(നോവല്‍)
ഫ്രാന്‍സ് കാഫ്ക

    പ്രഖ്യാത  ജര്‍മ്മന്‍ സാഹിത്യകാരന്‍ ഫ്രാന്‍സ് കാഫ്ക എഴുതിയ നോവലാണ് അമേരിക്ക, 1911-12 കാലത്ത് കാഫ്ക എഴുതിത്തുടങ്ങിയിരിക്കാവുന്ന ഈ കൃതി കാഫ്കയുടെ മൂന്നു നോവലുകളിലെ ആദ്യത്തേതാണെങ്കിലും ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. 'കാണാതെ പോയ മനുഷ്യന്‍'(The man who disappeared) എന്നായിരുന്നു കാഫ്ക ഇതിനു നല്‍കിയ പേര്. അമേരിക്ക എന്ന പേര് പ്രസിദ്ധീകരണത്തിനു മുന്‍പ് കാഫ്കയുടെ സുഹൃത്ത് മാക്‌സ് ബ്രോഡ് കൊടുത്തതാണ്. വീട്ടിലെ വേലക്കാരിപ്പെണ്ണിന്റെ വശീകരണത്തില്‍ വന്ന് അവളെ ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്ന്, മാതാപിതാക്കള്‍ അമേരിക്കയിലേക്കു കപ്പല്‍ കയറ്റി വിടുന്ന കാള്‍ റോസ്മാന്‍ എന്ന 16-17 വയസ്സുകാരന്‍ കുട്ടിയുടെ കഥയാണിത്. ന്യൂയോര്‍ക്ക് തുറമുഖത്ത് കപ്പലിറങ്ങുന്ന അവന്‍ സ്വാതന്ത്ര്യത്തിന്റെ പ്രതിമയില്‍ കാണുന്നത് വിളക്കല്ല, അപ്പോള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചതായി തോന്നിച്ച വാളാണ്. അമേരിക്കയില്‍ ഒന്നിനു പിറകേ മറ്റൊന്നായി അവനു കിട്ടിയ രക്ഷിതാക്കളില്‍ നിന്നെല്ലാം അവനുണ്ടായത് മോശം അനുഭവങ്ങളായിരുന്നു. അവസാന അദ്ധ്യായം ഓക്ലഹാമായിലെ സ്വപ്നനാടകവേദിയില്‍ അവനു പ്രവേശനം കിട്ടുന്നതു വിവരിക്കുന്നെങ്കിലും കാള്‍ റോസ്മാനെ കാത്തിരിക്കുന്നതു നല്ല അന്ത്യമല്ലെന്ന സൂചന പൂര്‍ത്തീകരിക്കാതെ നിര്‍ത്തിയ ഈ രചനയില്‍ കാഫ്ക നല്‍കുന്നു.