ഡെക്കാമറണ്‍ കഥകള്‍
ഇറ്റാലിയന്‍ കഥാസമാഹാരമാണ് ദെക്കാമറോണ്‍. ജൊവാനീ ബൊക്കാച്ചിയോ (1313-75) ആണ് ഇതിന്റെ കര്‍ത്താവ്. 1348 അവസാനിച്ച് അധികമാകുന്നതിനു മുമ്പാകാം ഇതിന്റെ രചനാകാലം. പത്തുദിവസം നീണ്ടു നില്‍ക്കുന്നത് എന്നാണ് ഡെക്കാമറണ്‍ എന്ന ഗ്രീക്ക് പദത്തിനര്‍ത്ഥം. പത്തുദിവസങ്ങള്‍ കൊണ്ട് പറഞ്ഞ് തീര്‍ത്ത കഥകള്‍. 1847 മുതല്‍ 1849 വരെ യൂറോപ്പിലാകമാനം പടര്‍ന്നു പിടിച്ച പ്ലേഗ്ബാധയുടെ അടിസ്ഥാനത്തില്‍ രചിച്ച കഥകളാണിവ. ഇറ്റാലിയന്‍ സാഹിത്യരംഗത്ത് ഒരു നൂറ്റാണ്ടിലെ മുഖ്യ പ്രകാശസ്രോതസ്സുകള്‍ എന്ന് ബൊക്കാച്ചിയോയും ദാന്തെയും പെട്രാര്‍ക്കും അംഗീകരിച്ചിരിക്കുന്നു. ദാന്തെ മനുഷ്യാത്മാവിന്റെ കഥയും പെട്രാര്ക് ശുദ്ധസാഹിത്യവും രചിച്ചപ്പോള്‍ ബൊക്കാച്ചിയോ പാരമ്പര്യത്തിന്റേതായ ചങ്ങലകളെ പൊട്ടിച്ച് സാധാരണക്കാരനുവേണ്ടി ജീവിതഗന്ധിയായ കഥകള്‍ പറയാനാണ് ശ്രമിച്ചത്. ആയിരത്തൊന്നു രാവുകളിലെയും ചോസറിന്റെ കാന്റര്‍ബറി റ്റെയ്ല്‍സിലെയും പോലെ കഥകളുടെ ഒരു സമാഹാരം തന്നെ ഡെക്കാമറോണ്‍ അനുവാചകന് സമ്മാനിക്കുന്നു. മൊത്തം നൂറ് കഥകളാണ് ഇതിലുള്ളത്.
ഫ്ലോറന്‍സില്‍ പൊട്ടിപ്പുറപ്പെടുന്ന ഭീകരമായ ഒരു പ്ലേഗ് ബാധയില്‍ നിന്നു രക്ഷനേടാനായി പലായനം ചെയ്യുന്ന ഏഴ് യുവതികളും മൂന്ന് യുവാക്കന്മാരുമാണ് ഡെക്കാമറോണിലെ കഥാപാത്രങ്ങള്‍. യാദൃച്ഛികമായി ഒരു പള്ളിയില്‍വച്ച് കണ്ടുമുട്ടുകയാണിവര്‍. ഫ്ലോറന്‍സിനു സമീപമുള്ള ഫീസോളിലെ സുന്ദരമായ ഒരു ഭവനത്തിലാണ് അവര്‍ അഭയം കണ്ടെത്തിയത്. മനോഹരമായ ഉദ്യാനങ്ങളും രമ്യഹര്‍മ്മ്യങ്ങളും ആ പ്രദേശത്തിന്റെ പ്രത്യേകതയാണ്. അവിടെക്കഴിയാന്‍ അവര്‍ നിര്‍ബന്ധിതരായി. പത്തുദിവസം രസകരമായി തള്ളിനീക്കുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി അവര്‍ കഥാകഥനത്തിലേക്കു തിരിഞ്ഞു. ഇവരില്‍ ഒരാളെ വീതം രാജാവോ രാജ്ഞിയോ ആയി ഒരു ദിവസത്തേക്കു തിരഞ്ഞെടുക്കും. ആ വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഒരു കഥ വീതം പത്തുപേരും പത്തുദിവസവും പറയണം. അതില്‍ നിന്ന് പത്തു ദിവസം എന്നര്‍ഥമുള്ള ശീര്‍ഷകവും ഉരുത്തിരിഞ്ഞു. ഒരാള്‍ പത്ത് കഥകള്‍ വച്ച് പത്തുപേര്‍ പത്തുദിവസങ്ങള്‍ എടുത്ത് 100 കഥകള്‍ പറഞ്ഞു തീര്‍ക്കുന്നു. ലൈംഗികതയാണ് എല്ലാ കഥകളിലും മുഴച്ചുനില്‍ക്കുന്നത്. കാമുകരുടേയും ഭാര്യാഭര്‍ത്താക്കന്മാരുടേയും അഗമ്യഗമനങ്ങള്‍, കാമാര്‍ത്തരായ പുരോഹിതന്മാരുടെ രസാവഹമായ കഥകള്‍ എന്നിവയൊക്കെയാണ് വിഷയം. അതിശക്തമായ സാമൂഹിക വിമര്‍ശനമാണ് ഈ കഥകളുടെ പ്രത്യേകത.
ഓരോ ദിവസവും അവതരിപ്പിക്കപ്പെടുന്ന കഥകള്‍ക്ക് ഒരു പൊതുഭാവവും പ്രതിപാദ്യവും ഉണ്ടായിരിക്കണം. ഒന്നാം ദിവസം നര്‍മപ്രധാനമായ രീതിയില്‍ മനുഷ്യനിലുള്ള തിന്മകള് ചര്‍ച്ച ചെയ്യപ്പെടുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ യഥാക്രമം വിധി മനുഷ്യജീവിതങ്ങളെ വെറും കളിപ്പാട്ടങ്ങള്‍പോലെ കൈകാര്യം ചെയ്യുന്നതും മനുഷ്യന്റെ ഇച്ഛാശക്തി വിധിക്കുമേല്‍ വിജയം നേടുന്നതും കാട്ടിത്തരുന്നു. നാലാം ദിവസം ദുരന്തപ്രണയകഥകള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. പ്രാരംഭത്തില്‍ തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഒടുവില്‍ പ്രണയസാഫല്യം നേടുന്ന കമിതാക്കളെ അഞ്ചാം ദിവസം അനുവാചകന് കണ്ടുമുട്ടാം. നര്‍മോക്തികള്‍, ആഹ്ലാദാരവങ്ങള്‍ എന്നിവ അടുത്ത ദിവസത്തെ കഥകളില്‍. അടുത്ത മൂന്നുദിവസങ്ങളില്‍ കൗശലപ്പണികള്‍, വഞ്ചന, അശ്ലീലം എന്നിവയ്ക്കാണ് പ്രാമുഖ്യം. പത്താം ദിവസം മുന്‍ദിവസങ്ങളിലെ പ്രതിപാദ്യങ്ങളെല്ലാംതന്നെ അവയുടെ അത്യുച്ചസ്ഥായിയില്‍ ഒരിക്കല്‍ക്കൂടി അവതരിപ്പിക്കുന്നു. ദ് പേഷ്യന്റ് ഗ്രിസെല്‍ദ എന്ന കഥയോടെ കഥകളുടെ ചക്രം പൂര്‍ണമാകുന്നു. ഓരോ ദിവസത്തെ കഥാകഥനവും അവസാനിക്കുമ്പോള്‍ ഒരു നൃത്തവും ഗാനാലാപനവും ഉണ്ടായിരിക്കും. ഈ ഗാനങ്ങളില്‍ ചിലവ ബൊക്കാച്ചിയോയുടെ കാവ്യരചനാപാടവത്തിന്റെ മകുടോദാഹരണങ്ങളാണ്.
ഡെക്കാമറോണിലെ കഥകള്‍ മിക്കവാറും എല്ലാംതന്നെ നാടോടിക്കഥാസാഹിത്യം, ഐതിഹ്യങ്ങള്‍ തുടങ്ങിയവയില്‍നിന്ന് കടംകൊണ്ടതാണ്. എന്നാല്‍ മികച്ച രചനാപാടവവും പരിഷ്കൃതമായ ഘടനയും അവയെ ഒന്നാംകിട രചനകളുടെ പട്ടികയില്‍ പ്രതിഷ്ഠിക്കുന്നു.
നവോത്ഥാനത്തിനുശേഷം എക്കാലവും യൂറോപ്പിനെ സ്വന്തം ആകര്‍ഷണവലയത്തില്‍ നിര്‍ത്താന്‍ ഡെക്കാമറോണിനു കഴിഞ്ഞു. ഇന്നും ലോകമെമ്പാടും ഇതിന് ആരാധകരുണ്ട്. ഋജുവും വ്യക്തവുമായ ശൈലിയില്‍ ബൊക്കാച്ചിയൊ ഇതിലെ കഥകള്‍ അവതരിപ്പിച്ചപ്പോള്‍, മൗലികകഥകള് അല്ലാതിരുന്നിട്ടുപോലും, അവയ്ക്ക് ഒരു നവീനഭംഗി കൈവന്നു. രചനാകാലത്തിനു തൊട്ടുപിന്നാലെയുള്ള രണ്ടു ശതകങ്ങളിലും മികച്ച ഇറ്റാലിയന്‍ ഗദ്യത്തിന്റെ മാതൃകയായി ഈ കൃതി സ്വീകരിക്കപ്പെട്ടു.
Leave a Reply