ചന്ദ്രോത്സവം
സുപ്രസിദ്ധമായ മണിപ്രവാളകൃതിയാണ് ചന്ദ്രോത്സവം. അഞ്ചുഭാഗങ്ങളിലായി 569 ശേ്ളാകങ്ങളുണ്ട്. 1500-ാമാണ്ടിനടുത്താകണം കാലം. തൃശ്ശൂരിനടുത്ത് ചിറ്റിലപ്പള്ളിക്കുസമീപം ജീവിച്ചിരുന്ന ഒരു നമ്പൂതിരിയാണ് കവി എന്നു മാത്രമേ അറിയാന്‍ കഴിഞ്ഞിട്ടുളളൂ.
ഒരു കിന്നരിയും ഭര്‍ത്താവായ ഗന്ധര്‍വ്വനും മലയഗിരിയില്നിന്നും വീശുന്ന മന്ദമാരുതനേറ്റ് മരതകപര്വ്വതത്തിലെ ഒരു കുസുമതല്പത്തില് പ്രണയപരവശരായി ക്രീഡിച്ചിരിക്കെ ഒരു പരിമളം അനുഭവപ്പെട്ടെന്നും, അത് ഏതോ അപൂര്വ്വകുസുമത്തിന്റെ മണമാണെന്നു സംശയിച്ച കിന്നരി പാഞ്ചാലിക്കു സൗഗന്ധികമെന്നപോലെ തനിക്ക് അതു പറിച്ചുകൊണ്ടുവരണമെന്ന് ഗന്ധര്‍വ്വനോട് ആവശ്യപ്പെട്ടെന്നു, 'ചന്ദ്രോത്സവ'ത്തിന്റെ ആമുഖത്തില്‍ പറയുന്നു. അപ്രകാരം ചെയ്യാമെന്ന് ആണയിട്ട് ഇറങ്ങിപ്പുറപ്പെടുന്ന ഗന്ധര്വ്വന് ആകാശദേശങ്ങളിലൂടെ സഞ്ചരിച്ച് ചിറ്റിലപ്പള്ളിക്കു മുകളിലെത്തിയപ്പോള്‍ അവിടെ ചന്ദ്രോത്സവം നടത്താനുണ്ടാക്കിയ വലിയ മണിസൗധത്തില്‍ പൂജയ്ക്ക് കത്തിച്ചിരുന്ന സുഗന്ധത്തിരി കണ്ടു. അതില്‍നിന്നും പരന്ന മണമാണെന്നു മനസ്സിലാക്കി. ഉത്സവം നടത്തുന്ന മേദിനീവെണ്ണിലാവ് എന്ന സുപ്രസിദ്ധ ദേവദാസിയുടെ ചരിത്രം നാട്ടുകാരില്‍നിന്ന് മനസ്സിലാക്കി, ആറുദിവസവും ഉത്സവം കണ്ട് രസിച്ച് മടങ്ങി തന്റെ ഭാര്യയുടെ അടുക്കല്‍ചെന്ന് കണ്ട കാഴ്ചകളും കേട്ട കഥകളും ധരിപ്പിക്കുന്നു.
നായികയെ സംബന്ധിച്ച കഥ ഇതാണ്ഃ ശചി സ്വര്‍ഗ്ഗത്ത് ചന്ദ്രോത്സവം നടത്തിയപ്പോള്‍ പങ്കെടുത്ത ചന്ദ്രന് മേനകയില്‍ അനുരക്തനായി പിറ്റേന്ന് പാരിജാതത്തണലില്‍ കൂടാമെന്ന് കടക്കണ്ണുകാട്ടി. അത് ചന്ദ്രന്റെ മടിയിലിരുന്ന ചന്ദ്രിക മനസ്സിലാക്കി മേനകയുടെ രൂപത്തില്‍ പിറ്റേദിവസം പാരിജാതത്തണലിലെത്തി ചന്ദ്രനുമായി രമിച്ചു. മുന്‍നിശ്ചയപ്രകാരം വന്നുചേര്‍ന്ന മേനക ഇതു കണ്ടമ്പരന്നു. ഇളിഭ്യനായ ചന്ദ്രന്, ഭൂമിയില്‍ചെന്ന് വാരാംഗനയായി ജീവിക്കട്ടെ എന്ന് ഭാര്യ ചന്ദ്രികയെ ശപിച്ചു. ഭൂമിയില്‍ ചന്ദ്രോത്സവം നടത്തിയാല്‍ ശാപമോക്ഷമുണ്ടാകുമെന്ന് പറഞ്ഞു.
അനുസ്യൂതമായ വര്ണ്ണനാപ്രവാഹമാണ് ഈ കൃതിയുടെ പ്രത്യേകത. ഒന്നാംഭാഗത്തില്‍ നായികോല്പത്തി കഴിഞ്ഞാല്‍ രണ്ടാംഭാഗത്തില്‍ ഗര്‍ഭധാരണം, ജനനം, ചോറൂണ്, ബാലലീലകള്‍, യൗവനോദയം, പെണ്‍കെട്ട്, സ്വാതന്ത്രവും സ്വച്ഛന്ദവുമായി അനേകം കാമുകരെ സ്വീകരിക്കല്‍, ചന്ദ്രോത്സവം നടത്തണമെന്ന വിവരം എന്നിവ വിവരിക്കുന്നു. മൂന്നാംഭാഗത്തില്‍ ചന്ദ്രോത്സവം നടത്തുന്ന മണിമണ്ഡപവും ചന്ദ്രോത്സവത്തിന്റെ ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കുന്നതും വര്‍ണ്ണിക്കുന്നു. കേരളത്തില്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വേശ്യാവൃത്തി പുനരുജ്ജീവിപ്പിക്കേണ്ടതെങ്ങനെ എന്ന് ചന്ദ്രോത്സവത്തിലെ സമ്മേളനങ്ങളും പ്രസംഗങ്ങളും ചര്‍ച്ചചെയ്യുന്നു. രാജാവിന് മന്ത്രി എന്നപോലെ ഗണികക്ക് കവീന്ദ്രന്മാര് അനുപേക്ഷണീയമാണെന്നു പറഞ്ഞുവയ്ക്കുന്നു.
നാലാംഭാഗത്തില്‍ ചന്ദ്രോത്സവത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ആരാണെന്ന് വിവരിക്കുന്നു. രക്ഷാധികാരി കണ്ടന്‍കോത രാജാവ്. പതിനെട്ടുസംഘം ശ്രാവകബ്രാഹ്മണര്, കണ്ടിയൂരിലും മതിലകത്തുളള പ്രമുഖ വേശ്യകള്‍. ഇതിനെല്ലാംപുറമേ പാടിപ്പുകഴ്ത്തുന്ന കവികളുടെ അകമ്പടിയോടെ വരുന്ന വാരാംഗനാശിഖാമണികളായ മാരചേമന്തിക, മാരലേഖ, മാനവീമേനക, പല്ലക്ക് ഉപയോഗിക്കാന്‍ അവകാശമില്ലാത്തതിനാല്‍ യുവാക്കളുടെ തോളിലേറി വരുന്ന ചെറുവേശ്യകള്… ഇതാണ് വരുന്നവരുടെ കാഴ്ചകള്‍.
പ്രൊഫ.എന്‍.കൃഷ്ണപിളളയെ ഉദ്ധരിക്കാംഃ 'വന്നവര്‍ വന്നവര്‍ ആ വിശാലഹര്മ്മ്യത്തിലെ നിരവധി മണിയറകളില്‍ പ്രാണനാഥന്മാരുമായിക്കൂടി. പൂജാവസാനത്തില്‍ കവികളെല്ലാം സ്വന്തം കൃതികളുമായിച്ചെന്ന് പെണ്ണുങ്ങളെ വാഴ്ത്തി. പാഠകന്മാര് അവരുടെ ശേ്ളാകങ്ങളുമായെത്തി സ്ത്രീകീര്ത്തനങ്ങള് നടത്തി. അന്നവിടെ വരാത്ത ബ്രാഹ്മണോത്തമന്മാരില്ല, യുവരാജാക്കന്മാരില്ല. മണിപ്രവാളകവികളില്ല. എല്ലാവരും ഒത്തുചേര്‍ന്ന് ആറുദിവസം മേളമായങ്ങനെ കഴിഞ്ഞു. അവിടെനടന്നത് യഥാര്‍ത്ഥത്തില്‍ ചന്ദ്രോത്സവമോ മദനോത്സവമോ?'
Leave a Reply