ഗൗരി
ടി. പത്മനാഭന് എഴുതിയ മലയാളചെറുകഥയാണ് ഗൗരി. യൗവനത്തിന്റേയും മദ്ധ്യവയസ്സിന്റേയും ഇടപ്രായത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആര്‍ദ്രവും പക്വവുമായ പ്രണയമാണ് ഈ കഥയുടെ പ്രമേയം. 'പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ' എന്ന് സാഹിത്യനിരൂപകന്‍ കെ.പി. അപ്പന് ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. കലാകൗമുദി വാരികയിലാണ് 'ഗൗരി' വെളിച്ചം കണ്ടത്. താനെഴുതിയ കഥകളെല്ലാം തനിക്കു പ്രിയപ്പെട്ടതാണെങ്കിലും 'ഗൗരി' കേവലം ഒരു കഥയെന്നതിലുപരി, തന്റെ 'ആത്മാവിന്റെ അംശം' തന്നെയാണെന്ന് ടി. പത്മനാഭന് വെളിപ്പെടുത്തിയിട്ടുണ്ട്.
ഉയര്‍ന്ന ഉദ്യോഗങ്ങളുമായി വ്യത്യസ്ത സ്ഥലങ്ങളില്‍ ജീവിക്കുന്ന ഗൗരിയുടേയും, കഥയില്‍ പേരുപറയാത്ത പുരുഷസുഹൃത്തിന്റേയും പ്രണയത്തിന്റെ കഥയാണിത്. താന്താങ്ങളുടെ ജോലിസ്ഥലങ്ങളില്‍ നിന്ന്, ഒഡീഷയില്‍ ഗോപാല്‍പൂര്‍ എന്ന കടലോരം സന്ദര്‍ശിക്കാനെത്തുന്ന അവര്‍, പ്രഭാതത്തില്‍ സൂര്യോദയം കാണാനായി കടലോരത്തു പോകുന്നതാണ് സന്ദര്‍ഭം. ആറുമാസത്തെ ഇടവേളക്കു ശേഷം പരസ്പരം കാണുകയായിരുന്നു അവര്‍. ഗൗരി ക്ഷീണിച്ചിരിക്കുന്നതായി കണ്ട അയാള്‍ അതിന്റെ കാരണം സ്നേഹപൂര്‍വം അന്വേഷിച്ചു. പൊതുവേയുള്ള ഉത്സാഹക്കുറവും, കാലത്തെക്കുറിച്ചും വയസ്സിനെക്കുറിച്ചുമുള്ള ബോധത്തിന്റെ അലട്ടലുമാണ് തന്റെ പ്രശ്നമെന്ന അവളുടെ മറുപടിയില്‍ വേദനിച്ചെങ്കിലും അയാള്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ഗൗരിയുമൊത്ത് കടലോരത്തേക്കു നടക്കുമ്പോള്‍ അയാള്‍, ആറുമാസം മുന്‍പ് നേപ്പാളില്‍ അവളോടൊത്തു നടത്തിയ ഒരു യാത്രക്കിടെ കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം സന്ദര്ശിച്ചതോര്ത്തു. ക്ഷേത്രത്തിനടുത്ത് ബാഗ്മതിയുടെ കരയിലെ ചിതകള്‍ അവര്‍ കണ്ടിരുന്നു. 'മുക്കാലും കത്തിത്തീരാറായ ശവങ്ങള്, കത്തി പാതിയായ ശവങ്ങള്, തീപിടിച്ചു തുടങ്ങിയ ശവങ്ങള്, തങ്ങളുടെ ഊഴവും കാത്ത് നദിക്കരയില്‍ വിറങ്ങലിച്ചു കിടന്ന ശവങ്ങള്' എല്ലാം അവിടെയുണ്ടായിരുന്നു. അന്ന് എരിഞ്ഞടങ്ങിക്കൊണ്ടിരുന്ന ശവങ്ങളെ നോക്കി 'എല്ലാം മറന്ന് ചിത്രത്തിലെന്ന പോലെ സ്തബ്ധയായി നിന്ന' ഗൗരിയുടെ രൂപം അയാളുടെ മനസ്സില്‍ മാഞ്ഞുപോയിരുന്നില്ല. എങ്കിലും ആ യാത്രയില്‍ തന്നെ അന്നപൂര്‍ണ്ണയുടെ തണലിലുള്ള തടാകത്തിലെ ദ്വീപില്‍ ചെലവഴിച്ച ദിവസങ്ങളില്‍ അവള് സന്തുഷ്ടയായിരുന്ന കാര്യവും അയാള്‍ ഓര്‍ത്തു.
പ്രണയത്തിന് മുന്‍കൈയ്യെടുത്തത് അവളായിരുന്നു. കടലോരത്തേക്കുള്ള വഴിയില്‍ ഒരു വിളക്കുകാലിനു താഴെ വച്ച് അവള്, തന്നോടു മടുപ്പു തോന്നുന്നുണ്ടോ എന്നന്വേഷിച്ചത് അയാളെ വേദനിപ്പിച്ചു. അവളുടെ ജീവിതകഥയുടെ രൂപരേഖ തുടര്‍ന്നുള്ള സംഭാഷണത്തില്‍ തെളിയുന്നു. തകര്‍ന്ന വിവാഹത്തിന്റെ ഇരയായ അവള്‍ക്ക് ഭര്‍ത്താവിന്റെ പിടിവാശിമൂലം വിവാഹമോചനം ലഭിച്ചിരുന്നില്ല. സ്വന്തം മകളെ ഹോസ്റ്റലില്‍ ഒളിച്ചു കാണേണ്ട അവസ്ഥയായിരുന്നു. തുടര്‍ന്ന് കടലോരത്ത് സൂര്യോദയത്തിനായുള്ള കാത്തിരിപ്പിനിടെ, യൗവനത്തിലെ തന്റെ തന്നെ അസഫല പ്രണയത്തെ ഒരു കഥയായി അയാളും അവതരിപ്പിക്കുന്നു. ആ പ്രണയത്തിലെ നായിക, അയാളുടെ ഉപേക്ഷ കൊണ്ട് മറ്റൊരാളുടെ ഭാര്യയായി തീര്‍ന്നു. ഒടുവില്‍ അസന്തുഷ്ടമായ ദാമ്പത്യത്തില്‍ ആരോഗ്യം തകര്‍ന്ന് അവള് മരിച്ച കാര്യവും അവളെപ്പോലിരിക്കുന്ന അവളുടെ മകളെ വര്‍ഷങ്ങള്‍ക്കുശേഷം യാദൃച്ഛികമായി അയാള്‍ കണ്ടുമുട്ടിയ കാര്യവും ആ കഥയിലുണ്ടായിരുന്നു. ഗോപാല്‍പൂരിലെ കടലിനു മുകളില്‍ ഉണ്ടായിരുന്ന മേഘങ്ങള്‍ക്കു പിന്നില്‍ ഒളിച്ചുകളിച്ചിരുന്ന സൂര്യനെ കാണാന്‍ അവര്‍ ക്ഷമാപൂര്‍വം കാത്തിരിക്കുമ്പോഴാണ് 'ഗൗരി' അവസാനിക്കുന്നത്.
ഗൗരിയെക്കുറിച്ച്, 'പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധമായൊരു ലേഖനം നിരൂപകന് കെ.പി. അപ്പന് എഴുതിയിട്ടുണ്ട്. ഈ കഥയെ ലേഖകന്‍ 'സംയമനം കൊണ്ട് ആരോഗ്യകരമായിത്തീര്‍ന്ന' അതിന്റെ കാല്പനികസൗന്ദര്യത്തിന്റെ പേരില്‍ പുകഴ്ത്തുന്നു. 'രാഗചേഷ്ഠകളേയും രതിവിലാസങ്ങളേയും ഒഴിവാക്കുന്ന സ്ത്രീപുരുഷബന്ധത്തിന്റെ പ്രൗഢത വെളിപ്പെടുന്ന കഥ', 'മൃത്യുദര്‍ശനത്തിന്റെ അഗ്നിയിലിട്ടു നീറ്റി പ്രേമത്തെ പരിശുദ്ധമാക്കുന്ന കല'യുടെ മാതൃക എന്നെല്ലാം അതിനെ വിശേഷിപ്പിക്കുന്ന അപ്പന്, 'സ്നേഹവും മരണവും കാട്ടുപക്ഷികളെക്കണക്ക് ഇണചേരുന്ന' മികച്ച സ്നേഹകാവ്യങ്ങളുടെ ഗണത്തില്‍ അതിനെ ഉള്‍പ്പെടുത്തുന്നു.മലയാളത്തിലെ കഥാവിമര്ശനശാഖയില് നാഴികക്കല്ലായിത്തീര്‍ന്ന ലേഖനം എന്ന് കഥാകൃത്ത് ഇതിനെ വിശേഷിപ്പിക്കുന്നു. ടി. പത്മനാഭന്റെ കഥകള്‍ അവതാരികയില്ലാതെയാണ് സാധാരണ പ്രസിദ്ധീകരിക്കാറെങ്കിലും, ഈ നിരൂപണത്തെ തുടര്‍ന്നിറങ്ങിയ ഗൗരിയുടെ പതിപ്പുകളിലെല്ലാം അതു ചേര്‍ത്തിരുന്നു.ഈ കഥ ഉള്‍പ്പെടെയുള്ള പത്മനാഭന്റെ 12 കഥകള്‍ ചേര്‍ന്ന സമാഹാരത്തിനും 'ഗൗരി' എന്നു തന്നെയാണു പേര്. മലയാളത്തില്‍ കഥയ്ക്കുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു നേടിയത് ഈ കൃതിയാണ്.
Leave a Reply