പുരാതന മെസൊപ്പൊട്ടേമിയയിലെ ഇതിഹാസകാവ്യവും ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളില്‍ ഒന്നുമാണ് ഗില്‍ഗമെഷ് ഇതിഹാസം. പുരാതനകാലത്തെ രാജവീരനായിരുന്ന ഗില്‍ഗമെഷിനെക്കുറിച്ചുള്ള ഒരു പറ്റം സുമേറിയന്‍ കഥകളും കവിതകളുമായിട്ടാണ് ആദ്യം ഇത് രൂപമെടുത്ത ത്. ഇത് പിന്നീട് സമാഹരിക്കപ്പെടുകയാണുണ്ടായത്. ഈ കാവ്യത്തിന്റെ ഇന്ന് ലഭ്യമായ ഭാഷ്യങ്ങളില്‍ ഏറ്റവും തികഞ്ഞത്, ക്രിസ്തുവിനു മുന്‍പ് എഴാം നൂറ്റാണ്ടില്‍ അസീറിയയില്‍ രാജാവായിരുന്ന അഷെര്‍ബാനെപാലിന്റെ ഗ്രന്ഥാലയത്തില്‍ നിന്നുകിട്ടിയ 12 കളിമണ്‍ഫലകങ്ങളില്‍ രേഖപ്പെടുത്തിയതാണ്. മൂലകഥയ്ക്ക്, 'ആഴം കണ്ടവന്‍' എന്നും 'എല്ലാ രാജാക്കന്മാരേയും അതിലംഘിച്ചവന്‍' എന്നും പേരുണ്ടായിരുന്നു. ഗില്‍ഗമെഷ്, ക്രിസ്തുവിനുമുന്‍പ് ഇരുപത്തേഴാം നൂറ്റാണ്ടില്‍ സുമേറിയാ ഭരിച്ച ആദ്യരാജവംശകാലത്തിന്റെ രണ്ടാം ഘട്ടത്തിനൊടുവിലെ ഭരണാധികാരിയായിരുന്നിരിക്കാം. കഥയുടെ കേന്ദ്രമായിരിക്കുന്നത് ഗില്‍ഗമെഷും അയാളുടെ സുഹൃത്തും പകുതി കാടനുമായ എന്‍കിടുവും തമ്മിലുള്ള ബന്ധമാണ്. എന്‍കിടു, ഗില്‍ഗമെഷിന്റെ സാഹസികസംരംഭങ്ങളില്‍ പങ്കുചേരുന്നു. എന്‍കിടുവിന്റെ മരണത്തെ തുടര്‍ന്ന് ഗില്‍ഗമെഷിനുണ്ടാകുന്ന നഷ്ടബോധത്തിന് കഥയില്‍ ഏറെ പ്രാധാന്യമുണ്ട്. അവര്‍ ഒരുമയില്‍ മനുഷ്യത്വം കണ്ടെത്തുന്നതിനെക്കുറിച്ചാണ് കഥ. അമര്‍ത്ത്യതയും കഥയിലെ ഒരു പ്രധാന പ്രമേയമാണ്. എന്‍കിടുവിന്റെ മരണത്തിനുശേഷം, അമര്‍ത്യതക്കുവേണ്ടിയുള്ള ഗില്‍ഗമെഷിന്റെ അന്വേഷണം കാവ്യത്തില്‍ വിസ്തരിക്കുന്നു. രണ്ടായിരത്തിലേറെ വര്‍ഷത്തിനിടെ രൂപപ്പെട്ട വ്യതിരിക്തവും മൗലികവുമായ ഒട്ടേറെ സ്രോതസ്സുകള്‍ ഈ കാവ്യത്തിനുണ്ടെങ്കിലും ഏറ്റവും പഴയതും ഏറ്റവും ഒടുവിലത്തേതുമായ ഭാഷ്യങ്ങളാണ് പരിഭാഷകളില്‍ കഥയെ കൂട്ടിയിണക്കാന്‍ ആശ്രയിക്കാവുന്ന രൂപത്തിലുള്ളത്. അതിനാല്‍ പുരാതനമായ സുമേറിയന്‍ ഭാഷ്യത്തേയും, സാമാന്യഭാഷ്യം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന പില്‍ക്കാലത്തെ അക്കേദിയന്‍ ഭാഷ്യത്തേയുമാണ് പണ്ഡിതന്മാര്‍ സാധാരണ ആശ്രയിക്കാറുള്ളത്. മിക്കവാറും ആധുനിക പരിഭാഷകള്‍ 'സാമാന്യഭാഷ്യത്തെ' ആശ്രയിച്ചുള്ളവയാണ്. ഈ ഇതിഹാസത്തിന്റെ പൂര്‍ണ്ണരൂപം ഇനിയും ലഭ്യമായിട്ടില്ലെന്ന് കണക്കാക്കുന്നു.
    ഇതിഹാസത്തിന്റെ സുമേറിയന്‍ ഭാഷ്യങ്ങളില്‍ ഏറ്റവും പഴയവയ്ക്ക് ക്രിസ്തുവിന് 2150-2000 വര്‍ഷം മുന്‍പ് നിലനിന്നിരുന്ന ഊരിലെ മൂന്നാം രാജവംശത്തോളം പഴക്കമുണ്ട്. ഗില്‍ഗമെഷ് ഇതിഹാസത്തിന്റെ ആദ്യത്തെ ആധുനിക പരിഭാഷ, അസീറിയന്‍ വിദഗ്ദന്‍ ജോര്‍ജ്ജ് സ്മിത്ത് 1880ല്‍ നടത്തിയതാണ്. ഇംഗ്ലീഷിലേക്ക് അടുത്ത കാലത്ത് നടന്ന പരിഭാഷകളില്‍ ഒന്ന് അമേരിക്കന്‍ നോവലിസ്റ്റ് ജോണ്‍ ഗാര്‍ഡ്‌നറുടേയും ജോണ്‍ മെയറുടേയും സഹായത്തോടെ 1984ല്‍ പ്രസിദ്ധീകരിച്ചതാണ്. 2001ല്‍ നോര്‍ട്ടന്‍ ക്രിട്ടിക്കല്‍ സംശോധനാ പരമ്പരയുടെ ഭാഗമായി ബെഞ്ചമിന്‍ ഫോസ്റ്റര്‍ പ്രസിദ്ധീകരിച്ച ഭാഷ്യത്തില്‍, അക്കേദിയന്‍ സാമാന്യഭാഷ്യത്തിലെ പല വിടവുകളും പൂര്‍വരേഖകളെ ആശ്രയിച്ച് നികത്തിയിട്ടുണ്ട്. 2004ല്‍ സ്റ്റീഫന്‍ മിച്ചല്‍ സ്വന്തം വ്യാഖ്യാനങ്ങളോടെ പ്രസിദ്ധീകരിച്ച 'പുതിയ ഇംഗ്ലീഷ് പതിപ്പ്' ഏറെ വിവാദമായി.
ക്രിസ്തുവിനു 2600 വര്‍ഷം മുന്‍പുള്ള കിഷിലെ എന്മെബാരഗെസിയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള രണ്ട് കളിമണ്‍ ഭരണികള്‍ ആധുനിക കാലത്ത് കണ്ടുകിട്ടിയെന്നത്, ഗില്‍ഗാമെഷ് ചരിത്രപുരുഷനായിരുന്നുവെന്ന വിശ്വാസത്തിന് ആക്കം കൂട്ടുന്നു. ഇതിഹാസത്തില്‍ ഗില്‍ഗാമെഷിന്റെ രണ്ട് ശത്രുക്കളില്‍ ഒരാളുടെ പിതാവായി എന്മെബാരഗെസി പ്രത്യക്ഷപ്പെടുന്നുണ്ട്.

സാമാന്യഭാഷ്യം
    ഈ ഭാഷ്യത്തിന്റെ 12 ഫലകങ്ങള്‍ ആസ്റ്റന്‍ ഹെന്‌റി ലെയാര്‍ഡ് 1849ല്‍ കണ്ടെത്തി. നിനവേയില്‍ അഷര്‍ബാനിപാലിന്റെ ഗ്രന്ഥശേഖരത്തില്‍ സൂക്ഷിച്ചിരുന്നതാണിത്. സാഹിത്യരചനകളില്‍ മാത്രം ഉപയോഗിച്ചിരുന്നതും അക്കേദിയന്‍ ഭാഷയുടെ രൂപഭേദങ്ങളില്‍ ഒന്നുമായിരുന്ന സാമാന്യ ബാബിലോണിയന്‍ ഉപഭാഷയില്‍ ക്രിസ്തുവര്‍ഷാരംഭത്തിന് മുന്‍പ് പത്തും പതിമൂന്നും നൂറ്റാണ്ടുകള്‍ക്കിടയിലാണ് എഴുതപ്പെട്ടത്. പൂര്‍വകഥകളെ ആശ്രയിച്ച് അതിന്റെ രചന നടത്തിയ് 'സിന്‍ ലിക്ക് ഉന്നിന്നി' എന്നയാളാണെന്ന് അതില്‍ തന്നെ സൂചനയുണ്ട്.
    സാമാന്യ അക്കാദിയന്‍ ഭാഷ്യത്തെ പഴയ സുമേറിയന്‍ ഭാഷ്യങ്ങളില്‍ നിന്ന് വ്യവച്ഛേദിക്കാന്‍ 'ആഴങ്ങള്‍ കണ്ടവന്‍' എന്ന അതിന്റെ ആമുഖവാക്യം സഹായകമാണ്. പഴയഭാഷ്യങ്ങളുടെ തുടക്കം 'എല്ലാ രാജാക്കന്മാരേയും അതിലംഘിച്ച്' എന്നായിരുന്നു. ആഴങ്ങള്‍ എന്ന് അര്‍ത്ഥമുള്ള അക്കേദിയന്‍ വാക്ക് ഉപയോഗിച്ചിരിക്കുന്നത് 'അറിയപ്പെടാത്ത രഹസ്യങ്ങള്‍' എന്ന അര്‍ത്ഥത്തിലാകാം. അമര്‍ത്ത്യത തേടിയുള്ള തന്റെ സാഹസികയാത്രക്കൊടുവില്‍ ഗില്‍ഗമെഷ് കൊണ്ടുവന്ന പ്രത്യേകമായ അറിവിനെയാണ് അത് സൂചിപ്പിക്കുന്നതെന്ന് അന്‍ഡ്രൂ ജോര്‍ജ് കരുതുന്നു: 'എല്ലാ അറിവിന്റേയും ഉറവിടമായ എന്‍കിയുടെ ദൈവലോകത്തെക്കറിച്ചുള്ള അറിവാണ് അയാള്‍ കൊണ്ടുവന്നത്. ദൈവങ്ങളെ ആരാധിക്കേണ്ടതെങ്ങനെ, മനുഷ്യജീവികള്‍ക്ക് മരണം വിധിച്ചിരിക്കുന്നതെന്തുകൊണ്ട്, നല്ല രാജാവിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ, ഏതാണ് നല്ല ജീവിതം, നന്നായി ജീവിക്കുന്നതെങ്ങനെ എന്നീ സമസ്യകള്‍ക്കുള്ള സമാധാനമാണ് ഗില്‍ഗമേഷ് കണ്ടത്തിയ അറിവിന്റെ ഉള്ളടക്കം. കാവ്യത്തിന്റെ അവസാനഭാഗത്ത്, ബാബിലോണിയന്‍ പ്രളയകഥകളിലെ നായകനായ ഉട്ട്‌നാപിഷ്ട്ടിം ഗില്‍ഗമെഷിനോട് തന്റെ കഥ പറയുന്നു. 'അത്രഹാസിസ്' എന്ന ബാബിലോണിയന്‍ ഇതിഹാസത്തിലെ കഥയുമായി ഈ പ്രളയകഥക്ക് സാമ്യമുണ്ട്.
    അക്കേദിയന്‍ ഭാഷ്യത്തിന്റെ പന്ത്രണ്ടു ഫലകങ്ങളില്‍ അവസാനത്തേത് മൂലകഥയോട് പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാം. ഈ ഫലകത്തിലുള്ളത് അടുത്തകാലം വരെ ഇതിഹാസത്തിന്റെ ആധുനികഭാഷ്യങ്ങളില്‍ ഒഴിവാക്കപ്പെട്ടിരുന്നു. മരിച്ചുപോയ എന്‍കിടുവിനെ ജീവനോടെ വീണ്ടും കഥയില്‍ കൊണ്ടുവരുന്ന ഈ ഭാഗത്തിന് പതിനൊന്നു ഫലകങ്ങളിലെ കെട്ടുറപ്പുള്ള കഥയുമായി കാര്യമായ ബന്ധമൊന്നുമില്ല. പാതാളലോകത്തുനിന്ന് ചിലവസ്തുക്കള്‍ വീണ്ടെടുക്കാനായി ഗില്‍ഗമെഷ് എന്‍കിടുവിനെ അയക്കുന്നതായി പറയുന്ന ഒരു പഴയ കഥയുടെ തനിപ്പകര്‍പ്പാണ് യഥാത്ഥത്തില്‍ പന്ത്രണ്ടാം ഫലകം. ആ യാത്രയില്‍ ജീവനാശം വരുന്ന എന്‍കിടു, ആത്മാവായി വന്ന് പാതാളലോകത്തിന്റെ സ്വഭാവം ഗില്‍ഗമെഷിന് വിവരിക്കുന്നതായി പറയുന്നു ഈ കഥ.

കഥാസംഗ്രഹം:

1. ഗില്‍ഗമെഷും എന്‍കിടുവും
    ഊരുക്കിലെ രാജാവ് ഗില്‍ഗമെഷിനെക്കുറിച്ചുള്ള വിവരണത്തോടയാണ് കഥയുടെ തുടക്കം. മൂന്നിലൊന്നു ദൈവവും ബാക്കി മനുഷ്യനുമായ അദ്ദേഹം ലോകത്തിലെ ഏറ്റവും മഹാനായ രാജാവും എക്കാലത്തേയും രാജദൈവങ്ങളില്‍ ശക്തനുമായിരുന്നു. ആമുഖഭാഗം അദ്ദേഹത്തിന്റെ മഹത്ത്വം പാടുകയും ഉരുക്കിന്റെ ഇഷ്ടികമതിലിനെ പുകഴ്ത്തുകയും ചെയ്യുന്നു. എന്നാല്‍ പ്രജകള്‍ ഗില്‍ഗമെഷിന്റെ ഭരണത്തില്‍ സന്തുഷ്ടരായിരുന്നില്ല. രാജ്യത്തെ ഓരോ നവവധുവിനുമൊപ്പം ആദ്യമായി ശയിക്കാനുള്ള അവകാശം പോലും തനിക്കുണ്ടെന്നു കരുതിയ ഗില്‍ഗമെഷിന്റെ അധികാരദുര്‍വിനിയോഗത്തില്‍ വലഞ്ഞ ജനങ്ങള്‍, സൃഷ്ടിയുടെ ദൈവമായ അരുരുവിനോട് പരാതി പറഞ്ഞു. 'അരുരു' ഇതിന് പരിഹാരം കണ്ടത്, ശക്തിയില്‍ ഗില്‍ഗമെഷിനൊപ്പമായ എന്‍കിടു എന്ന കാടന്‍ മനുഷ്യനെ കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചുകൊണ്ടാണ്. എന്‍കിടു ഇടയന്മാരെ ഉപദ്രവിക്കുവാനും നീരുറവകളില്‍ വന്യമൃഗങ്ങളോടൊത്തു തുള്ളിച്ചാടാനും തുടങ്ങി. ഇതുകണ്ട ഒരു വേട്ടക്കാരന്‍ ഗില്‍ഗമെഷിനോട് പരാതി പറയുന്നു. എന്‍കിടുവിനെ മെരുക്കാന്‍ ഷാംഹാത്ത് എന്ന വേശ്യയെ അയക്കുകയാണ് ഗില്‍ഗമെഷ് ചെയ്തത്. ഷാംഹാത്തുമായി ആറു രാപ്പകലുകള്‍ തുടര്‍ച്ചയായി രമിച്ചതോടെ എന്‍കിടു കാടത്തം മാറി മനുഷ്യനായി. അതുവരെ അയാളോട് ചങ്ങാത്തം കാട്ടിയിരുന്ന വന്യമൃഗങ്ങള്‍ അയാളെ ഉപേക്ഷിക്കുകയും ചെയ്തു. ഊരുക്കില്‍ ചെന്ന് അവിടത്തെ സാമൂഹ്യജീവിതത്തില്‍ പങ്കുപറ്റാന്‍ ഷാംഹാത്ത് എന്‍കിടുവിനെ പ്രേരിപ്പിച്ചു. അതേസമയം, ഗില്‍ഗമെഷ് ചില വിചിത്ര സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. അവയുടെ അര്‍ത്ഥം വ്യാഖ്യാനിച്ച ഗില്‍ഗമെഷിന്റെ അമ്മ, ശക്തനായ ഒരു സുഹൃത്തിന്റെ വരവിനെയാണ് ആ സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അറിയിച്ചു.

2. സൗഹൃദത്തിന്റെ തുടക്കം
    ഒരു വിവാഹാവസരത്തില്‍ എന്‍കിടുവും ഷാംഹാത്തും ഊരുക്കിലെത്തി. നവവധുവിനൊത്ത് ശയിക്കാനെത്തിയ ഗില്‍ഗമെഷ് ശക്തനായ എന്‍കിടു മണിയറവാതില്‍ തടഞ്ഞുനില്‍ക്കുന്നതു കണ്ടു. ഗില്‍ഗമെഷിന്റെ അതിക്രമം ഇഷ്ടപ്പെടാതിരുന്ന എന്‍കിടുവും അയാളുമായി തുടര്‍ന്നു നടന്ന ഘോരയുദ്ധത്തില്‍ ജയിച്ചത് ഗില്‍ഗമെഷാണെങ്കിലും ഒടുവില്‍ അവര്‍ ആലിംഗനം ചെയ്ത് സുഹൃത്തുക്കളായി. എന്‍കിടുവിന്റെ എതിര്‍പ്പിനെ അംഗീകരിച്ച ഗില്‍ഗമെഷ് ധൈര്യത്തേയും കുലീനതയേയും പോലെ തന്നെ ദയയേയും വിനയത്തേയും വിലമതിക്കാന്‍ പഠിച്ചു. അവര്‍ പരസ്പരം അനുകരിക്കാനും സഹോദരങ്ങളെപ്പോലെ പെരുമാറാനും തുടങ്ങി.

3. ദേവദാരു വനം
    കാലക്രമേണ ഊരുക്കിലെ ശാന്തജീവിതത്തില്‍ വിരസത തോന്നിയ ഗില്‍ഗമെഷ്, ദേവദാരുവനത്തില്‍ പോയി അതിന്റെ കാവല്‍ക്കാരന്‍ ഹംബബാ എന്ന രാക്ഷസനെ കൊന്നും വലിയ ദേവദാരുക്കള്‍ വെട്ടിയെടുത്തും തനിക്കായി ഒരിക്കലും മങ്ങാത്ത പെരുമ നേടാന്‍ തീരുമാനിച്ചു. തന്റെ യശസ്സു വര്‍ദ്ധിപ്പിക്കുകയെന്നതിനൊപ്പം ദേവതാരുത്തടിയില്‍ ദൈവങ്ങള്‍ക്കുവേണ്ടി ഒരു കവാടം നിര്‍മ്മിക്കുകയെന്ന ലക്ഷ്യവും ഗില്‍ഗമെഷിനുണ്ടായിരുന്നു. 'അനുന്നാക്കി' ദേവന്റെ വിശുദ്ധഭൂമിയാണ് ദേവദാരുവനമെന്നും അവിടെ മര്‍ത്ത്യാന്മാക്കള്‍ കടന്നുചെല്ലുന്നത് ശരിയല്ലെന്നും അറിയാമായിരുന്ന എന്‍കിടുവിന്റെ എതിര്‍പ്പിനെ ഗില്‍ഗമെഷ് വകവച്ചില്ല. രാജസഭയിലെ അംഗങ്ങളും ഗില്‍ഗമെഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരും പരാജയപ്പെട്ടു. ഒടുവില്‍ എന്‍കിടുവിന് വഴങ്ങുകയല്ലാതെ വഴിയില്ലെന്നു വന്നു. പുറപ്പെടുന്നതിനുമുന്‍പ്, ഗില്‍ഗമെഷ് അയാളുടെ അമ്മയോട് യാത്രപറഞ്ഞു. മനസ്സില്ലാതെ മകനെ യാത്രയയച്ച അമ്മ അവനെ കാത്തുകൊള്ളാന്‍ സൂര്യദേവനായ ഷാമാഷിനോട് അപേക്ഷിച്ചു. എന്‍കിടുവിനെ അവര്‍ രണ്ടാം പുത്രനായി സ്വീകരിക്കുകയും ചെയ്തു.

4. വനത്തിലേക്കുള്ള യാത്ര
    ഗില്‍ഗമെഷും എന്‍കിടുവും ദേവദാരു വനത്തിലേക്ക് തിരിച്ചു. വഴിക്ക് ഗില്‍ഗമെഷിന് അഞ്ചു ദുസ്വപ്നങ്ങളുണ്ടായി. ഓരോ സ്വപ്നത്തേയും ശുഭസൂചകമാം വിധം വ്യാഖ്യാനിക്കുകയാണ് എന്‍കിടു ചെയ്തത്. ദേവദാരു വനത്തിനടുത്തെത്തിയ എന്‍കിടു ഭയപരവശനായെങ്കിലും ഗില്‍ഗമെഷ് അയാളെ പ്രോത്സാഹിപ്പിച്ചു.

5. ഹംബബയുടെ വധം
    വനത്തിലെത്തിയ സുഹൃത്തുക്കളെ ദേവദാരുക്കളുടെ കാവല്‍ക്കാരനായ സത്വം, ഹംബബായുടെ ഭീകരരൂപം നേരിട്ടു. ഇത്തവണ ഭയന്നത് ഗില്‍ഗമെഷ് ആയിരുന്നു. എന്‍കിടുവിന്റെ പ്രോത്സാഹനത്തില്‍ ധൈര്യം കൈവരിച്ച അയാള്‍ പൊരുതാന്‍ തുടങ്ങി. ഹംബബായുടേയും ഗില്‍ഗമെഷിന്റേയും പോര് സിറിയയിലെ മലകളെ ലെബനോനില്‍ നിന്ന് വേര്‍പെടുത്തി. സൂര്യദേവന്‍ ഷാമാഷിന്റെ സഹായം ഗില്‍ഗമെഷിനും എന്‍കിടുവിനും കിട്ടി. അവസാനം ഷാമാഷ് തന്റെ പതിമൂന്നു വായുക്കളെ അവരുടെ സഹായത്തിനയച്ചതോടെ ഹംബബാ പരാജയപ്പെട്ടു. സത്വം തന്റെ ജീവന്‍ രക്ഷിക്കണമെന്ന് കെഞ്ചിയപ്പോള്‍ ഗില്‍ഗമെഷിന് ദയതോന്നി. എന്നാല്‍ സത്വത്തെ കൊല്ലാന്‍ എന്‍കിടു അയാളോടാവശ്യപ്പെട്ടു. ഒടുവില്‍ ഗില്‍ഗമെഷ് ഹംബബയെ കൊന്നു. പിന്നെ അവര്‍ ഒരു കൂറ്റന്‍ ദേവദാരു മുറിച്ച് ദേവന്മാര്‍ക്കായി ഒരു കവാടം നിര്‍മ്മിച്ചു. അതിനെ യൂഫ്രട്ടീസ് നദിയില്‍ ഒഴുക്കി അവര്‍ ഊരുക്കില്‍ മടങ്ങിയെത്തി.

6. ഇഷ്ടാര്‍, സ്വര്‍ഗ്ഗവൃഷഭം
    ഗില്‍ഗമെഷിന്റെ യുദ്ധവീര്യം കണ്ട് ആകാശദേവനായ അനുവിന്റെ മകളും യുദ്ധത്തിന്റെയും പ്രേമത്തിന്റേയും ദേവതയുമായ ഇഷ്ടാറിന് അയാളില്‍ പ്രേമമുളവായി. എന്നാല്‍ ദുമുസിയെപ്പോലുള്ള പഴയ കാമുകന്മാരോട് മോശമായി പെരുമാറിയിട്ടുള്ള അവളുടെ പ്രേമാഭ്യര്‍ത്ഥന ഗില്‍ഗമെഷ് നിരസിച്ചു. ക്രൂദ്ധയായ ഇഷ്ടാര്‍, ഗില്‍ഗമെഷിനെ ശിക്ഷിക്കാനായി സ്വര്‍ഗ്ഗവൃഷഭത്തെ തനിക്ക് വിട്ടുതരാന്‍ പിതാവിനോടാവശ്യപ്പെട്ടു. ഈ ആവശ്യം പിതാവ് നിരസിച്ചപ്പോള്‍, പരേതാത്മാക്കളെയെല്ലാം ഉയിര്‍പ്പിക്കുമെന്ന് ഇഷ്ടാര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഒടുവില്‍ അനു വഴങ്ങി. സ്വര്‍ഗ്ഗവൃഷഭം ഭൂമിക്ക് പീഡയായിത്തീര്‍ന്നു. അത് വരള്‍ച്ചയേയും മറ്റും സൂചിപ്പിക്കുന്നതാകാം. അതിന്റെ വരവിനെ തുടര്‍ന്ന് ജലം അപ്രത്യക്ഷമാവുകയും സസ്യങ്ങള്‍ ഉണങ്ങുകയും ചെയ്തു എന്ന് ഇതിഹാസം പറയുന്നു. ഏതായാലും, ഗില്‍ഗമെഷും എന്‍കിടുവും ദൈവങ്ങളുടെ സഹായമില്ലാതെ തന്നെ സ്വര്‍ഗ്ഗവൃഷഭത്തെ കൊന്ന് അതിന്റെ ഹൃദയം സൂര്യദേവന്‍ ഷമാഷിന് കാഴ്ചവച്ചു. ഇഷ്ടാറിന്റെ കരച്ചില്‍ കേട്ട എന്‍കിടു, വൃഷഭത്തിന്റെ പൃഷ്ടം പറിച്ചെടുത്ത് അവളുടെ മുഖത്തെറിഞ്ഞ് അപമാനിക്കുക കൂടി ചെയ്തു. ഊരുക്ക് നഗരവാസികള്‍ ഈ വിജയം ആഘോഷിച്ചു.

7. എന്‍കിടുവിന്റെ അന്ത്യം
    ഹംബബായെയും സ്വര്‍ഗ്ഗവൃഷഭത്തേയും കൊന്നതിന് ശിക്ഷയായി അതിനുത്തരവാദികളായ രണ്ടുപേരില്‍ ഒരാളെങ്കിലും മരിക്കണമെന്ന് ദൈവങ്ങളുടെ സഭയില്‍ തീരുമാനമായതായി എന്‍കിടു സ്വപ്നം കണ്ടു. ഒടുവില്‍ എന്‍കിടു തന്നെയാണ് മരിക്കേണ്ടതെന്ന് അവര്‍ തീരുമാനിച്ചു. അയാളുടെ ഭാഗം വാദിക്കാന്‍ സൂര്യദേവന്‍ ഷമാഷ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തനിക്കു സംഭവിക്കാനിരിക്കുന്നതറിഞ്ഞ് വിഷമിച്ച എന്‍കിടു സ്വപ്നത്തെക്കുറിച്ച് ഗില്‍ഗമെഷിനോടു പറഞ്ഞു. എന്‍കിടു ദൈവങ്ങളെപ്പോലും നിന്ദിക്കാനും അവര്‍ക്കുവേണ്ടി തങ്ങള്‍ നിര്‍മ്മിച്ച ദേവതാരു വാതിലിനെ ശപിക്കാനും തുടങ്ങി. ഗില്‍ഗമെഷ്, ഷമാഷിന്റെ ക്ഷേത്രത്തില്‍ പോയി എന്‍കിടുവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. താന്‍ മനുഷ്യരുടെ ഇടയിലേക്ക് വരാന്‍ അവസരമൊരുക്കിയ വേട്ടക്കാരനേയും അമ്പലവേശ്യ ഷാംഹാത്തിനേയും എന്‍കിടു ശപിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്ന് എന്‍കിടുവിനോടു സംസാരിച്ച ഷമാഷ്, ഗില്‍ഗമെഷിന് അയാളോടുള്ള സ്‌നേഹത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. അയാളുടെ മരണം ഗില്‍ഗാമെഷിനെ കഠിനമായി വേദനിപ്പിക്കുമെന്നും ഷമാഷ് എന്‍കിടുവിനോടു പറഞ്ഞു. ഇതുകേട്ട എന്‍കിടു തന്റെ ശാപത്തെക്കുറിച്ച് പശ്ചാത്തപിക്കുകയും ഷാംഹാത്തിനെ അനുഗ്രഹിക്കുകയും ചെയ്തു. ക്രമേണ രോഗാവസ്ഥയില്‍ തനിക്കു കാണാനായ പരേതരുടെ ദാരുണലോകത്തെ വിവരിച്ചുകൊണ്ട് എന്‍കിടു മരിച്ചു. ധൂളിയുടെ ലോകമെന്ന് അയാള്‍ വിശേഷിപ്പിച്ച ആ ലോകത്തില്‍, പരേതാത്മാക്കള്‍ പക്ഷികളെപ്പോലെ തൂവലുകള്‍ ധരിച്ചിരിക്കുന്നതായും മണ്ണുതിന്ന് ഇരുട്ടില്‍ കഴിയുന്നതായുമാണ് എന്‍കിടു കണ്ടത്.

8. ഗില്‍ഗമെഷിന്റെ ദുഃഖം
    സുഹൃത്തിന്റെ മരണത്തില്‍ ഗില്‍ഗമെഷ് വിലപിച്ചു. പരേതരുടെ ലോകത്തിലും തനിക്ക് എന്‍കിടുവിന്റെ സാമീപ്യം ലഭിക്കാനായി അയാള്‍ ദൈവങ്ങള്‍ക്ക് കാഴ്ചകള്‍ അര്‍പ്പിച്ചു. പ്രജകളോടെല്ലാം എന്‍കിടുവിനെക്കുറിച്ച് വിലപിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. എന്‍കിടുവിന്റെ പ്രതിമകള്‍ നിര്‍മ്മിക്കാനും അയാള്‍ ഉത്തരവിട്ടു. ദുഃഖാര്‍ത്തനായ ഗില്‍ഗമെഷ്, എന്‍കിടുവിന്റെ മൃതശരീരത്തെ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകപോലും ചെയ്തു. ആറുദിനരാത്രങ്ങള്‍ കഴിഞ്ഞ് ശവശരീരം പുഴുക്കള്‍ തിന്നാന്‍ തുടങ്ങിയപ്പോഴാണ് അതിനെ സംസ്‌കാരത്തിന് വിട്ടുകൊടുക്കാന്‍ ഗില്‍ഗമെഷ് സമ്മതിച്ചത്.

9. അമര്‍ത്ത്യത തേടി
    സുഹൃത്തിനെ നഷ്ടപ്പെട്ടതിലുള്ള ദുഃഖം മാത്രമായിരുന്നില്ല ഗില്‍ഗെമിഷിന്. എന്‍കിടുവിന്റെ മരണം, തന്റെ തന്നെ മര്‍ത്ത്യാവസ്ഥയെക്കുറിച്ചുള്ള ബോധവും അയാളില്‍ ഉണര്‍ത്തി. അമര്‍ത്ത്യത കൈവരിക്കാനുള്ള അന്വേഷണമായി പിന്നെ. പുരാതനകാലത്തെ മഹാപ്രളയത്തെ അതിജീവിക്കുകയും ദേവന്മാരില്‍ നിന്ന് അമര്‍ത്യതയുടെ വരം സമ്പാദിക്കുകയും ചെയ്തവരായ ഉട്ട്‌നാപിസ്തുമിനേയും അയാളുടെ ഭാര്യയേയും അതിദൂരദേശത്തെത്തി കാണാന്‍ ഗില്‍ഗമെഷ് തീരുമാനിച്ചു. ബൈബിളിലെ പ്രളയകഥയിലെ മുഖ്യകഥാപാത്രമായ നോഹക്ക് സമാനമായി സുമേറിയന്‍ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വീരനാണ് ഉട്ട്‌നാപിസ്തും. പ്രായമേശാത്ത അയാളും പത്‌നിയും ഡില്‍മന്‍ എന്നു പേരായ സുന്ദരദേശത്താണ് ജീവിക്കുന്നത്. അവിടേക്കുള്ള വഴിയില്‍ പൂര്‍വദിക്കിലേക്കു യാത്രചെയ്ത ഗില്‍ഗമെഷ്, നദികളും കടലുകളും കടന്ന് ലോകത്തിന്റെ അതിര്‍ത്തിയോടടുത്തുള്ള മലയിടുക്കിലെത്തി. അവിടെ തന്നെ നേരിട്ട സത്വങ്ങളേയും, സിംഹങ്ങളേയും കരടികളേയും മറ്റും അയാള്‍ കൊന്നു. താമസിയാതെ ഗില്‍ഗമെഷ് ലോകത്തിന്റെ വിളുമ്പിലെ മാസുപര്‍വതത്തിന്റെ ഇരട്ടശിഖരത്തിലെത്തി. മറുലോകത്തുനിന്ന് സൂര്യന്‍ ഉദിച്ചുപൊങ്ങുന്നത് അവിടെയായിരുന്നു. അവിടെയുണ്ടായിരുന്ന കവാടത്തിന്റെ കാവല്‍ക്കാര്‍ രണ്ടു ഭീമന്‍ തേളുകളായിരുന്നു. താന്‍ ആരാണെന്നും തന്റെ അവസ്ഥയുമെല്ലാം ഗില്‍ഗമെഷ് വിവരിച്ചപ്പോള്‍ അയാളെ കവാടം കടന്നുപോകാന്‍ തേളുകള്‍ അനുവദിച്ചു. എല്ലാ രാത്രിയും സൂര്യന്‍ യാത്രചെയ്യുന്ന ഇരുണ്ട തുരങ്കത്തില്‍ കൂടി, പകല്‍ തന്റെ ഒപ്പമെത്തുന്നതിനു മുന്‍പ് അയാള്‍ കടന്നുപോയി. വടക്കന്‍ കാറ്റിന്റേയും ഹിമത്തിന്റേയും പീഡനം സഹിച്ച് തുരങ്കത്തിന്റെ അറ്റത്തെത്തിയ ഗില്‍ഗമെഷ് പ്രവേശിച്ചത് പ്രഭയില്‍ കുളിച്ചുനിന്ന ഒരു സുന്ദരദേശത്താണ്. അവിടെ മരങ്ങളുടെ ഇലകളത്രയും രത്‌നങ്ങളായിരുന്നു.

10. മരണക്കടല്‍
    അവിടെ കടലോരത്ത് ഗില്‍ഗമെഷ്, മദ്യശാല നടത്തുന്ന സിദുരിയെന്ന ദേവതയെ കണ്ടു. ഗില്‍ഗമെഷിന്റെ വേഷഭാവങ്ങള്‍ കണ്ട് അയാള്‍ ഒരു കൊലയാളിയാണെന്നാണ് അവള്‍ ആദ്യം കരുതിയത്. എന്നാല്‍ അയാളുടെ കഥ കേട്ട അവള്‍ കൂടുതല്‍ അനുകമ്പ കാട്ടിയെങ്കിലും ഉദ്യമത്തില്‍ നിന്ന് പിന്തിരിയാന്‍ ഉപദേശിച്ചു: തിന്നു കുടിച്ച് ആനന്ദിക്കുകയും, വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം കൊടുക്കുകയും, മക്കളുടെ കുഞ്ഞിക്കൈകള്‍ പിടിച്ച് സന്തോഷിക്കുകയും മറ്റുമാണ് മനുഷ്യന് കയ്യെത്തിപ്പിടിക്കാവുന്ന സുഖങ്ങള്‍ എന്നും ദൈവങ്ങള്‍ അമര്‍ത്ത്യത തങ്ങള്‍ക്ക് മാത്രമായി കരുതിയിരിക്കുന്നു എന്നുമൊക്കെ ഗില്‍ഗമെഷിനോട് അവള്‍ പറഞ്ഞെങ്കിലും ഫലിച്ചില്ല. ഒടുവില്‍ അവള്‍ ഗില്‍ഗമെഷിനെ കടത്തുകാരന്‍ ഉര്‍ഷാനബിയുടെ അടുത്തേക്കയച്ചു. ഉര്‍ഷാനബി അപ്പോള്‍ ശിലാരാക്ഷസന്മാര്‍ക്കൊപ്പമായിരുന്നു. ശിലാരാക്ഷസന്മാരെ ശത്രുക്കളായി തെറ്റിദ്ധരിച്ച ഗില്‍ഗമെഷ് അവരെ കൊന്നു. പിന്നീട് ഗില്‍ഗമെഷിന്റെ കഥയും യാത്രയുടെ ലക്ഷ്യവും കേട്ട ഉര്‍ഷാനബി, ഉട്ട്‌നാപിസ്തുമിന്റെ അടുത്തേക്ക് ഗില്‍ഗമെഷിനെ മരണക്കടല്‍ കടത്തി കൊണ്ടുപോകാന്‍ കഴിയുമായിരുന്നവര്‍ ശിലാരാക്ഷസന്മാര്‍ മാത്രമായിരുന്നു എന്ന് വെളിപ്പെടുത്തി. മരണനദിയിലെ ജലത്തിന്റെ സ്പര്‍ശം പോലും അപായകരമാണ്. അതിനുമേല്‍ കൈപായിക്കുന്നതുപോലും മരണം വിളിച്ചുവരുത്താം. 120 മരങ്ങള്‍ പിഴുത് അത്രയും തുഴക്കോലുകളുണ്ടാക്കി ഓരോ ഊന്നിനും പുതിയ കോല്‍ ഉപയോഗിച്ചാല്‍ ഒരുപക്ഷേ അപായം കൂടാതെ കടല്‍ കടക്കാനായേക്കാമെന്നും ഉര്‍ഷാനബി നിര്‍ദ്ദേശിച്ചു. ആ യാത്രയില്‍ പായ്മരമായി ഉപയോഗിക്കേണ്ടത് ഉടുവസ്ത്രമാണ്. ഈ ഉപായം അവലംബിച്ച് ഒടുവില്‍ ഉര്‍ഷാനബിയോടൊപ്പം ഗില്‍ഗമെഷ്, ഉട്ട്‌നാപിസ്തുമിന്റെ ദ്വീപായ ദില്‍മനിലെത്തി. വഞ്ചിയില്‍ ഉര്‍ഷാനബിക്കൊപ്പം മറ്റൊരാളെ കണ്ട ഉട്ട്‌നാപിസ്തും അത് ആരെന്ന് അന്വേഷിച്ചപ്പോള്‍ ഗില്‍ഗമെഷ് സ്വന്തം കഥ പറഞ്ഞു. എന്നാല്‍ ഗില്‍ഗമെഷിനെ സഹായിക്കാന്‍ ഉട്ട്‌നാപിസ്തും വിസമ്മതിച്ചു. മര്‍ത്ത്യാവസ്ഥയില്‍ നിന്ന് മോചനം നേടാനുള്ള ശ്രമം പാഴ് വേലയാണെന്നും അത് ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയേയുള്ളു എന്നുമാണ് ഉട്ട്‌നാപിസ്തും വാദിച്ചത്.

11. നിഷേധിക്കപ്പെട്ട അമര്‍ത്ത്യത-പ്രളയകഥ
    തനിക്ക് നിഷേധിക്കപ്പെടുന്ന അമര്‍ത്ത്യത മറ്റൊരു മനുഷ്യനായ ഉട്ട്‌നാപിസ്തുമിന് കൈവന്നതെങ്ങനെയെന്ന് ഗില്‍ഗമെഷ് അന്വേഷിച്ചപ്പോള്‍ ഉട്ട്‌നാപിസ്തും തന്റെ കഥ പറഞ്ഞു. 'അത്രഹാസിസ്' എന്ന ബാബിലോണിയന്‍ ഇതിഹാസത്തെ ആശ്രയിച്ചെഴുതിയ ഈ കഥക്ക് ബൈബിളിലെ പ്രളയകഥയുമായി ഒട്ടേറെ സമാനതകളുണ്ട്. പണ്ട്, മനുഷ്യരുടെ ശബ്ദകോലാഹലം കേട്ടു പൊറുതിമുട്ടിയ ദൈവങ്ങള്‍ മനുഷ്യകുലത്തെയൊന്നാകെ പ്രളയത്തില്‍ മുക്കി നശിപ്പിക്കാന്‍ തീരുമാനിച്ചു. ദൈവസഭയിലെ ഈ രഹസ്യനിശ്ചയം ഈയ ദേവന്‍ ഉട്ട്‌നാപിസ്തുമിനെ മുന്‍കൂട്ടി അറിയിച്ചു. ദേവന്‍ ഉപദേശിച്ചതുനുസരിച്ച് ഉട്ട്‌നാപിസ്തും ഒരു വലിയ വഞ്ചി ഉണ്ടാക്കി സ്വന്തം കുടുംബത്തോടും, എല്ലാ ജീവജാലങ്ങളിലും നിന്ന് ഓരോ ജോഡിയോടുമൊപ്പം അതില്‍ പ്രവേശിച്ചു. ഏഴുദിനരാത്രങ്ങള്‍ നീണ്ടു നിന്ന പ്രളയവര്‍ഷം അവസാനിച്ചപ്പോള്‍ ഭൂമി സമുദ്രമായി മാറിയിരുന്നു. വെള്ളം ഇറങ്ങിയപ്പോള്‍ വഞ്ചി നിമുഷ് പര്‍വതത്തിനു മുകളില്‍ ഉറച്ചു. ഉട്ട്‌നാപിസ്തും വഞ്ചിയുടെ കിളിവാതില്‍ തുറന്ന് ഒരു പ്രാവിനെ വെളിയില്‍ വിട്ടു. കരകാണാതെ അത് തിരിച്ചു വന്നു. പിന്നെ അയാള്‍ ഒരു കുരുവിയെ അയച്ചു. അതും മടങ്ങി വന്നു. ഒടുവില്‍ അയാള്‍ ഒരു കാക്കയെ അയച്ചു. കര കാണാനായതുകൊണ്ട് അത് മടങ്ങി വന്നില്ല. അപ്പോള്‍ ഉട്ട്‌നാപിസ്തും എല്ലാ ജീവജാലങ്ങളേയും വഞ്ചിയില്‍ നിന്ന് ഇറക്കി വിട്ടു. വഞ്ചിയില്‍ നിന്നിറങ്ങിയ ഉട്ട്‌നാപിസ്തും അതേസ്ഥാനത്ത് ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിച്ചു. ബലിയുടെ ഗന്ധം മണത്ത ദേവന്മാര്‍ കൂട്ടമായി ഈച്ചകളെപ്പോല ഓടിയെത്തി. അവരില്‍ ചിലര്‍, ഉട്ട്‌നാപിസ്തുമും മറ്റും പ്രളയത്തെ അതിജീവിച്ചതറിഞ്ഞ് ആദ്യം രോഷാകുലരായെങ്കിലും ഈയദേവന്‍ ഇടപെട്ട് അവരെ ശാന്തരാക്കി. എന്‍ലില്‍ ദേവന്‍ ഉട്ട്‌നാപിസ്തുമിനും പത്‌നിക്കും അപ്പോള്‍ അമര്‍ത്ത്യതയുടെ വരം നല്‍കി.

12. നിദ്ര, യൗവനലത
    പ്രളയകഥയിലെ വീരനായ തന്നെപ്പോലെ അമര്‍ത്ത്യത അവകാശപ്പെട്ടവനാണെന്ന് തെളിയിക്കാന്‍ ഏഴു രാവും പകലും ഉണര്‍ന്നിരിക്കാന്‍ ഉട്ട്‌നാപിസ്തും ഗില്‍ഗമെഷിനെ വെല്ലുവിളിച്ചു. എന്നാല്‍, അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ തന്നെ ഗില്‍ഗമെഷ് ഉറങ്ങിപ്പോയിരുന്നു. ഉറങ്ങുന്ന ഗില്‍ഗമെഷിനെ തന്റെ പത്‌നിയുടെ മുന്‍പില്‍ വച്ച് ഉട്ട്‌നാപിസ്തും പരിഹസിച്ചു. ഉണര്‍ന്നു കഴിയുമ്പോള്‍ പരാജയം അയാളെ ബോദ്ധ്യപ്പെടുത്താനായി, ഓരോ ദിവസവും ഓരോ അപ്പം ചുട്ട് അയാള്‍ക്കു മുന്നില്‍ വയ്ക്കാന്‍ ഉട്ട്‌നാപിസ്തും ഭാര്യയോട് ആവശ്യപ്പെട്ടു. ഉറക്കമുണര്‍ന്ന ഗില്‍ഗമെഷിനെ ഉട്ട്‌നാപിസ്തും ശകാരിച്ചു മടക്കി അയച്ചു. മടങ്ങിപ്പോകുന്ന അയാള്‍ക്കൊപ്പം ഉട്ട്‌നാപിസ്തും ഉര്‍ഷാനബിയേയും ബഹിഷ്‌കരിച്ച് അയച്ചു. ഗില്‍ഗമെഷിനെ മരണക്കടല്‍ കടത്തി കൊണ്ടുവന്നതിനുള്ള ശിക്ഷയായിരുന്നു ഉര്‍ഷാനബിക്ക് കിട്ടിയത്. എന്നാല്‍ ഇത്ര കഷ്ടപ്പാടുകള്‍ സഹിച്ച് വന്നെത്തിയ ഗില്‍ഗമെഷിനോട് കരുണകാട്ടാന്‍ ഉട്ട്‌നാപിസ്തുമിന്റെ പത്‌നി അയാളോടാവശ്യപ്പെട്ടു. കടലിന്റെ അടിത്തട്ടില്‍ വളരുന്ന യൗവനത്തിന്റെ ലതയുടെ കാര്യം അപ്പോള്‍ ഉട്ട്‌നാപിസ്തും ഗില്‍ഗമെഷിനോടു പറഞ്ഞു. കാലില്‍ കല്ലുകള്‍ കെട്ടി കടലിനടിയില്‍ ഇറങ്ങിച്ചെന്ന് ഗില്‍ഗമെഷ് യൗവനത്തിന്റെ ലത പറിച്ചെടുത്തു. എന്നാല്‍ ലതയുടെ ശക്തിയില്‍ വിശ്വാസം പോരാതിരുന്നതിനാല്‍ അയാള്‍ അത് ഉടനെ ഭക്ഷിച്ചില്ല. ഊരുക്കിലെത്തുമ്പോള്‍ അവിടെയുള്ള ഏതെങ്കിലും വൃദ്ധനില്‍ അത് ആദ്യം പരീക്ഷിക്കാനായിരുന്നു അയാള്‍ തീരുമാനിച്ചത്. എന്നാല്‍, വഴിക്ക് ഒരു തടാകത്തില്‍ കുളിക്കാനിറങ്ങിയ ഗില്‍ഗമെഷ് കരയില്‍ വച്ച യൗവനലത ഒരു സര്‍പ്പം ഭക്ഷിച്ചു. അതോടെ സര്‍പ്പം പഴയ തൊലി ഉരിഞ്ഞ് പുതുയൗവനം പ്രാപിച്ചു. അതുകണ്ട് ഗില്‍ഗമെഷ് ഉര്‍ഷാനബിയുടെ മുന്നില്‍ കരഞ്ഞു. തന്റെ അവസരമെല്ലാം നഷ്ടപ്പെടുത്തിയ അയാള്‍ ഊരുക്കിലേക്ക് മടങ്ങി. അകലെ നിന്ന് നഗരത്തിന്റെ മതിലുകള്‍ കണ്ട അയാള്‍ അതിന്റെ മഹത്ത്വം ഉര്‍ഷാനബിക്ക് വിവരിച്ചുകൊടുക്കുകയും, മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗം അപ്രാപ്യമായിരിക്കാമെങ്കിലും സ്വന്തം നഗരം നല്‍കുന്ന സുഖങ്ങള്‍ അനുഭവിക്കാനാകുമെന്ന് ആശ്വസിക്കുകയും ചെയ്യുന്നു.

13. അന്തിമഫലകം
    ഈ ഫലകത്തിന്റെ ഉള്ളടക്കത്തിന് മുന്‍ ഫലകങ്ങളിലെ കഥയുമായി ബന്ധമൊന്നുമില്ല. പില്‍ക്കാലത്ത് മറ്റൊരെഴുത്തുകാരന്‍ കൂട്ടിച്ചേര്‍ത്തതാണ് അതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇതില്‍ ഗില്‍ഗമെഷ് താന്‍ ചില കളിപ്പാട്ടങ്ങള്‍ പരേതരുടെ ലോകത്ത് മറന്നുപോയതായി പറയുന്നു. അവ വീണ്ടെടുത്തു കൊണ്ടുവരുന്ന ജോലി എന്‍കിടു ഏറ്റെടുക്കുന്നു. സന്തുഷ്ടനായ ഗില്‍ഗമെഷ്, പരേതരുടെ ലോകത്തു നിന്ന് തിരിച്ചുവരാന്‍ സാധിക്കണമെങ്കില്‍ എങ്ങനെയൊക്കെയാണ് പെരുമാറേണ്ടതെന്ന് എന്‍കിടുവിനെ പഠിപ്പിക്കുന്നു. എന്നാല്‍ ആ പാഠങ്ങളൊക്കെ മറന്ന എന്‍കിടു, അരുതാത്തതൊക്കെ ചെയ്യുക മൂലം തിരിച്ചുവരാനാകാതെ പരേതലോകത്ത് പെട്ടുപോകുന്നു. ഗില്‍ഗമെഷിന്റെ പ്രാര്‍ത്ഥനകേട്ട് ഈയ, ഷമാഷ് ദേവന്മാര്‍ അയാളുടെ തിരിച്ചുവരവില്‍ സഹായിക്കാന്‍ തയ്യാറായി. ഭൂമിയില്‍ ഷമാഷ് ദേവന്‍ ഉണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ചാടി എന്‍കിടു രക്ഷപ്പെടുന്നു. ഈ ഫലകം സമാപിക്കുന്നത്, പരേതലോകത്തെ വിശേഷങ്ങളെക്കുറിച്ച് ഗില്‍ഗമെഷ് എന്‍കിടുവിനെ ചോദ്യം ചെയ്യുന്നതോടെയാണ്. ആ ലോകത്തെക്കുറിച്ച് എന്‍കിടു കൊണ്ടുവന്ന വിവരങ്ങള്‍ ഒട്ടും ആകര്‍ഷകമായിരുന്നില്ല. ആര്‍ക്കും വിരസത തോന്നുന്ന ഒരു ലോകമാണതെന്നും ശ്രാദ്ധമൂട്ടാന്‍ മക്കളെ ജനിപ്പിക്കാതെ മരിക്കുന്നവര്‍ക്ക് അവിടം തീര്‍ത്തും ദുരിതപൂര്‍ണ്ണമായിരിക്കുമെന്നും എന്‍കിടു പറയുന്നു. മക്കള്‍ എത്രയധികം ഉണ്ടോ അത്രയും നന്ന്.

ഗില്‍ഗമെഷിന്റെ സ്വാധീനം
    മൊസൊപ്പൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ ഏറ്റവും മുന്തിയ സാഹിത്യശില്പമായ ഗില്‍ഗമെഷിന്റെ കഥ, ഇസ്രായേലുകാര്‍ പിന്നീട് കീഴടക്കിയ പാലസ്തീനില്‍ അവര്‍ക്കുമുന്‍പേ കടന്നു ചെന്നിരുന്നു. അനാത്തോളിയായില്‍ എത്തിയ അത് ഏഷ്യാമൈനറിലെ അയോണിയന്‍ യവനര്‍ക്കും ലഭ്യമായി. ഗ്രീക്ക് ഇതിഹാസമായ ഇലിയഡില്‍ ഗില്‍ഗമെഷിന്റെ പ്രതിഫലനം കാണുന്നവരുണ്ട്. ഇലിയഡില്‍ അക്കിലീസും പട്രോക്ലസും തമ്മിലുള്ള സൗഹൃദത്തിനും എബ്രായ ബൈബിളില്‍ യുവാക്കളായ ദാവീദും ജോനാഥനും തമ്മിലുള്ള സൗഹൃദത്തിനും മാതൃകയായത് ഗില്‍ഗമെഷ്-എന്‍കിടുമാരുടെ ദൃഢമൈത്രിയാണെന്ന് പറയപ്പെടുന്നു.
    ഗില്‍ഗമെഷിലേയും ബൈബിളിലേയും പ്രളയകഥകള്‍ക്ക് ഒട്ടേറെ സമാനതകളുണ്ട്. ബൈബിളിലെ കഥ ഗില്‍ഗമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതിനാലാണ് അവക്കിടയില്‍ ഇത്രയേറെ യോജിപ്പ് വന്നതെന്ന് കരുതുന്നവരുണ്ട്. ഗില്‍ഗമെഷ് ഇതിഹാസം ഇന്ന് പരക്കെ അറിയപ്പെടുന്നു.