ജീവിതമൂല്യങ്ങൾ, നല്ല ജീവിതപാഠങ്ങൾ
(അനുഭവങ്ങള്)
വി.സോമശേഖരൻ നാടാർ
മെലിൻഡ ബുക്സ്
ചരിത്രവും ഭൂമിശാസ്ത്രവും പുരാണേതിഹാസങ്ങളും അനുഭവകഥകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും സരളഭാഷയിൽ വിവരിക്കുന്ന പുസ്തകം. ഇതിലെ അധ്യായങ്ങൾ രസനിഷ്യന്ദികളാണ്. വായിച്ചുതീരുമ്പോൾ അവയുടെ സൗരഭവും മകരന്ദവും മനസ്സിലും ബുദ്ധിയിലും അലിഞ്ഞുചേരും. പുതിയ തലമുറ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘ജീവിത മൂല്യങ്ങൾ, നല്ല ജീവിത പാഠങ്ങൾ’, അവതാരിക ടി.ശശിമോഹൻ.
ആമുഖം
വി.സോമശേഖരൻ നാടാർ
അദ്ഭുതകരമാണ് മനുഷ്യജീവിതം. ജനനം മുതൽ മരണം വരെ നിയതി നിശ്ചയിക്കുന്ന അദൃശ്യപാതയിലൂടെയുള്ള ഒരു യാത്ര; അതാണ് ജീവിതം. ഈ യാത്രയിൽ ചുരുങ്ങിയത് വായുവും, വെള്ളവും, ആഹാരവും, വസ്ത്രവും ആശ്രയിക്കാൻ ഒരു അഭയസ്ഥാനവുമെങ്കിലും വേണ്ടതുണ്ട്. അവയ്ക്കായി ആദിമ മനുഷ്യർ തുടങ്ങിയ സഞ്ചാരമാണ് നാം തുടരുന്നത്. തുടക്കം കാൽനടയായിട്ടായിരുന്നു. മൃഗങ്ങളുടെ പുറത്തുകയറിയും, അവ വലിക്കുന്ന വണ്ടിയിലുമായി ആ യാത്ര തുടർന്നു. സ്വയം ചവിട്ടി കറക്കിയും, യന്ത്രം ഉപയോഗിച്ചു കറക്കിയും വേഗത കൂട്ടി. ഇന്നിപ്പോൾ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യുന്നു. വെള്ളത്തിലാണെങ്കിലോ? പൊങ്ങുതടിയിൽ ഒഴുക്കിനൊത്ത് സഞ്ചരിച്ച് തുടങ്ങിയത് ഇന്ന് ആധുനിക കപ്പലുകളിലും, അന്തർവാഹിനികളിലുമായി മഹാസമുദ്രങ്ങൾ താണ്ടുന്നു. ചൂട് വായുനിറച്ച ബലൂണിലും, ചെറു പ്രൊപ്പല്ലർ വിമാനത്തിലും ആരംഭിച്ച ആകാശസഞ്ചാരം ഭീമാകാരമുള്ള ജറ്റ് വിമാനങ്ങളിലെത്തി നിൽക്കുന്നു. അതിവേഗ റോക്കറ്റുകളുണ്ടാക്കാനായപ്പോൾ ഗോളാന്തര യാത്രയും നടത്താമെന്നായി. കുതിപ്പിന്റെ വേഗത കൂട്ടാനുളള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഒറ്റയാനായി ആദിമനുഷ്യൻ തുടങ്ങിയ യാത്രയിൽ കൂട്ടുകാരി കൂടെ ചേർന്നപ്പോൾ കുടുംബമായി, അതു വളർന്ന് സമൂഹമായി, രാഷ്ട്രങ്ങളായി. അവയുടെ സാങ്കല്പിക അതിരുകൾ ഭേദിച്ച് ലോകം ഒന്നാകെ ഒറ്റ സമൂഹമാവാൻ മനുഷ്യൻ ആശിച്ചു തുടങ്ങിയ അവസ്ഥയിലാണ് നാം ഇപ്പോൾ. അപാര കഴിവുകളുള്ള അതിസങ്കീർണമായ മസ്തിഷ്കമാണ് മനുഷ്യനുള്ളത്. അതിൽ ഉദയംകൊള്ളുന്ന ചിന്താധാരകളാണ് ഈ പറഞ്ഞ കണ്ടുപിടിത്തങ്ങൾക്കും, പുരോഗതിക്കും അടിസ്ഥാനം. സദ്ചിന്തകൾ മാത്രമല്ല, ദുഷ്ചിന്തകളും വിളയുന്ന ഒന്നാണ് മസ്തിഷ്ക്കമെന്ന ഈ അദ്ഭുതപ്രതിഭാസം. സദ്ചിന്തകൾ നന്മയിലേക്കും പുരോഗതിയിലേക്കും മനുഷ്യവംശത്തെയും ഈ ലോകത്തെയും നയിക്കുമ്പോൾ, തിന്മയിലേക്കും നാശത്തിലേക്കുമായിരിക്കും ദുഷ്ചിന്തകൾ നയിക്കുക.
മനുഷ്യജീവിതം സുഖകരമാക്കാനും ലോകത്തിന്റെ നിലനില്പ് ഭാസുരമാക്കാനും ബുദ്ധിയും ശരീരവും ഉപയോഗിച്ച് നിരന്തരം അധ്വാനിക്കുന്ന മനുഷ്യൻതന്നെയാണ്, നശീകരണ ആയുധങ്ങൾ കണ്ടുപിടിക്കാനും അതുപയോഗിച്ച് തമ്മിൽ തമ്മിൽ പോരടിച്ച് നശിക്കാനും ഉത്സാഹിക്കുന്നത് എന്നത് വൈരുധ്യമല്ലേ? മൃഗതുല്യരായി, പരസ്പരം കൊന്നുതിന്ന് പ്രാകൃതരായി കഴിഞ്ഞിരുന്ന ആദിമനുഷ്യരിൽനിന്ന് സാംസ്കാരികമായി വളരെയേറെ പുരോഗമിച്ച മനുഷ്യസമൂഹമായി നാം മാറി എന്ന് അവകാശപ്പെടണമെങ്കിൽ ഈ വൈരുധ്യം തിരുത്തപ്പെടണം. മനുഷ്യജീവിതം സന്തോഷപ്രദവും, സമാധാനപൂർണവും, അർത്ഥവത്തും ആകണമെങ്കിൽ നാം അത്രയും കൂടി വളരേണ്ടതുണ്ട്.
ഈ പ്രപഞ്ചം മുഴുവൻ നമ്മുടേതാണ്. എന്നാൽ, അത് ഓരോരുത്തർക്കും വേണ്ടി മാത്രമുള്ളതല്ല. പിന്നെയോ, മറ്റുള്ളവർക്കും, മറ്റ് ജീവജാലങ്ങൾക്കും, വരുംതലമുറകൾക്കും വേണ്ടിക്കൂടി ഉള്ളതാണ്. നാം ജീവിക്കുകയും ഒപ്പം മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും വേണം (Live and let others also live). ജീവിതയാത്ര സുഗമവും, ആസ്വാദ്യവും, സുരക്ഷിതവുമാക്കി സമാപിപ്പിക്കാനുള്ള സൂത്രവാക്യമാണത്.
സ്വകാര്യ സംഭാഷണങ്ങളിൽ സുഹൃത്തുക്കളുമായി ഇത്തരം ചിന്തകൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. അതിനിടെയാണ് ഒരു നിമിത്തംപോലെ കോഴിക്കോട് സ്വദേശിയായ ശ്രീ. അരുൺ അയൽവാസിയായി എത്തുന്നതും ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്യുന്നതും. അദ്ദേഹത്തിന്റെ സുഹൃത്തും, ഐ.ടി പ്രൊഫഷണലും, സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി സി.കെ. റാഹേലും ഇക്കാര്യത്തിൽ തത്പരയാണെന്നും, ഇതേക്കുറിച്ച് ഒരു ചെറുപുസ്തകം രചിച്ചുകൂടേ എന്നും ചോദിച്ചു. അങ്ങനെയാണ് മനസ്സിൽ പതിഞ്ഞ കഥകളും ചിന്തകളും, അറിവുകളും എല്ലാം ചേർത്ത് ഇത് തയ്യാറാക്കുന്നത്. അവരുടെ ചില നിർദേശങ്ങളും രചനയ്ക്ക് അവലംബമാക്കിയിട്ടുണ്ട്. അവർക്ക് എന്റെ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു.
എന്റെ സുഹൃത്തും മകളുടെ ജേണലിസം ഗുരുനാഥനും വഴികാട്ടിയുമായ ശ്രീ.ശശിമോഹൻ അതു വായിച്ച് തിരുത്തൽ വരുത്തി പ്രൗഢമായ അവതാരികയും എഴുതിത്തന്നതിലൂടെ പകർന്നുകിട്ടിയ ആത്മധൈര്യമാണ് ശങ്കിച്ചുനിന്ന എനിക്ക് മുന്നോട്ടുപോകാൻ പ്രചോദനമായത്. അദ്ദേഹത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
ആദ്യപതിപ്പ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ ചില സുഹൃത്തുക്കൾ ഏതാനും ചെറുതിരുത്തലുകൾ കൂടി നിർദേശിച്ചിരുന്നു. ആ തിരുത്തലുകൾ ഈ പതിപ്പിൽ വരുത്തിയിട്ടുണ്ട് എന്നറിയിക്കുവാൻ സന്തോഷമുണ്ട്.
ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് 2023 സെപ്റ്റംബറിൽ സ്വന്തമായി പ്രസിദ്ധപ്പെടുത്തി. അന്ന് അച്ചടിച്ച ആയിരം കോപ്പി യിൽ ഇനി വളരെക്കുറച്ചെണ്ണമേ അവശേഷിച്ചിട്ടുള്ളൂ. ഒന്നുരണ്ട് അനുഭവകഥകൾ കൂടി ഉൾപ്പടുത്തിയാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്നത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ കൂടി പ്രസിദ്ധപ്പെടുത്തിയാൽ കൂടുതൽ കുട്ടികൾ വായിക്കുമെന്ന അഭ്യുദയകാംക്ഷികളുടെ അഭിപ്രായം മാനിച്ച് പരിഭാഷകൂടി ഇതോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തുന്നുണ്ട്.

Leave a Reply