(ലേഖന സമാഹാരം)
സുഗതകുമാരി
ഡി സി ബുക്‌സ് 1981
കുറേയേറെ വർഷങ്ങളായി കാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പലതും പറഞ്ഞും വിമർശിച്ചും ആവലാതിപ്പെട്ടും വ്യസനിച്ചും നമ്മുടെ ഇടയിൽ പ്രശസ്ത കവയിത്രി സുഗതകുമാരി ഉണ്ട്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് നീണ്ട് വർഷങ്ങളിലെഴുതിയ ലേഖനങ്ങളൊന്നിച്ചു സമാഹരിച്ചതാണ് കാടിനു കാവൽ. ഇതിൽ കാടിന്റെ ഇനിയും നിലയ്ക്കാത്ത ഹൃദയതാളമുണ്ട്. പ്രകൃതിക്കുനേരെ കന്മഴു ഉയരുമ്പോഴുള്ള അരുതേ… എന്ന നിലവിളിയുണ്ട്. വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ തെളിനീരുറവയും ഉണ്ട്. മിക്കവാറും തോൽക്കുന്നവയും ചിലപ്പോൾ മാത്രം ഫലംകണ്ടവയും പലപ്പോഴും അനന്തമായി നീളുന്നതുമായ യുദ്ധങ്ങളുടെ ഓർമ്മകൾ..
ഉള്ളടക്കം
ആ കവിയെ ഞാനറിയുന്നു
കാട്
വനരോദനം
വഴിയോരപ്പൂക്കള്‍
നിത്യഹരിതവനങ്ങള്‍
ശബരിഗിരിക്കാടുകള്‍ പഠിപ്പിച്ച പാഠം
കേരളമോ, ചമ്പല്‍ക്കാടോ?
കാടു കേഴുന്നു, കനിവിനായി
മാവൂര്‍ ഗ്രാസിം എന്ന ധിക്കാരം
പൂയംകുട്ടി
പൂയംകുട്ടി വീണ്ടും
ആണവനിലയം-ഞങ്ങള്‍ നിഷേധിക്കുന്നു
ഞങ്ങള്‍ എന്തുകൊണ്ട് അണുശക്തിനിലയത്തെ എതിര്‍ക്കുന്നു?
പച്ചവെളിച്ചം
നര്‍മ്മദ വിളിക്കുന്നു
നര്‍മ്മദാ തീരവാസികള്‍ക്കുവേണ്ടി
അഗസ്ത്യവനം-കാടിനെ കൊന്നു പാര്‍ക്ക് വേണോ?
ജീരകപ്പാറയ്ക്ക് വധശിക്ഷയോ?
കൃഷിചെയ്യാന്‍ വനം
കുടിവെള്ളത്തിനുവേണ്ടി
‘കല്ലും മുള്ളും കാലുക്കു മെത്ത’
ഇരുട്ടും ചൂടും വിധിക്കപ്പെട്ടവര്‍
ആരാണീ വനംവകുപ്പിന്റെ യജമാനന്മാര്‍?
അട്ടപ്പാടിയിലെ കഞ്ചാവുകൃഷി
യാഥാര്‍ത്ഥ്യങ്ങള്‍, കാപട്യങ്ങള്‍, നിസ്സഹായത
മതി; ആദിവാസിയെക്കൊണ്ടുള്ള ചൂതുകളി
വനത്തിനും വനവാസിക്കുംവേണ്ടി
നാട്ടുരാശാക്കളോട്
എക്‌സ്പ്രസ്സ് ഹൈവേ: ചില ലളിതമായ സംശയങ്ങള്‍
പാത്രക്കടവ് പ്രശം
വനവിവാദങ്ങള്‍
നിയമങ്ങള്‍കൊണ്ട് എന്തുകാര്യം?
ആനക്കമ്പം
ഏലക്കാടുകളും ഇടതുസര്‍ക്കാരും
നാണക്കേട്
എന്‍ഡോസള്‍ഫാന്‍-കേന്ദ്രത്തിലെ സംശയാലുക്കളോട്
വിളപ്പില്‍ശാല മാലിന്യപ്രശ്‌നം
മൂച്ചിക്കുണ്ട്
അച്ചന്‍കോവില്‍ മരംവെട്ട്
അട്ടപ്പാടിയില്‍ കൃഷ്ണവനം
കാടിനു കാവല്‍ നാംതന്നെ
…………
ആമുഖത്തില്‍
സുഗതകുമാരി
മാവൂര്‍, ഓലിപ്പാറ, പ്ലാച്ചിമട, പാത്രക്കടവ്, അതിരപ്പിള്ളി, എന്‍ഡോസള്‍ഫാന്‍, എത്രയെത്ര രണവേദികള്‍!
ഓരോ സാഹസത്തിനും എനിക്കു തുണനിന്നത് എന്റെ ഭര്‍ത്താവ് കെ.വേലായുധന്‍ നായരാണ്, എന്റെ വീട്ടുകാരാണ്. സൈലന്റ് വാലിക്കാലത്ത് അവശയായിക്കഴിഞ്ഞിരുന്നുവെങ്കിലും തുടര്‍ച്ചയായിരുന്ന് കത്തുകള്‍ക്കു മേല്‍വിലാസമെഴുതുന്ന എന്റെ അമ്മയെ, ”ഈ കുഞ്ഞുപുഴയെയാണോ ചങ്ങലയ്ക്കിടുന്നത്?”എന്ന് സതീശ്ചന്ദ്രന്‍ കാണിച്ച കുന്തിപ്പുഴയുടെ സ്ലൈഡ് കണ്ട് കണ്ഠമിടറിച്ചോദിച്ച എന്റെ അമ്മയെ ഞാന്‍ നമസ്‌കരിക്കുന്നു. സൈലന്റ് വാലിയെപ്പറ്റിയുള്ള ആദ്യത്തെ കേസിനുവേണ്ട മാറ്റര്‍ തയ്യാറാക്കിയ എന്റെ അനുജത്തി സുജാത എന്നും ‘ഇരുണ്ട കാടുകളുടെ താളം തേടി’ നടക്കുന്നവളാണ്. എന്റെ അനുജന്‍ ഗോപാലകൃഷ്ണന്‍ എന്നും വനംകേസുകള്‍ക്ക് സഹായിയായി കൂടെനിന്നു. എന്റെ ചേച്ചി ഹൃദയകുമാരി എല്ലാ കാര്യങ്ങള്‍ക്കും താല്‍പര്യത്തോടെ സഹായിച്ചു. എന്റെ അച്ഛന്‍ അനുഗ്രഹമായി എപ്പോഴും ഒപ്പമുണ്ടായിരുന്നു. ഞങ്ങളുടെ പെണ്‍കുട്ടികള്‍ ലക്ഷ്മിയും ശ്രീദേവിയുമടക്കം ഒരു കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയും ഈ യത്‌നങ്ങളില്‍ എനിക്കു ലഭിച്ചുവെന്നത് എന്റെ ഭാഗ്യമത്രെ.
എങ്കിലും വഴി അതീവ ക്ലിഷ്ടമായിരുന്നു. ദുഃഖമയമായിരുന്നു. ഭയവും അവിശ്വാസവും നിറഞ്ഞതായിരുന്നു. അതിന്റെ ഒടുക്കത്തെ കവലയില്‍ തനിച്ചുനിന്ന് ഞാന്‍ പഴയ താളുകള്‍ ചികയുന്നു. പഴയ മുഖങ്ങളിലേക്ക് നഷ്ടബോധത്തോടെ, സ്‌നേഹത്തോടെ നോക്കുന്നു. മിക്കവാറും തോല്ക്കുന്നവയും ചിലപ്പോള്‍ മാത്രം ഫലം കണ്ടവയും പലപ്പോഴും അനന്തമായി നീളുന്നവയുമായ യുദ്ധങ്ങളുടെ ഓര്‍മ്മകളാണീ ലേഖനങ്ങള്‍. മറക്കാതിരിക്കാന്‍വേണ്ടി കൂട്ടിവയ്ക്കുന്നു എന്നുമാത്രം. സദയം സ്വീകരിക്കുക.
……………….
നിത്യഹരിതവനങ്ങള്‍
സുഗതകുമാരി
സ്മൃതിയിലെ ഏറ്റവും വിശിഷ്ടങ്ങളായ, അത്ഭുതകരങ്ങളായ രംഗങ്ങളാണ് നിത്യഹരിതവനങ്ങള്‍ കാഴ്ചവയ്ക്കുന്നത്. ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി ലോകമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന, മഴയും വെയിലും ധാരാളമായി ലഭിക്കുന്ന കാടുകളെയാണ് ഉഷ്ണമേഖലാ നിത്യഹരിത വൃഷ്ടവനങ്ങള്‍ (Tropical Wet evergreen forests) അഥവാ മഴക്കാടുകള്‍ (Rain forests: എന്നു പറയുന്നത്. വിസ്തൃതിയില്‍ ചുരുങ്ങിയവയെങ്കിലും സ്വന്തമായ പ്രത്യേകതകളുള്ള നിത്യഹരിതവനങ്ങള്‍ ഇന്ത്യയിലെ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവുകളിലും കിഴക്കന്‍ ഹിമാലയത്തിന്റെ താഴ്വാരങ്ങളിലുമുണ്ട്.
ജീവപരിണാമ ചരിത്രത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള സസ്യജന്തുസമൂഹമാണ് നിത്യഹരിതവനങ്ങള്‍. ഭൂതലത്തിലെ വമ്പിച്ച കാലാവസ്ഥാ വ്യതിയാനങ്ങളും ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനങ്ങളും മധ്യരേഖാപ്രദേശത്തെ ബാധിച്ചില്ല. അതിനാല്‍ കോടിക്കണക്കിനു കൊല്ലങ്ങളായി അവിടെ ജീവപരിണാമം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരുന്നു. തന്മൂലം ഭൂമിയില്‍ മറ്റൊരിടത്തുമില്ലാത്ത ജൈവ വൈവിധ്യം നിത്യഹരിതവനങ്ങളുടെ സ്വന്തമായി.
ഒരു ഹെക്ടര്‍ മഴക്കാടില്‍ 13000-ല്‍പരം വിവിധ ജാതി (species) സസ്യങ്ങളുണ്ടായിരിക്കും; നൂറിലധികം ജാതി വൃക്ഷങ്ങളും. അതേസമയം, ഇല പൊഴിക്കുംകാടുകളിലും സൂചിയിലക്കാടുകളിലുമുള്ള സസ്യജാതികളുടെ എണ്ണം അമ്പതില്‍ താഴെ മാത്രവും.
ജീവന്റെ ഏറ്റവും ധന്യമായ പ്രകാശനമെന്നും പരിണാമത്തിന്റെ പിള്ളത്തൊട്ടിലെന്നും വിശേഷിപ്പിക്കപ്പെടുന്ന നിത്യഹരിതവനങ്ങളില്‍ ശാസ്ത്രത്തിന് ഇനിയും പരിചിതമല്ലാത്ത ലക്ഷക്കണക്കിനു ജാതി സസ്യങ്ങളും ജന്തുക്കളുമുണ്ട്. ജൈവശാസ്ത്രജ്ഞന്മാരുടെ കണക്കനുസരിച്ച്, ഭൂമിയിലാകെ 30,100 ലക്ഷം ജാതി സസ്യങ്ങളും ജന്തുക്കളുമാണുള്ളത്. ഇതില്‍ ഏകദേശം 15 ലക്ഷം മാത്രമേ ശാസ്ത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളു. ഇനിയും കണ്ടുപിടിക്കേണ്ട സ്പീഷീസുകളില്‍ മിക്കവയും ഉഷ്ണമേഖലാ വനങ്ങളിലാണുള്ളത്. ഇന്നത്തെ അളവില്‍ വനനശീകരണം തുടരുകയാണ ങ്കില്‍ ലോകത്തൊട്ടാകെ ഒരു വര്‍ഷം 160 ലക്ഷം ഹെക്ടര്‍ നിത്യഹരിത വനം നശിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. ശാസ്ത്രത്തിന്റെ കണ്ണില്‍പ്പെടുന്നതിനു മുമ്പുതന്നെ ആയിരക്കണക്കിനു ജനുസ്സുകള്‍ വംശനാശത്തിന്റെ വഴിയില്‍ അപ്രത്യക്ഷരാവും. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ പത്തുകൊല്ലത്തില്‍ ഒരു ജന്തുജാതി എന്ന കണക്കിന് വംശനാശത്തിനിരയായിക്കൊണ്ടിരുന്നു. പക്ഷേ ഇന്ന്, അന്താരാഷ്ട്ര പ്രകൃതി-പ്രകൃതിവിഭവ സംരക്ഷണ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തൊട്ടാകെ പ്രതിവര്‍ഷം ഒരു ജന്തുജാതി എന്ന കണക്കിനു തിരോഭവിച്ചുകൊണ്ടിരിക്കുന്നു. സസ്യങ്ങളെയും കൂടി കണക്കിലെടുത്താല്‍ ഇതിലും എത്രയോ ഭീതിദമായ തോതിലാണ് ഭൂമിയിലെ ജീവന്‍ ചോര്‍ന്നു പൊയ്‌കൊണ്ടിരിക്കുന്നത്.
ഒരു മിനിറ്റില്‍ 30 ഹെക്ടര്‍ എന്ന തോതില്‍ നിത്യഹരിതവനങ്ങള്‍ നശിപ്പിക്കപ്പെടുന്നതുമൂലം ഒരുദിവസം ഒരു ജൈവജാതി എന്ന തോതിലാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് എന്നു നോര്‍മന്‍ മയേര്‍സ് എന്ന ശാസ്ത്രജ്ഞന്‍ കണക്കാക്കുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ അത് മണിക്കൂറില്‍ ഒരു ജാതി എന്ന തോതിലായിത്തീരുമെന്നും അദ്ദേഹം പറയുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്ക് പത്തുലക്ഷം സ്പീഷീസെങ്കിലും നശിക്കും. നശീകരണത്തിന്റെ ഫലമായും ജലവായു മലിനീകരണംകൊണ്ടും രണ്ടായിരാമാണ്ടോടെ കുറഞ്ഞത് അഞ്ചുലക്ഷം സ്പീഷീസെങ്കിലും നാമാവശേഷമാകും.
നിത്യഹരിതവനങ്ങളെ നാമെങ്ങനെയാണ് ‘വനശാസ്ത്ര’ പ്രകാരം പരിപാലിച്ചു ചൂഷണം ചെയ്യുന്നത്? നിത്യഹരിതവനങ്ങള്‍ വളരുന്ന കാലാവസ്ഥയും ഭൂപ്രകൃതിയും കാപ്പിക്കൃഷിക്കും തേയിലത്തോട്ടങ്ങള്‍ക്കും ഏറ്റവും അനുയോജ്യമെന്നു കണ്ടുപിടിച്ചതു മുതല്‍ തുടങ്ങുന്നു അവയുടെ നാശം. ഹൈറേഞ്ചിലും നെല്ലിയാംപതിയിലും പിന്നീടു വയനാട്ടിലും നിത്യഹരിതവനങ്ങള്‍ കാപ്പി-തേയിലെ തോട്ടങ്ങള്‍ക്ക് വഴിമാറി. കുറേക്കൂടി അടുത്ത കാലത്താണ് ഏലകൃഷി വ്യാപിച്ചത്. ബാക്കിനിന്ന നിത്യഹരിതവനങ്ങളുടെ നല്ലൊരംശം നാട്ടുകാര്‍ക്കും അധികൃതര്‍ക്കും ഏലത്തോട്ടം വളര്‍ത്താനായി നഷ്ടപ്പെട്ടു. ഇന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
പദ്ധതിവികസനം കടന്നുവന്ന സ്വതന്ത്രഭാരതത്തില്‍ കേരളത്തിലെ അണക്കെട്ടുവ്യവസായം സഹ്യസാനുക്കളിലായിരുന്നതിനാല്‍ പര്‍വത താഴ്വാരങ്ങളിലെ മിക്ക നിത്യഹരിത വനങ്ങളും തുടച്ചുമാറ്റപ്പെട്ടു. ഡിപ്പാര്‍ട്ടു മെന്റ് വനവികസനം കൂടുതല്‍ വിലപിടിപ്പുള്ള തടി നല്കുന്ന ഇലപൊഴിക്കും കാടുകളില്‍ കേന്ദ്രീകരിച്ചിരുന്നതിനാലും തേക്കു നടാന്‍ നിത്യഹരിതവനം അനുയോജ്യമല്ലാത്തതിനാലും അവ ‘കണ്‍സര്‍വേറ്റര്‍’മാരില്‍നിന്ന് അടുത്ത കാലംവരെ രക്ഷപ്പെട്ടിരുന്നു. റെയില്‍വേ സ്‌ളീപ്പറിന് അവിടെയും ഇവിടെയും മാത്രം വെട്ടിയിരുന്നു. എന്നാല്‍, വെട്ടാവുന്ന മറ്റു കാടുകളെല്ലാം തോട്ടവും കൈയേറ്റവും കൂടി പങ്കിട്ടെടുത്തു കഴിഞ്ഞപ്പോള്‍ യൂക്കാലിപ്റ്റസ് എന്ന കല്പവൃക്ഷത്തെ വനംവകുപ്പുകാര്‍ കണ്ടുപിടിച്ചു. ഇതുവരെ മഴ കുറവുള്ള വരണ്ട പ്രദേശങ്ങളില്‍ വളര്‍ന്നിരുന്ന അത് നിത്യഹരിതവന ത്തിന്റെ വ്യാധിയുമായി. വാഴച്ചാലിലും വയനാട്ടിലും കുളത്തൂപ്പുഴയിലും മറ്റും നിത്യഹരിതവനങ്ങളില്‍ നട്ട യൂക്കാലിപ്റ്റസിനെന്തു സംഭവിച്ചുവെന്നത് വിവരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല.
വനംവകുപ്പുകാരുടെ ശാസ്ത്രപ്രകാരം, നിത്യഹരിതവനങ്ങളിലെ ഈ പടുകൂറ്റന്‍ മരങ്ങളെല്ലാം ചുമ്മാതങ്ങനെ വളര്‍ന്നു നശിച്ചു പട്ടുപാഴായി മണ്ണടിയാന്‍ അനുവദിക്കുന്നതു തെറ്റാണ്. പോരാത്തതിന് അടിക്കാടധികമില്ലാത്ത
നിത്യഹരിതവനങ്ങള്‍ വെറുതെയങ്ങനെ നിലനില്ക്കുകയില്ല. അതുകൊണ്ട് വെട്ടാന്‍ പറ്റിയ വന്‍മരങ്ങളുടെ തൈകള്‍ വീണ്ടും കിളിര്‍പ്പിക്കണമെങ്കില്‍ കാട്ടില്‍ വെളിച്ചം വീഴണം. അതിനു വനവികസനം കൂടിയേതീരൂ. ഇക്കണ്ട കാലമത്രയും നിത്യഹരിതവനങ്ങളില്‍ മരത്തെ വളര്‍ത്താന്‍ വനംവകുപ്പുകാര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമല്ല. പക്ഷേ, വെട്ടിവെളുപ്പിച്ചേടത്തു കിളിര്‍ത്തതു കമ്യൂണിസ്റ്റ് പച്ചയും പൂച്ചെടിയുമായിരുന്നു.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നാല്‍ മാത്രം പോരാ, ഞെക്കിപ്പിഴിഞ്ഞു നോക്കുകയും വേണം. കാരണം നമ്മുടേതൊരു ദരിദ്രരാജ്യമല്ലേ? ഇവിടത്തെ സര്‍വ പ്രവൃത്തിയും പാവപ്പെട്ടവനുവേണ്ടിയുമല്ലേ? ഒക്കെപ്പൊരാഞ്ഞു നമ്മുടെ ഒരു മുഖ്യമന്ത്രിതന്നെ പണ്ടൊരിക്കല്‍ കണ്ടുപിടിച്ചല്ലോ, പരിസരശാസ്ത്രം അഥവാ ഇക്കോളജി വികസിത രാജ്യങ്ങളുടെ വെറും ആഡംബരം മാത്രമാണെന്ന്!
നിത്യഹരിതവനങ്ങള്‍ കാര്യക്ഷമമായി പരിപാലിക്കാനായി വനസംരക്ഷകന്‍ ആ വിധമുള്ള ഒരു വന്‍കാട്ടില്‍ സെലക്ഷന്‍ ഫെല്ലിങ് എന്ന നിയമാനുസൃതമായ മരംവെട്ടല്‍ നടത്തുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നു പരിശോധിക്കാം. ഒരേക്കറില്‍ രണ്ടുമരം വെട്ടുക എന്നതായിരുന്നു പഴയ നിയമം. ഇന്നത് ഒരു ഹെക്ടറില്‍ പരമാവധി പത്തെന്നായിരിക്കുന്നു. ആ പത്തുതന്നെ പത്തില്‍നിന്നാല്‍പ്പോലും കാടിന് എങ്ങനെ ഹാനിവരുത്തുന്നു എന്ന് ആരും മനസ്സിലാക്കാറില്ല. സൂര്യപ്രകാശത്തിനുവേണ്ടിയുള്ള നിര്‍ദയമായ മത്സരത്തില്‍ ജയിച്ചുവളര്‍ന്ന നിത്യഹരിതവനത്തിലെ 150 അടി പൊക്കവും എട്ടോ പത്തോ അടി തടിചുറ്റളവുമുള്ള ഒരു കൂറ്റന്‍ മരം ചുവട്ടില്‍വച്ചു വെട്ടിമറിക്കുന്നുവെന്നിരിക്കട്ടെ. മുഴുവന്‍ കാടും കുലുക്കിക്കൊണ്ട് ആ മഹാവൃക്ഷം വീണുമരിക്കുന്നു. വീഴുന്നിടത്തുള്ള എല്ലാറ്റിനെയും അതു തകര്‍ക്കുന്നു. അരികിലുള്ള പല മരങ്ങളും ആ ആഘാതത്തില്‍ വീണുതകരുന്നു. ചെറുമരങ്ങള്‍ ഒടിഞ്ഞു ചതയുന്നു. അതോടെ ആ വനമേല്ക്കൂരയില്‍ ഒരു നെടിയ വിള്ളല്‍ പ്രത്യക്ഷപ്പെടുന്നു. സൂര്യന്റെ വെയിലും ചൂടും തണുത്ത വനഹൃദയത്തിലേക്ക് ഉരുകിവീഴുന്നു. വനമാകെ അസ്വസ്ഥമാകുന്നു.
അവിടെ തീരുന്നില്ല. ഈ വൃക്ഷഭീമനെയും കൂടെ നിലംപതിച്ചവയെയുമെല്ലാം വെട്ടിമുറിക്കാന്‍ കൂടുതല്‍ ആളുകളെത്തുന്നു. വലിയ തടിക്കഷ്ണങ്ങള്‍ വലിച്ചുകൊണ്ടുപോകാന്‍ ആനകളെത്തുന്നു. പുകതുപ്പിയും ഇരമ്പിയും ലോറികളെത്തുന്നു. ലോറികളെത്താന്‍ ആദ്യംതന്നെ കാട്ടില്‍ റോഡ് വെട്ടുന്നു. റോഡിനിരുവശത്തും വേരുകള്‍ മുറിഞ്ഞും മറ്റും വന്‍മരങ്ങള്‍ അതിവേഗം നിലംപതിക്കുന്നു. ഓരോ വന്‍മരത്തിനുവേണ്ടിയും പ്രത്യേകം പ്രത്യേകം ചെറുമരങ്ങള്‍ നിര്‍ദാക്ഷിണ്യം വെട്ടിനശിപ്പിക്കപ്പെടുന്നു. അങ്ങനെ ഒരു മഹാവൃക്ഷത്തിന്റെ പതനം എത്രയോ അധികം വനഭൂമിക്കു നാശമുളവാക്കുന്നു. നമ്മുടെ ഓരോ നിത്യഹരിതവനത്തിലും ആണ്ടോടാണ്ടു ലക്ഷക്കണക്കിനാണ് ഇങ്ങനെ മരം വെട്ടിയുള്ള വനപരിപാലനം നടക്കുന്നത്.
കേരളത്തിലെ എല്ലാ കാടുകളുടെയും കഥയാണിത്. ഇതു നിര്‍ദയം, അനുസ്യൂതം, നിര്‍ഭയം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
സായിപ്പിന് അടിമകളുടെ കാടുകളോടു കുറേക്കൂടി കാരുണ്യമുണ്ടായിരുന്നു. അവര്‍ കൂപ്പുലേലം ചെറുതുണ്ടുകളില്‍-അമ്പത് ഏക്കറിലോ മറ്റോ-ഒതുക്കി നിര്‍ത്തിപ്പോന്നു. ശ്രദ്ധയോടെ, നിയമാനുസൃതം അക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. നാട്ടുകാര്‍ക്കു സായിപ്പിനെ ഭയമായിരുന്നു. അഴിമതി കാട്ടുന്നവരെ കഠിനമായി ശിക്ഷിക്കാനും അവര്‍ക്കു കഴിഞ്ഞിരുന്നു. ഇന്നോ? നമുക്കതു വിസ്തരിക്കാതിരിക്കുക.
(ഡോ. സതീശ്ചന്ദ്രന്‍ നായരുമായി ചേര്‍ന്നെഴുതിയത്)