ഡിക്ഷ്ണറി ഓഫ് ഇംഗ്ലിഷ് ഫോര്‍ ദ സ്പീക്കേഴ്സ് ഓഫ് മലയാളം
(ഡിക്ഷ്ണറി)
ചീഫ് എഡിറ്റര്‍
ഡോ.എന്‍.എ.കരിം
എന്‍.ഇ.ആര്‍.സി
കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍
എം.തോമസ് മാത്യു
മലയാളത്തില്‍ പ്രസിദ്ധീകൃതമായ ദ്വിഭാഷാ നിഘണ്ടുവിലൊന്നിലും കാണാത്ത നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ നിഘണ്ടു. ദീര്‍ഘകാലത്തെ പഠനങ്ങളുടെയും, ഗവേഷണങ്ങളുടെയും ഫലമായി രൂപപ്പെടുത്തിയ ഈ സ്‌ക്രിപ്റ്റു്് ഉപയോഗിച്ച് ഒരു ലിപ്യന്തരണം (ൃേമിഹെശലേൃമശേീി) സാധിച്ചിരിക്കുകയാണിവിടെ. ഈ രണ്ടു സ്‌ക്രിപ്റ്റുകളെക്കുറിച്ചുമുള്ള വിശദീകരണക്കുറിപ്പുകള്‍ അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ഭാഷാശാസ്ത്രപഠന കുതുകികള്‍ക്കും പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.
അന്തര്‍ദേശീയ ഉച്ചാരണലിപി ഉപയോഗിച്ച് എല്ലാ പദങ്ങളുടെയും ഉച്ചാരണം നല്‍കുന്ന ആദ്യത്തെ ദ്വിഭാഷാ നിഘണ്ടുവാണിത്. സ്‌ക്രിപ്റ്റിനു സമാന്തരമായി അവശ്യം ചില ചിഹ്നങ്ങളും ഏതാനും മലയാളലിപികളുമുപയോഗിച്ച് വികസിപ്പിച്ചെടുത്ത ഒരു നൂതന മലയാളം ഫെനെറ്റിക് സ്‌ക്രിപ്റ്റില്‍ ഉച്ചാരണം കൃത്യമായി രേഖപ്പെടുത്തുന്നു.
പദങ്ങളുടെ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും അത്യന്തം സരളമായ ഭാഷയില്‍ കൊടുത്തിരിക്കുന്നു. നാനാര്‍ത്ഥങ്ങളുള്ള പദങ്ങളോരോന്നും അര്‍ത്ഥവ്യത്യാസമനുസരിച്ച് അക്കമിട്ട് പ്രത്യേകം കൊടുത്തിട്ടുണ്ട്. ഓരോ പദത്തിന്റെയും, ഫ്രെയിസിന്റെയും അര്‍ത്ഥവും പ്രയോഗവും സൂക്ഷ്മമായി അറിയുന്നതിന് അവ സൂത്രവാക്യങ്ങളിലോ വാചകങ്ങളിലോ പ്രയോഗിച്ചിട്ടുള്ളത് ഭാഷാപ്രയോഗത്തില്‍ പഠിതാക്കളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും.
മുഖ വിചാരം
എം. തോമസ് മാത്യു
ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാള ദ്വിഭാഷാ നിഘണ്ടുക്കള്‍ക്കിടയില്‍ ഒരു പുതിയ സരണി വെട്ടിത്തെളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെടുന്ന ഈ ഗ്രന്ഥം ഞങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുന്നത് അനല്പമായ ആഹ്ലാദത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ്. ഇംഗ്ലീഷദ്ധ്യാപനത്തില്‍ തല്പരരായ അദ്ധ്യാപകര്‍, ഇംഗ്ലീഷ് സുഗമമായി പഠിപ്പിക്കുവാനാണ്. വിദ്യാര്‍ത്ഥികള്‍, വിവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, ആംഗലേയ പദങ്ങളുടെ അര്‍ത്ഥം അന്വേഷിക്കുന്ന സാധാരണക്കാര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള പഠിതാക്കളെ മുന്നില്‍ക്കണ്ടു കൊണ്ടാണ് ഈ നിഘണ്ടുവിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നിരവധി അപൂര്‍വങ്ങളായ സവിശേഷതകള്‍ ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നുണ്ടുതാനും
പദങ്ങളുടെ തിരഞ്ഞെടുപ്പ്
ഇതില്‍ സ്വീകരിച്ചിട്ടുള്ള ആംഗലേയപദങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കപ്പെട്ടവയാണ്. ഇംഗ്ലീഷ് ഭാഷയുടെ പദസമ്പത്തിന്റെ പൂര്‍ണമായ പ്രയോജനം, മലയാളികളുടെ ഭാഷാപരമായ ആവശ്യങ്ങള്‍ സമര്‍ത്ഥമായി നിര്‍വഹിക്കുന്നതിനനുയോജ്യമായ തരത്തില്‍ ശാസ്ത്രീയമായി തിരഞ്ഞെടുത്ത പദങ്ങളാണിവ. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ വളര്‍ച്ചയോടുകൂടി ഇംഗ്ലീഷ് ഭാഷയില്‍ അനുക്രമം വര്‍ദ്ധിച്ചുവരുന്നതും, സാധാരണക്കാര്‍ പോലും അവശ്യം അറിഞ്ഞിരിക്കേണ്ടതുമായ നൂതന സാങ്കേതികപദങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഇംഗ്ലീഷിലെ പല പദങ്ങള്‍ക്കും വ്യത്യസ്ത ലിപിവിന്യാസങ്ങള്‍ (spelling) ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷിലും അമേരിക്കന്‍ ഇംഗ്ലീഷിലും ഈ വ്യത്യാസം വളരെ പ്രകടമായിക്കാണാം. ഇവയെ വേര്‍തിരിച്ചുകാണിച്ചിട്ടുണ്ട്. ഈ പ്രസിദ്ധീകരണത്തില്‍ ഒരേ ലിപിവിന്യാസമുള്ളതെങ്കിലും, വ്യത്യസ്ത അര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കുന്ന വാക്കുകളും പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന കാര്യം, ഇംഗ്ലീഷിന്റെ ഒരു സവിശേഷതയായ സ്വരപ്രധാന ഗണങ്ങളെ സംബന്ധിച്ചുള്ളവയാണ് (syllabification). സ്വരപ്രധാന ഗണങ്ങളായി പദങ്ങളെ വിഭജിച്ചാല്‍ മാത്രമേ ഉച്ചാരണത്തിനു ഊന്നല്‍ (accent) നല്‍കേണ്ട സ്വരഗണങ്ങളെ പ്രത്യേകചിഹ്നം മൂലം സൂചിപ്പിക്കുവാനാവൂ. അതിനു സഹായകമായ വിധത്തില്‍ പദങ്ങളെ സിലബിള്‍ തിരിച്ചാണ് ഇവിടെ അച്ചടിച്ചിട്ടുള്ളത്.
നിയമങ്ങള്‍ക്കൊന്നും വഴങ്ങാത്ത ഇംഗ്ലീഷിന്റെ ലിപിവിന്യാസ സമ്പ്രദായം (spelling) അഭ്യസിക്കുന്നതിനു സഹായകമാണ് ഇത്തരം സ്വരപ്രധാന ഗണവിഭജനം. എഴുത്തിലും അച്ചടിയിലും യുക്തമായി പദഛേദനം നടത്തേണ്ടത് എപ്രകാരമെന്നു ഗ്രഹിക്കുന്നതിനും ഇതു പ്രയോജനപ്പെടുന്നു. സര്‍വോപരി, ആംഗലഭാഷയില്‍ ഛന്ദോബദ്ധമായ കവിത ആസ്വദിക്കുന്നതിനും രചിക്കുന്നതിനും ഈ സ്വരപ്രധാന ഗണങ്ങള്‍ മനസ്സിലാക്കിയേപറ്റൂ.
ഇംഗ്ലീഷ് ഭാഷയിലെ നാമങ്ങളുടെ ഏകവചന ബഹുവചന രൂപങ്ങളുടെ അവ്യവസ്ഥിത രീതി ഇംഗ്ലീഷ് ഭാഷാവിദ്യാര്‍ത്ഥികളെ കുഴക്കുന്ന ഒന്നാണ്. ഇതുസംബന്ധിച്ച ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനുതകുമാറ് അവയുടെ വ്യത്യസ്ത രൂപങ്ങള്‍ കൊടുത്തിരിക്കുന്നു. അതുപോലെ, നാമവിശേഷണ ക്രിയാവിശേഷണ പദങ്ങളുടെ വ്യതിക്രമ താരതമ്യരൂപങ്ങളും (comparatives) ലളിതമായി മനസ്സിലാക്കുവാന്‍ പറ്റുന്നവിധം ഈ നിഘണ്ടുവിന്റെ പദാവലിയില്‍ ശാസ്ത്രീയമായി വിന്യസിച്ചിരിക്കുന്നു. ചില പദങ്ങളോട് പ്രത്യയങ്ങളോ (inflections) പദാംശങ്ങളോ (morphemes) ചേരുമ്പോഴുണ്ടാകുന്ന ലിപി വ്യത്യാസങ്ങള്‍ പ്രത്യേകം സൂചിപ്പിക്കുവാനും മറന്നിട്ടില്ല.
ഉച്ചാരണം
അക്ഷരോച്ചാരണ ഭാഷയായ മലയാളം കൈകാര്യം ചെയ്തു ശീലിച്ച മലയാളിക്ക് ഇംഗ്ലീഷുച്ചാരണം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. അതുകൊണ്ട് ഇംഗ്ലീഷ് പദങ്ങളുടെ ഉച്ചാരണം കൃത്യമായും സൂക്ഷ്മമായും രേഖപ്പെടുത്തേണ്ടത് അത്യാവശ്യമായി വരുന്നു. അന്തര്‍ദേശീയ ഉച്ചാരണലിപി (International Phonetic Alphabet) ഉപയോഗിച്ച് എല്ലാ പദങ്ങളുടെയും ഉച്ചാരണം നല്‍കുന്ന ആദ്യത്തെ ദ്വിഭാഷാ നിഘണ്ടുവാണിത്. അതുമാത്രമോ? അത്തരമൊരു സ്‌ക്രിപ്റ്റിനു സമാന്തരമായി അവശ്യം ചില ചിഹ്നങ്ങളും ഏതാനും മലയാളലിപികളുമുപയോഗിച്ച് വികസിപ്പിച്ചെടുത്ത ഒരു നൂതന മലയാളം ഫെനെറ്റിക് സ്‌ക്രിപ്റ്റില്‍ ഉച്ചാരണം കൃത്യമായി രേഖപ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്.
ദീര്‍ഘകാലത്തെ പഠനങ്ങളുടെയും, ഗവേഷണങ്ങളുടെയും ഫലമായി രൂപപ്പെടുത്തിയ ഈ സ്‌ക്രിപ്റ്റു്് ഉപയോഗിച്ച് ഒരു ലിപ്യന്തരണം (transliteration) സാധിച്ചിരിക്കുകയാണിവിടെ. ഈ രണ്ടു സ്‌ക്രിപ്റ്റുകളെക്കുറിച്ചുമുള്ള വിശദീകരണക്കുറിപ്പുകള്‍ അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ഭാഷാശാസ്ത്രപഠന കുതുകികള്‍ക്കും പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.
പദങ്ങളുടെയും
പദസമുച്ചയങ്ങളുടെയും അര്‍ത്ഥം
ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ നിലവാരം കണക്കിലെടുത്തുകൊണ്ട്, പദങ്ങളുടെ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും അത്യന്തം സരളമായ ഭാഷയില്‍ കൊടുത്തിരിക്കുന്നു. നാനാര്‍ത്ഥങ്ങളുള്ള പദങ്ങളോരോന്നും അര്‍ത്ഥവ്യത്യാസമനുസരിച്ച് അക്കമിട്ട് പ്രത്യേകം കൊടുത്തിട്ടുണ്ട്. ഓരോ പദത്തിന്റെയും, ഫ്രെയിസിന്റെയും അര്‍ത്ഥവും പ്രയോഗവും സൂക്ഷ്മമായി അറിയുന്നതിനുവേണ്ടി അവ സൂത്രവാക്യങ്ങളിലോ വാചകങ്ങളിലോ പ്രയോഗിച്ചിട്ടുള്ളത് ഭാഷാപ്രയോഗത്തില്‍ പഠിതാക്കളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും.
ആധുനിക ഇംഗ്ലീഷ് ഭാഷയുടെ മനോഹരമായ ഒരു സവിശേഷത അതിലെ phrasal verbs ആണ്. അവയുടെ മാറുന്ന അര്‍ത്ഥങ്ങള്‍ മനസ്സിലാക്കുന്നതിനും ഹൃദിസ്ഥമാക്കുന്നതിനും സഹായകമായ രീതിയില്‍ ഉദാഹരണസഹിതം അവ വെവ്വേറെ തന്നെ കൊടുത്തിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും സമാനാര്‍ത്ഥ പദങ്ങളും (synonyms) വിപരീതാര്‍ത്ഥപദങ്ങളും (antonyms) വേണ്ടിടത്തോളം നല്‍കിയിരിക്കുന്നു. പ്രധാനപ്പെട്ട എല്ലാ ശൈലീരൂപങ്ങളും (idioms), അവയുടെ വിഭിന്നാര്‍ത്ഥങ്ങളോടെ സോദാഹരണം വിശദീകരിച്ചിരിക്കുന്നു. സമാനാര്‍ത്ഥമുള്ളതെന്നു തോന്നുന്ന പല പദങ്ങളുടെയും പ്രയോഗത്തില്‍വരുന്ന അര്‍ത്ഥഭേദങ്ങള്‍ വിശദമാക്കുന്ന usage notes നിഘണ്ടുവിന്റെ പ്രയോജനം വര്‍ദ്ധിപ്പിക്കുന്നു.
മലയാളത്തില്‍ പ്രസിദ്ധീകൃതമായ ദ്വിഭാഷാ നിഘണ്ടുവിലൊന്നിലും കാണാത്ത മറ്റൊരു സവിശേഷത കൂടി ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. നിസ്സാരമെന്നു തോന്നിക്കുന്ന പല പദങ്ങളും നിര്‍വചനത്തിനു വഴങ്ങുന്നവയല്ല. ലളിതമായ ചിത്രങ്ങളിലൂടെ അര്‍ത്ഥഗ്രഹണം സുഗമവും സുവ്യക്തവുമാകുന്നു. ഈ ചിത്രങ്ങള്‍ നിഘണ്ടുവിനു ഒരലങ്കാരം മാത്രമല്ല, അര്‍ത്ഥസംപൂര്‍ത്തിയെ സഹായിക്കുന്ന അതുല്യമായ ഒരുപാധികൂടിയാണ്.
വ്യാകരണം
വ്യാകരണ സംബന്ധമായ എല്ലാ വിവരങ്ങളും പ്രത്യേക അടയാളങ്ങളുപയോഗിച്ച് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പദത്തിന്റെയും പ്രധാനപ്പെട്ട derivatives-m നും, പ്രത്യേകിച്ച് ഭാഷാവിദ്യാര്‍ത്ഥികളുടെ ആവശ്യം അറിഞ്ഞ് വ്യാകരണപാഠങ്ങള്‍ നല്‍കുവാനും ശ്രദ്ധിച്ചിട്ട് ക്രമം കൊടുത്തിരിക്കുന്നു.
നിഘണ്ടുവിന്റെ
നിര്‍മ്മാണസംവിധാനം
കെട്ടിലും മട്ടിലുമുള്ള ആകര്‍ഷകത്വം അങ്ങേയറ്റം വര്‍ദ്ധിപ്പിക്കുന്നതിനായി ആധുനിക അച്ചടിവിദ്യയുടെ ഉന്നതമായ സാങ്കേതികജ്ഞാനം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സുഗമമായ വായനയെ സഹായിക്കുംവിധം ടൈപ്പ്‌ഫെയ്സ്, ലേ ഔട്ട് എന്നിവ മനോഹരമായി സംവിധാനം ചെയ്യുന്നതോടൊപ്പം അച്ചടി, നിര്‍മ്മാണം എന്നിവ സൂക്ഷ്മമായി ഇതില്‍ നിര്‍വഹിച്ചിരിക്കുന്നു. അങ്ങനെ നിങ്ങള്‍ക്കെന്നപോലെ ഞങ്ങള്‍ക്കും ഒരുപോലെ സംതൃപ്തിദായകമാണ് പലവിധത്തിലും വ്യത്യസ്തമായ ഈ നിഘണ്ടുവിന്റെ പ്രകാശനം.

Leave a Reply