ഇന്ദുലേഖ
നോവല്‍
(1889)
ലക്ഷണമൊത്ത ആദ്യ മലയാളനോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. കോളിന്‍സ് മദാമ്മയുടെ ഘാതകവധം (1877), ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുന്‍പുണ്ടായ നോവല്‍മാതൃകകള്‍. ഒരു നായര്‍ കുടുംബത്തിലെ കഥയാണ് ഇന്ദുലേഖയുടെ ഇതിവൃത്തം.
നായര്‍,നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും, നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും, അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു. അദ്ദേഹം കൂടി അംഗമായിരുന്ന മലബാര്‍ വിവാഹ കമ്മിഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ ഈ നോവലിനു സാധിച്ചു. മലയാളത്തിലെ പില്കാല നോവലുകളെ വലിയ അളവില്‍ ഇന്ദുലേഖ സ്വാധീനിച്ചു.ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തില്‍ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടില്‍ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്.
ഇന്ദുലേഖ ആദ്യം പ്രസിദ്ധികരിക്കാന്‍ പ്രസാധകര്‍ തയ്യാറാകാത്തതുകൊണ്ട് ആ വര്‍ഷം ഡിസംബറില്‍ ചന്ദു മേനോന്‍ സ്വന്തമായാണ് കോഴിക്കോട്ടെ ഇസ്‌പെക്ടെറ്റര്‍ പ്രെസ്സില്‍ അച്ചടിച്ച് പുറത്തിറക്കിയത്.1890 ജനുവരിയില്‍ നോവല്‍ വില്പനക്ക് എത്തി. മൂന്ന് മാസത്തിനുള്ളില്‍ ഒന്നാം പതിപ്പ് മുഴുവന്‍ വിറ്റു തീര്‍ന്നു. 1889 മുതല്‍ 2014 വരെ ഉദ്ദേശം ഒന്നരലക്ഷം കോപ്പിയെങ്കിലും അച്ചടിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി.ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് കണ്ടെടുത്ത യഥാര്‍ഥ ഇന്ദുലേഖയുടെ ഒന്നാം പതിപ്പില്‍ നിന്ന് നോവലിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയുന്ന രീതിയില്‍ വെട്ടിത്തിരുത്തലുകള്‍ നടന്നതായുള്ള തെളിവുകളും യഥാര്‍ഥ ഇന്ദുലേഖയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഭാഗങ്ങളും ഉള്‍പ്പെടുത്തി മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രത്യേക പതിപ്പ് തയ്യാറാക്കി. കഥാന്ത്യവും നോവലിന്റെ തുടക്കവും വെട്ടിമാറ്റപ്പെട്ട നിലയിലാണെന്നാണ് ഇത് കണ്ടെത്തിയ ഡോ. പി.കെ. രാജശേഖരന്‍, ഡോ. പി. വേണുഗോപാലന്‍ എന്നിവരുടെ അഭിപ്രായം. കഥാന്ത്യത്തില്‍ നോവലിസ്റ്റ് ഒ. ചന്തുമേനോന്‍ നിര്‍വഹിച്ച ചരിത്ര പ്രസക്തിയുള്ള സ്ത്രീപക്ഷ രാഷ്ട്രീയ പ്രസ്താവന ഒഴിവാക്കിയതായിരുന്നത്രെ. ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്തു എന്ന ഭാഗവും വികലമാക്കി.
വിവര്‍ത്തനങ്ങള്‍:
ഇന്ദുലേഖയ്ക്ക് പ്രധാനമായും രണ്ട് ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ് ഉള്ളത്: 1890ല്‍ ഇറങ്ങിയ ഡബ്ല്യൂ. ഡ്യൂമര്‍ഗിന്റെ വിവര്‍ത്തനവും 1995ലെ അനിതാ ദേവസ്യയുടെ വിവര്‍ത്തനവും.
Leave a Reply