കാറല്‍മാന്‍ ചരിതം
വിദ്വാനും കവിയും നടനുമായിരുന്ന കൊച്ചിക്കാരന്‍ വറീച്ചനണ്ണാവി രചിച്ച ചവിട്ടുനാടകമാണ് കാറല്‍മാന്‍ ചരിതം. എ.ഡി. എട്ടാം ശതകത്തില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വിശുദ്ധ റോമന്‍ ചക്രവര്‍ത്തി കാറല്‍മാന്‍ എമ്പ്രദോരും അദ്ദേഹത്തിന്റെ പാരിമാരും കൂടി തുര്‍ക്കികളെ തോല്‍പ്പിച്ച് ക്രിസ്തുമതത്തില്‍ ചേര്‍ത്തതാണ് ഇതിന്റെ ഇതിവൃത്തം. ഇതില്‍ പല യുദ്ധ വര്‍ണ്ണനകളും പ്രണയരംഗങ്ങളും, പാതാളപര്യടനങ്ങളുടെയും ധീരകൃത്യങ്ങളുടെയും അത്ഭുതസംഭവങ്ങളുടെയും വിവരണങ്ങളുമുണ്ട്. എണ്‍പതോളം കഥാപാത്രങ്ങളുള്ള ഈ നാടകം ഏഴു ദിവസം കൊണ്ടേ മുഴുവനായി അഭിനയിച്ചു തീരുകയുള്ളൂ. വ്യക്തിപ്രഭാവനായ കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ മഹിമാതിരേകത്തെ പാടിപ്പുകഴ്ത്തുന്ന വരവു വിരുത്തത്തോടെയാരംഭിക്കുന്ന ഈ ചവിട്ടു നാടകത്തിന് അഞ്ച് ഭാഗങ്ങളാണുള്ളത്.
'കിമൈശേര്‍ മണിമകുട ക്രീടം മിന്നാ
മന്ത്രവാള്‍ കൊടിപടൈകളണി തുലുങ്കാ
തകമൈശേര്‍ മന്നരിക്കും മന്നവനായി
ചങ്കയൊടു നെറിവൊളിന്തു തനൈത്തു വാഴും;
ഉകമൈശേര്‍ പ്രാംസുനകര്‍ക്കി റൈവനന്‍പാല്‍
ഉത്തമന്‍ ശീര്‍ സേനൈ തളങ്കളൊന്റായി,
ചികമൈശേര്‍ പെരിയ കാര്‍മാന്‍ രായന്‍
ചിറൈന്ത സപൈതനിലെ വരുകിന്റാരെ…
ഭാഗം ഒന്ന്
കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ സഹോദരി ബേട്ത്തയും മന്ത്രിയായ മിലാനിലെ പ്രഭുവുമായുള്ള പ്രണയ കഥയും റോളന്റിന്റെ ജനനവും ബാല്യവും മിലാന്റെ മരണവും ചക്രവര്‍ത്തിയുമായി രമ്യപ്പെടുന്നതും, ചക്രവര്‍ത്തി റോളന്റിനെ ആയുധഭ്യാസം ചെയ്യിക്കുന്നതും പടയുടുപ്പ് സ്വന്തം കൈ കൊണ്ട് അണിയിക്കുന്നതും റോളന്റിന്റെ ബാല്യകാല വീര കഥകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ഭാഗത്തെ ചിന്നറോള്‍ദാന്‍കഥ എന്നാണ് വിളിക്കുന്നത്.
ഭാഗം രണ്ട്
നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷം പാരിമാരെ തെരഞ്ഞെടുക്കുന്നതും അവരുടെ നേതാവായി അതുല്യ പരാക്രമിയായ റോളന്റിനെ നിശ്ചയിക്കുന്നതും അവര്‍ പട സന്നാഹങ്ങളോടെ ജെറുസലേം പിടിച്ചെടുക്കുവാന് പുറപ്പെടുന്നതുമാണ് ഈ ഭാഗത്തില്‍.
ഭാഗം മൂന്ന്
ഈ ഭാഗത്തിലെ ആഞ്ചലിക്കക്കഥയില്‍ റോളന്റ് അബ്ദുള്‍ റഹ്മാന്‍ ചക്രവര്‍ത്തിയുടെ പുത്രി ആഞ്ചലിക്കയെ പരിണയിക്കുന്നു. അതിനിടയില്‍ നേരിടേണ്ടി വരുന്ന സംഘട്ടനങ്ങളാണ് ഈ ഭാഗത്ത്.
ഭാഗം നാല്
വാള്‍ദുവിന്റെ കഥയാണ് ഈ ഭാഗത്തില്‍. പാരിമാരില്‍ ഒരാളായ വാള്‍ദുവിനെ വധിച്ച് അദ്ദേഹത്തിന്റെ സുന്ദരിയായ പത്‌നിയെ അപഹരിക്കുവാന്‍ മുതിരുന്ന പടനായകനെ അവള്‍ തന്നെ കാലപുരിക്കയക്കുന്നു.
ഭാഗം അഞ്ച്
അവസാന ഭാഗത്തില്‍ നിരവധി അത്യത്ഭുതകരങ്ങളായ വീര പരാക്രമങ്ങള്‍ക്കുശേഷം ദ്വിഗ്‌വിജയം നേടിയ പാരിമാര്‍ ഗളളോന്റെ വന്‍ചതിയാല്‍ റോണ്‍സിവാലസില്‍വച്ചു വധിക്കപ്പെടുന്നു.
ഭാഷ
ഇതിലെ ഭാഷ കൊടുംതമിഴാണ്. സന്ദര്‍ഭാനുസരണം സംസ്‌കൃത പദങ്ങളും പ്രയോഗിച്ചിട്ടുണ്ട്. സാഹിത്യ ഭംഗിയിലെന്ന പോലെ രസാവിഷ്‌കരണത്തിലും ഇതു മറ്റു ചവിട്ടു നാടകങ്ങളെ അതിശയിക്കുന്നു. രസങ്ങളില്‍ വീരത്തിനാണ് പ്രാധാന്യം. എന്നാല്‍ കരുണം, ശൃംഗാരം, ശാന്തം തുടങ്ങിയ മറ്റ് രസങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. കവിയുടെ പ്രാര്‍ത്ഥനയോടു കൂടി നാടകം ആരംഭിക്കുന്നു. തുടര്‍ന്ന് കട്ടിയനന്‍ അഥവാ കട്ടിയക്കാരന്‍(വിദൂഷകന്‍) പ്രവേശിക്കുന്നു. കഥാപാത്രങ്ങളെയും കഥാ സന്ദര്‍ഭങ്ങളെയും പ്രേക്ഷകര്‍ക്കു വിവരിച്ചു കൊടുക്കാനുള്ള ചുമതല ഇദ്ദേഹത്തിനാണ്.
Leave a Reply