ദര്‍ശനമാല (ദാര്‍ശനിക പദ്യം)
ശ്രീനാരായണഗുരു രചിച്ച ദാര്‍ശനിക കൃതിയാണ് ദര്‍ശനമാല. സംസ്കൃത ഭാഷയില്‍ രചിച്ചിട്ടുള്ള ഈ കൃതിയില്‍ 10 ശ്ലോകങ്ങള്‍ വീതമുള്ള 10 ഭാഗങ്ങളുണ്ട്. ഗഹനമായ അദ്വൈത സിദ്ധാന്തമാണ് ഈ കൃതിയിലൂടെ ഗുരുദേവന് അവതരിപ്പിക്കുന്നത്. വിഭിന്ന മതങ്ങള്‍ വര്‍ണിച്ച്, അവയെ ഒന്നൊന്നായി നിരാകരിച്ച് സ്വമതം സ്ഥാപിക്കുന്ന പാരമ്പര്യരീതിയില്‍നിന്നു വ്യത്യസ്തമായി, വിഭിന്ന മതങ്ങളുടെ താത്ത്വിക സമന്വയത്തിലൂടെ അദ്വൈതസിദ്ധാന്തത്തെ അരക്കിട്ടുറപ്പിക്കുന്നു ദര്‍ശനമാല.
അധ്യാരോപദര്‍ശനം, അപവാദദര്‍ശനം എന്നീ ആദ്യഭാഗങ്ങളില്‍ ബ്രഹ്മമാണ് സത്യമെന്നും ജഗത്ത് മിഥ്യയാണെന്നും സമര്‍ഥിക്കുന്നു. ജഗത്തിന്റെ ഉദ്ഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:
'ആസീദഗ്രേ സദേവേദം ഭുവനം സ്വപ്നവത്പുനഃ
സസര്‍ജസര്‍വം സങ്കല്പമാത്രേണ പരമേശ്വരഃ '
(സൃഷ്ടിക്കപ്പെടുന്നതിനുമുമ്പ് ഈ ജഗത്ത് സത്ത് മാത്രമായിരുന്നു. നാമരൂപങ്ങളില്ലാതെ സത്സ്വരൂപം മാത്രമായിരുന്നു. തുടര്‍ന്ന് ഈശ്വരന് സ്വപ്നപദാര്‍ഥങ്ങളെപ്പോലെ എല്ലാറ്റിനെയും സൃഷ്ടിച്ചു. സ്വപ്നങ്ങള്‍ സങ്കല്പങ്ങള്‍ക്കെന്നപോലെ സങ്കല്പമാണ് സ്വപ്നപ്രപഞ്ചത്തിനും കാരണം. ജഗത്ത് അസത്യമാണെന്നും ജഗത്തായി ഭവിക്കുന്നതു മുഴുവനും മനോമയമാണെന്നും സ്ഥാപിക്കുന്നു.
'സങ്കല്പ കല്പിതം ദൃശ്യം സങ്കല്പോയത്ര വിദ്യതേ
ദൃശ്യം തത്രച നാന്യത്ര കുത്രചിദ്രജ്ജുസര്‍പ്പവത്'
(സങ്കല്പത്താല് കല്പിക്കപ്പെട്ടതാണ് ഈ ജഗത്ത്. എന്തുകൊണ്ടെന്നാല്‍ യാതൊരിടത്ത് രജ്ജുസര്‍പ്പംപോലെ സങ്കല്പം ഉണ്ടോ അവിടെ മാത്രമേ ദൃശ്യവും ഉള്ളൂ. കയറു കാണുമ്പോഴേ പാമ്പാണെന്നുള്ള തോന്നല്‍ ഉണ്ടാകുന്നുള്ളൂ.)
മായാദര്‍ശനത്തില്‍ മായയുടെ തത്ത്വമാണ് നിരൂപണം ചെയ്തിരിക്കുന്നത്. 'ന വിദ്യതേ യാ സാ മായാ' എന്ന ലക്ഷണം മായയുടെ സത്തയെ നിഷേധിക്കുന്നു. ഒരു കുടത്തിന്റെ ഉത്പത്തിക്കു മുമ്പുള്ള ഭാവം മണ്ണെന്നതുപോലെ ജഗത്സൃഷ്ടിക്കുമുമ്പുള്ള ഭാവം ബ്രഹ്മമാണ്; മറ്റൊന്നില്ല. ഇല്ലാത്തത് ഇല്ലാത്തതുതന്നെ ആണെന്നും, ഉള്ളതാകട്ടെ ഉണ്മതന്നെ എന്നുമുള്ള അറിവാണ് വിദ്യ. ആത്മാവ് മാത്രമേ സത്യമായിട്ടുള്ളൂ എന്നും അനാത്മാവായ ജഗത്ത് ഇല്ലാത്തതാണെന്നുമുള്ള അറിവ് വിദ്യകൊണ്ട് സിദ്ധിക്കുന്നു.
മായയുടെ മറ്റൊരു ഭേദമായ അവിദ്യ ഭ്രമമാണ്. ആത്മാവ് ഇല്ലാത്തതാണെന്ന തോന്നല്‍ അവിദ്യകൊണ്ടാണ് ഉണ്ടാകുന്നത്. തമസ്സ് അഥവാ അജ്ഞാനം മായയുടെ മൂന്നാമത്തെ ഭേദമാണ്. ആത്മാവില്‍ പ്രപഞ്ചം സങ്കല്പിക്കപ്പെടുന്നത് അജ്ഞാനത്താലാണ്.
ഭാനദര്‍ശനമാണ് അഞ്ചാമത്തേത്. പണ്ഡിതന്മാരാല് വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുള്ള ഭാഗമാണിത്. 'ഭാനം' എന്നാല്‍ പ്രതീതി (തോന്നല്‍) ആണ്. ഇത് സ്വതവേ ചാഞ്ചല്യാവസ്ഥയാണ്. ഭാനത്തിന് സാമാന്യം, വിശേഷം എന്നിങ്ങനെ രണ്ടു ഭേദങ്ങളും, സാമാന്യത്തിന് സ്ഥൂലം, സൂക്ഷ്മം, കാരണം, തുര്യം എന്ന് നാല് ഭേദങ്ങളും കല്പിച്ചിട്ടുണ്ട്. ഇവ യഥാക്രമം ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, സമാധി എന്നീ അവസ്ഥകളിലാണുണ്ടാകുന്നത്. ഞാന്‍ ബ്രഹ്മം തന്നെയാണെന്ന അറിവ് സമാധിയിലാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഈ അവസ്ഥ തുര്യം എന്ന് അറിയപ്പെടുന്നു.
തുടര്‍ന്ന് കര്‍മദര്‍ശനമാണ്. അരൂപിയും അസംഗനും സ്വപ്രകാശനുമാണ് ബ്രഹ്മമെങ്കിലും മായാബലത്താല്‍ പല രൂപത്തില്‍, പലതരം കര്‍മങ്ങളില്‍ വ്യവഹരിക്കപ്പെടുന്നു. ജ്ഞാനദര്‍ശനത്തില്‍ 'സത്യംജ്ഞാനമനന്തം ബ്രഹ്മം' എന്ന തത്ത്വദര്‍ശനം ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മജ്ഞാനംകൊണ്ടു മാത്രമേ അനശ്വരവും നിത്യനിരാമയവുമായ കൈവല്യപ്രാപ്തി ലഭ്യമാവുകയുള്ളൂ എന്നാണ് ഗുരു അരുളിച്ചെയ്തത്.
'ഓം തത് സദിതി നിര്‍ദ്ദിഷ്ടം ബ്രഹ്മാത്മൈക്യമുപാഗതം
കല്പനാദിവിഹീനം യത്തദ് പരമംജ്ഞാനമീര്യതേ '
(ഓം, തത്, സത് എന്നിങ്ങനെ മൂന്ന് തരത്തില്‍ ശ്രുതിയാല്‍ നിര്‍ദ്ദേശിക്കപ്പെട്ടതും തത്ത്വമസി മഹാവാക്യത്തിലൂടെ പ്രതിപാദിക്കപ്പെട്ടതുമായ ജീവ ബ്രഹ്മ ഐക്യരൂപത്തിലുള്ള യാതൊരു ജ്ഞാനമാണോ ഉള്ളത് അതാണ് പരമമായ ജ്ഞാനം).
ആധ്യാത്മിക ചിന്തയില്‍ ഭക്തിക്കുള്ള സ്ഥാനത്തെപ്പറ്റി വിശകലനം ചെയ്യുന്ന ഭക്തിദര്‍ശനത്തില്‍ ആത്മാഭിമുഖമായ ധ്യാനത്തെപ്പറ്റി വിശദീകരിക്കുന്നു. യോഗദര്‍ശനത്തില്‍ നാമരൂപാത്മകമായ ഈ പ്രപഞ്ചമാകെ ബ്രഹ്മം തന്നെയാണ് എന്നുള്ള ബോധം തെളിയുന്നതോടെ മനസ്സ് ബ്രഹ്മത്തില്‍ വിലയം പ്രാപിക്കുന്നതിനെയാണ് വിശേഷിപ്പിക്കുന്നത്. 'യോഗശ്ചിത്തവൃത്തിനിരോധഃ' എന്ന പാതഞ്ജലിസൂത്രം ഇവിടെ അര്‍ഥവത്താകുന്നു. മനസ്സ് വാസനാബലത്താല്‍ ഓരോന്നിന്റെ പുറകേ പോകാതെ ബലമായി നിരോധിച്ച് ആത്മാവില്‍ത്തന്നെ ഉറപ്പിക്കുകയാണ് യോഗം. യോഗസംസിദ്ധിക്കായി ഗുരുദേവന് ഖേചരീ മുദ്രയെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. ഭ്രൂമധ്യത്തില്‍ ദൃഷ്ടിയെ ഉറപ്പിച്ച് നാവിന്റെ അഗ്രം വളച്ച് ഉള്‍നാക്കിന്റെ അറ്റത്ത് മുകളിലായി ഉറപ്പിച്ച് ധ്യാനത്തില്‍ ലയിക്കുന്നതിനെയാണ് ഖേചരീമുദ്ര എന്നു വിശേഷിപ്പിക്കുന്നത്.
അവസാനത്തെ ഭാഗമായ നിര്‍വാണദര്‍ശനത്തില്‍ സംസാരദുഃഖത്തിന്റെ മറുകര കടന്നെത്തേണ്ട ആത്യന്തിക ശാന്തിയായ മോക്ഷത്തെയും അതിന്റെ ഫലമായി ലഭിക്കുന്ന സ്വരൂപാനന്ദത്തെയും പ്രതിപാദിക്കുന്നു. ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല എന്ന അദ്വൈത വേദാന്തത്തിന്റെ പരമപവിത്രമായ 'തത്ത്വമസി' മഹാവാക്യം സുലളിതമായി ആര്‍ക്കും ഗ്രഹിക്കാവുന്ന തരത്തില്‍ ഉദാഹരണസഹിതം വിശദമാക്കുന്ന ദര്‍ശനമാല വേദാന്തസാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്.
Leave a Reply