നിരണം കവികളിലൊരാളും കണ്ണശ്ശകവി എന്നറിയപ്പെടുന്നയാളുമായ രാമന്റെ കൃതികളില്‍ ഒന്നാണിത്. വാല്മീകീരാമായണത്തിന്റെ സംക്ഷേപമാണിത്. കാച്ചിക്കുറുക്കിയെടുത്ത വാല്മീകീരാമായണം എന്നാണ് ഇതിനെ ഡോ. പുതുശേ്ശരി രാമചന്ദ്രന്‍ വിശേഷിപ്പിച്ചിട്ടുളളത്. കഥാഘടനയില്‍ മൂലകൃതിയില്‍നിന്ന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, വാല്മീകീരാമായണത്തിന്റെ വിവര്‍ത്തനമെന്നു പറഞ്ഞുകൂടാ. 24000 മൂലശേ്‌ളാകങ്ങളെ 3059 പാട്ടുകളിലേക്ക് പകര്‍ന്നിരിക്കുന്നു. മിതവാക്കും ഗൗരവക്കാരനുമായ രാമന് പരത്തിപ്പറയുന്നത് ഇഷ്ടമല്ല. സംഭോഗശൃംഗാര വര്‍ണ്ണനകള്‍ ആവുന്നതും ചുരുക്കുന്ന കവി, വിപ്രലംഭ ശൃംഗാരാവിഷ്‌ക്കരണത്തില്‍ പിശുക്കനല്ല. വാത്സല്യവും പ്രിയപ്പെട്ട ഭാവമാണ്. അദ്വൈതജ്ഞാനനിഷ്ഠമായ ഭക്തിയാണ് രാമായണകര്‍ത്താവ് കൂടുതലും പ്രകടിപ്പിക്കുന്നത്. വാക്കിലും പൊരുളിലുമുളള സംയമനം ഏറ്റവുമധികം പ്രകാശിക്കുന്നത് നിരണംകവികളില്‍ രാമന്റെ കൃതികളിലാണ്. ഭാഷാഭാഗവതവും ഭാരതവും ശിവരാത്രി മാഹാത്മ്യവുമൊക്കെ എഴുതിയിട്ടുണ്ടെങ്കിലും രാമായണം എന്ന ഒറ്റകൃതികൊണ്ടുതന്നെ അമരത്വമാര്‍ന്നിട്ടുണ്ട് കണ്ണശ്ശരാമായണ കര്‍ത്താവ്.
രാമായണത്തിലെ ഒരു ഭാഗംഃ
    'ഇടിയാകിന്ന മിഴാവൊലിയാലുടനേവര്‍ക്കും പരിതാപം കളവാന്‍
    ചുടരേറും മിന്നല്‍പ്പുണരാകിയ തൂയവിളക്കുകൊളുത്തി വിശേഷാല്‍.
    വടിവേലും  വരിവണ്ടുകള്‍ പാട, മയൂരാദികള്‍
    മകിഴ്‌വെയ്തുംവണ്ണം
    നടനാകിയ കാര്‍കാലം വന്നൊരു നാടകമാടും പൊലിവിതുപാരാ