാസ്മി’. സൂക്ഷ്മലോകത്തിലെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാന തത്വങ്ങളെ ലളിതമായി വിവരിക്കാനുള്ള ഒരു ശ്രമം കൂടിയാണത്. പല വസ്തുക്കള്‍ പലതരം ദ്രവ്യങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നാമെങ്കിലും, എല്ലാറ്റിലും ആത്യന്തികമായി ചില പൊതുവായ ചേരുവകളാണുള്ളത് എന്ന് ശാസ്ത്രം പറയുന്നു. സൂക്ഷ്മതലത്തിലേക്ക് പോകുന്തോറും രാസതന്‍മാത്രകള്‍, ആറ്റങ്ങള്‍, സബറ്റോമിക കണങ്ങള്‍, എന്നിങ്ങനെ ഒടുവില്‍ ഒരുകൂട്ടം മൗലികകണങ്ങളിലാണ് ഇന്നത്തെ അന്വേഷണം ചെന്നുനില്‍ക്കുന്നത്. സൂഷ്മകണങ്ങളുമായി ബന്ധപ്പെട്ട പല വസ്തുതകളും പ്രതിഭാസങ്ങളും സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. അവയെ സങ്കീര്‍ണ ഗണിതത്തിന്റെ അകമ്പടിയില്ലാതെ തീര്‍ത്തും ലളിതമായിത്തന്നെ മനസ്സിലാക്കാന്‍ ഒരു സാധാരണ വ്യക്തിയെ സഹായിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.