ദൈവദശകം (പ്രാര്‍ത്ഥനാഗീതം)
ശ്രീനാരായണഗുരു രചിച്ച പ്രാര്‍ത്ഥനാഗീതമാണ് ദൈവദശകം. അദ്വൈതദര്‍ശനം അടിസ്ഥാനമാക്കിയുള്ള പത്തു ശ്ലോകങ്ങളാണ് ഇതില്‍. ആലുവാ അദ്വൈതാശ്രമത്തിലെ സംസ്കൃതപാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലാന്‍ വേണ്ടി 1914ലാണ് ഗുരു ഇത് രചിച്ചത്. സമൂഹപ്രാര്‍ത്ഥനയ്ക്കായി കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നാണ് ദൈവദശകം. തന്റെ ഷഷ്ടിപൂര്‍ത്തിയോടടുത്ത ഘട്ടത്തില്‍ അതുവരെ സാക്ഷാത്കരിച്ചിട്ടുള്ള ദര്‍ശനങ്ങളെ കോര്‍ത്തിണക്കി താരതമ്യേനെ ലഘുവായ ഭാഷയിലാണ് ഗുരു ഇത് രചിച്ചിട്ടുള്ളത്. ലളിതമായ ഭാഷയാണെങ്കിലും അര്‍ത്ഥഗര്‍ഭമാണ്. പരമാത്മാവാകുന്ന തോണിയും ആ തോണിയിലെ നാവികനുമായ ദൈവത്തോട,് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടുകളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള അപേക്ഷയോടു കൂടി തുടങ്ങുന്നു. പ്രാര്‍ത്ഥനാഗീതം അവസാനിക്കുന്നത് സര്‍വര്‍ക്കും സൗഖ്യം നല്‍കണമെന്ന വരികളോടെയാണ്. ഗുരുവിന്റെ മിക്ക കൃതികളെയും പോലെ ദൈവദശകത്തിനും നിരവധി വ്യാഖ്യാനങ്ങളുണ്ട്. നിത്യചൈതന്യയതി, ജി.ബാലകൃഷ്ണന് നായര്‍, എം.എച്ച്. ശാസ്ത്രി, എം.ദാമോദരന്‍ തുടങ്ങിയ പ്രഗല്ഭമതികള് ദൈവദശകവ്യാഖ്യാതാക്കളുടെ കൂട്ടത്തില്‍ പെടുന്നു.
ആ ശ്ലോകങ്ങള്‍:
'ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന് നീ, ഭവാബ്ധിക്കൊ
രാവിവന്‍തോണി നിന്‍പദം'
(അല്ലയോ ദൈവമേ, സംസാരസാഗരത്തില്‍ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ നീ കൈവെടിയരുതേ. അദൃശ്യനായ നീ മാത്രമാണ് ഞങ്ങള്‍ക്കു തുണയായ നായകന്. നിന്റെ പാദത്തെ ഞങ്ങള്‍ ശരണം പ്രാപിക്കുന്നു. അതു മാത്രമാണ് ഞങ്ങളെ ജനനമരണ ദുഃഖമാകുന്ന വന്‍കടലിന്റെ മറുകരയില്‍ എത്തിക്കുന്ന ആവിക്കപ്പല്‍).
'ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം'
(ദൃശ്യപ്രപഞ്ചത്തെ ഒന്നൊന്നായി പരിശോധിച്ചു ചെന്നാല്‍ ഇന്ദ്രിയ സന്നികര്‍ഷതകൊണ്ട് അറിയുന്ന വസ്തുക്കള്‍ കേവലം പ്രതീതികള്‍ മാത്രമാണെന്നു മനസ്സിലാവുകയും, ദൃക്ക് സ്വസ്വരൂപത്തില്‍ തന്നെ പ്രതിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു. അതുപോലെ ദൈവത്തെ അന്വേഷിക്കുന്ന അന്തരംഗത്തിനു അതിന്റെ തന്നെ അധിഷ്ഠാനമായി സ്ഥിതി ചെയ്യുന്നതാണ് ദൈവമെന്നറിയുമ്പോള് അദ്വൈതദര്‍ശനം ലഭിക്കുന്നു. അപ്രകാരമുള്ള അനുഭൂതി ഉണ്ടാകുന്നതിനു ദൈവാനുഗ്രഹം ഉണ്ടാകട്ടെ.)
'അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്.'
('ആഹാരം വസ്ത്രം മുതലായവ മുടങ്ങാതെ തന്ന് ഞങ്ങളെ അവിടുന്ന് രക്ഷിക്കുന്നു. അങ്ങനെ ഞങ്ങളെ ധന്യരാക്കിതീര്ക്കുന്ന അങ്ങൊരാള്‍ തന്നെയാണ് ഞങ്ങളുടെ രക്ഷിതാവായ പ്രഭു.)
'ആഴിയും തിരയും കാറ്റു
മാഴവുംപോലെ ഞങ്ങളും
മായയും നിന് മഹിമയും
നീയുമെന്നുള്ളിലാകണം.'
(കടലിലെ തിരയും കാറ്റും ആഴവും പോലെ സമാനമാണ് ഞങ്ങളും. തിരയ്ക്കു തുല്യമായ മായയും, കാറ്റിനു തുല്യമായ ദൈവമഹിമയും, കടലിന്റെ ആഴത്തെപോലെ അപ്രമേയമായ ദൈവവും എന്നു ഞങ്ങള്‍ക്കു ബോദ്ധ്യമാകണം. അതുകൊണ്ടുണ്ടാകുന്ന അദ്വൈതബുദ്ധിയാല്‍ ഞങ്ങള്‍ അനുഗൃഹീതരാകണം.)
'നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി
ക്കുളള സാമഗ്രിയായതും.'
(സൃഷ്ടിക്കുകയെന്ന ക്രിയയും, അതു നടത്തുന്ന സൃഷ്ടികര്‍ത്താവും, ദൈവമേ അങ്ങുതന്നെയാണ്. സൃഷ്ടിക്കപ്പെട്ടു കാണുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും ദൈവം തന്നെയാണ്. സൃഷ്ടിക്ക് മുമ്പ് അതിനാവശ്യമായിരുന്ന വസ്തുവകകളും, അല്ലയോ ദൈവമേ, അങ്ങുതന്നെയാണ്.)
'നീയല്ലോ മായയും മായാ
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി
സ്സായുജ്യം നല്കുമാര്യനും.'
('അല്ലയോ ദൈവമേ, പ്രപഞ്ചസൃഷ്ടിക്ക് ഹേതുഭൂതമായ ദൈവശക്തിയും അങ്ങുതന്നെയാണ്. അങ്ങുതന്നെയാണ് ദൈവശക്തിയെ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ദ്രജാലികനും. സൃഷ്ടി സ്ഥിതിപ്രളയങ്ങളാകുന്ന ഇന്ദ്രജാല ലീലകളില്‍ രസിക്കുന്നയാളും അവിടുന്നുതന്നെ. ഒടുവില്‍ മായാമോഹങ്ങളൊക്കെ അകറ്റി, ശക്തിയെ ഒഴിച്ചുമാറ്റി മോക്ഷം നേടിത്തരുന്നതും അങ്ങ് തന്നെ.)
'നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.'
('ദൈവമേ, നീ സത്യമാണ്. ജ്ഞാനമാണ് ആനന്ദമാണ്. വര്‍ത്തമാന കാലവും ഭൂതകാലവും ഭാവികാലവും നീ തന്നെയാണ്. ലോകാനുഭവങ്ങള്‍ക്കൊക്കെ ആശ്രയമായി നില്ക്കുന്ന ശബ്ദവും ആലോചിച്ചു നോക്കിയാല്‍ അവിടുന്നു തന്നെയാണ്.)
'അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക.'
('അകവും പുറവും ഇടതിങ്ങി നിറഞ്ഞു നില്‍ക്കുകയാണ് അങ്ങയുടെ തിരുരൂപം. അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു. അങ്ങ് എപ്പോഴും വിജയിച്ചരുളുമാറാകട്ടെ.)
'ജയിക്കുക മഹാദേവ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കുക.'
('ദേവന്മാരുടെയെല്ലാം ദേവനായ ദൈവമേ, അങ്ങ് വിജയിച്ചരുളണേ, ദീനന്മാരെ രക്ഷിക്കുന്ന ബോധാനന്ദസ്വരൂപ അവിടുന്ന് വിജയിക്കുമാറാകണേ.)
'ആഴമേറും നിന്മഹസ്സാ
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.'
('വളരെ ആഴമുള്ള അങ്ങയുടെ ജ്യോതിസ്സാകുന്ന കടലില്‍ ഞങ്ങള്‍ സബൂര്‍ണ്ണമായി മുങ്ങണം. എന്നും അവിടെത്തന്നെ വാഴണം. ആനന്ദം മാത്രം ശാശ്വതമായി അവശേഷിക്കണം.)
Leave a Reply