(കവിതകള്‍)
ഖലീല്‍ ജിബ്രാന്‍
ഡി.സി ബുക്‌സ് 2023
ജിബ്രാന്‍കൃതികളില്‍ ഒരിടത്ത് കടലിനു പുറംതിരിഞ്ഞിരിക്കുന്ന മനുഷ്യനെ കാണാം. കാതിനോട് അടുപ്പിച്ചുവച്ച ശംഖിന്റെ മര്‍മ്മരശബ്ദം ശ്രവിച്ച് ഉറക്കെ അയാള്‍ വിളിച്ചുപറയുന്നു, ”ഇതാണ് സമുദ്രം! ഭയാനകമായ മഹാസമുദ്രം”, അതുകണ്ട ജിബ്രാന്റെ ആത്മാവ് മന്ത്രിക്കുന്നു, ”ഇതാ ഒരു ഭൗതികവാദി! ദുര്‍ഗ്രഹമായ പ്രാപഞ്ചികരഹസ്യങ്ങളുടെ നേര്‍ക്ക് കണ്ണുകള്‍ പൂട്ടിയടച്ച് സദാ നിസ്സാരതകളില്‍ അഭിരമിക്കുന്നവന്‍. നമുക്ക് ഈ തീരത്തുനിന്നു പോവുക. ഇവിടെ നമുക്ക് കുളിക്കാന്‍ പാകത്തില്‍ ഏകാന്തമായ ഇടങ്ങള്‍ ഒന്നുമില്ല. ഈ തുറസ്സായ സ്ഥലത്ത് ഞാനെന്റെ മാറിടം തുറന്നുകാട്ടില്ല. ഈ തെളിഞ്ഞ പ്രകാശത്തില്‍ ഞാനെന്റെ വസ്ത്രങ്ങള്‍ അഴിക്കയോ നഗ്‌നനായി നിലകൊള്‍കയോ ഉണ്ടാവില്ല. ”പാശ്ചാത്യലോകം പൊള്ളയായ ഭൗതികപുരോഗതിയെ പരിണയിക്കുന്ന കാലഘട്ടത്തില്‍ ആയിരുന്നു ജിബ്രാന്‍ അവതരിച്ചത്. ഒരേസമയം കവിയും പ്രവാചകനും ചിത്രകാരനും ആയിരുന്ന ആ ഉജ്ജ്വലാത്മാവ് തന്റെ കാലത്തിന്റെ സന്ദിഗ്ദ്ധതകളെ രചനയിലേക്ക് ആവാഹിച്ചു. ജിബ്രാന്റെ രചനകള്‍ കാലദേശങ്ങളെ ഉല്ലംഘിക്കുന്നു. തലമുറകളെ ആശ്ലേഷിക്കുന്നു. ലാളിത്യവും ഗഹനതയും ഇരട്ടകളെപ്പോലെ അവയില്‍ സഹവസിക്കുന്നു. അചുംബിതമായ കല്പനാസമൃദ്ധികൊണ്ടും ആര്‍ജ്ജവമാര്‍ന്ന വാങ്മയ വൈഭവംകൊണ്ടും അന്യൂനമായ ലിറിസിസംകൊണ്ടും അവ നമ്മെ എപ്പോഴും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.
ആധുനികമനുഷ്യന്റെ ആത്മീയ വരള്‍ച്ചയുടെമേല്‍ അലിവിന്റെ മാരിമേഘവും സത്യത്തിന്റെ വിദ്യുത്ലതികയുമായിവന്ന കാവ്യപ്രവാചകനായിരുന്നു ജിബ്രാന്‍. സൂഫിയുടെ ഭാഷയില്‍ സംസാരിക്കുകയും ബൈബിളിന്റെ ദര്‍ശനദീപ്തിയില്‍ പുതിയൊരു ക്രിസ്തുവിനെ പിന്തുടരുകയും ചെയ്യുന്ന ജിബ്രാന്റെ കവിത കാലാതിവര്‍ത്തിയായതില്‍ അതിശയിക്കാനില്ല. മതങ്ങളുടെ ചട്ടക്കൂടുകളെ അതിവര്‍ത്തിച്ച വിപ്ലവകാരിയായ ആ പ്രവാചകന്റെ ആത്മാവില്‍നിന്നും പ്രവഹിച്ച, മനുഷ്യരാശിയെ മുഴുവനും സ്നേഹത്തിന്റെ മാന്ത്രികസ്പര്‍ശത്തില്‍ ഒന്നിപ്പിക്കുന്ന കൃതികളുടെ സമാഹാരം.