ചുണ്ടെലി (നോവല്‍)
വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം കെ മേനോന് എഴുതിയ നോവലാണ് ചുണ്ടെലി. മലേഷ്യയില്‍ താമസിക്കുന്ന ശശി എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. സ്വന്തം കൂട്ടുകാരനെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കൊന്ന ശശി അതിനു ശേഷം നേരിടുന്ന കുറ്റബോധവും,സ്വയംവിലയിരുത്തകളും ആണ് ഈ നോവലിന്റെ പ്രമേയം. കേന്ദ്ര കഥാപാത്രമായ ശശിയുടെ കാഴ്ചപ്പാടിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. മനുഷ്യന്റെ ചിന്താഗതിയും പിന്നെ തന്റെ കുടുംബത്തെയും കൂട്ടുകാരെയും പറ്റിയുമുള്ള ചിന്തകള്‍ കഥയില്‍ നിറഞ്ഞു നില്ക്കുന്നു. കൗമാരക്കാരനായ ശശി മെഡിസിന് പഠിക്കാനായി നാട്ടില്‍ പോകുവാനൊരുങ്ങുന്നു. സാഹിത്യം പഠിക്കാന്‍ താല്പര്യമുള്ള ശശിക്ക്, വീടുക്കാരുടെയും, സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണു മെഡിസിന് പോവുന്നത്.
മലേഷ്യയില്‍ ജീവിച്ചിരുന്ന ശശിയുടെ ഉത്തമ സുഹൃത്ത് ആയിരുന്നു സുനില്‍. എന്നാല്‍ ഇരുവരുടേയും സ്വഭാവത്തില്‍ ഒരുപാടു അന്തരമുണ്ടായിരുന്നു. ഒതുങ്ങിയിരിക്കുന്ന സ്വഭാവമായിരുന്നു ശശിയുടേത്. എന്നാല്‍ സുനിലാകട്ടെ ജീവിതം ഒരു വിനോദമായി കാണുന്ന ആളായിരുന്നു. ഇവരുടെ കൂട്ടത്തില്‍ പെട്ട മൂന്നാമത്തെ ആളായിരുന്നു പ്രീത. ശശിക്ക് പ്രീതയെ ഇഷ്ടമായിരുന്നുവെങ്കിലും അത് പുറത്ത് പറയാതെ മനസ്സില്‍ കൊണ്ട് നടന്നു. എന്നാല്‍, പ്രീത സുനിലിനെ സ്നേഹിക്കുന്നുയെന്നും, സുനില്‍ അവളെ ചതിക്കുകയാണെന്നും തോന്നിയപ്പോള്‍ ശശിക്ക് സുനിലിനോട് അതീവ അമര്‍ഷം തോന്നി. അസൂയ തലയ്ക്ക് പിടിച്ച ശശി, സുനിലിനെ വെറുക്കുന്നു. ഒരു ദിവസം ഒരു പൈലടി യന്ത്രത്തിന് മുകളില്‍ കയറാന്‍ സുനില്‍ ശശിയെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ ഇടയ്ക്കു വച്ച് ശശി വീഴുന്നത് പോലെ നാട്യം കാണിച്ചത് കണ്ട് പേടിച്ചു കയറി ചെന്ന സുനിലിനെ ശശി താഴേക്ക് വീഴ്ത്തി. എന്നാല്‍ ഇത് ഒരു അപകടമായി എല്ലാവരും കരുതിയത് കൊണ്ട്, ശശി നിയമത്തില്‍ നിന്നും രക്ഷപെടുന്നു.എന്നാല്‍ അതിനു ശേഷം ചിന്തകള്‍ അവനെ അലട്ടുന്നു.എന്നാല്‍ പോകുന്നതിനു മുമ്പ് പ്രീത, താന്‍ ശശിയെ സ്നേഹിച്ചിരുന്നുയെന്നും, ഇടയ്ക്കു വെച്ച് സുനിലിനോട് അടുത്തുവെങ്കിലും,സുനില്‍ തന്നെ തടയുകയും ശശിയോട് അടുക്കുവാന്‍ ഉപദേശിക്കുകയും ചെയ്തുവെന്നും കേട്ടപ്പോള്‍ ശശിയുടെ മനസ് ആകെ മാറുന്നു. താന്‍ വീണ്ടും ഒരു ചുണ്ടെലി ആയി എന്ന ബോധത്തോടെ ശശി നാട്ടില്‍ പോവാന്‍ ഒരുങ്ങുന്നു.
Leave a Reply