കവിപുഷ്പമാല
വെണ്മണിപ്രസ്ഥാനത്തിന്റെ പുഷ്കലകാലത്ത് രൂപംകൊണ്ട സാഹിത്യവിനോദങ്ങളായിരുന്നു കവികളെ വിവിധ പ്രകൃതിസൃഷ്ടികളായോ പുരാണകഥാപാത്രങ്ങളായോ അധ്യാരോപണം ചെയ്യുക എന്നത്. വെണ്മണി അച്ഛന്, പട്ടത്തുകുഞ്ഞുണ്ണിനമ്പ്യാര്‍, അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാള്‍ തുടങ്ങിയവര്‍ ചേര്‍ന്നു രചിച്ച കവിപക്വാവലി, വെണ്മണി മഹന്റെ കവിപുഷ്പമാല, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ കവിമൃഗാവലി, മൂലൂര്‍ പദ്മനാഭപ്പണിക്കര്‍ രചിച്ച കവിരാമായണം, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കവിഭാരതം, തുടങ്ങിയവ ഉദാഹരണം. കൂടാതെ കവിശാകുന്തളം, കവിനൈഷധം, കവിമത്സ്യാവലി, കവിപക്ഷിമാല തുടങ്ങി കുറേ അപ്രസിദ്ധകൃതികളും ഉണ്ടായിട്ടുണ്ട്. കവിപക്വാവലിക്കുശേഷം അടുത്തുണ്ടായ കൃതിയാണ് കാത്തുള്ളില്‍ അച്യുതമേനോന്റെ കവിപുഷ്പമാല. ഈ കൃതി പൂര്‍ണ്ണരൂപത്തില്‍ പ്രകാശിതമായിരുന്നില്ല. അച്യുതമേനോന് തന്റെ കൃതിയുടെ കൈയെഴുത്തുപ്രതി വെണ്മണി മഹന്‍ നമ്പൂതിരിയുടെ അഭിപ്രായമറിയാന്‍ അയച്ചുകൊടുത്തെന്നും അതിലെ ചില പരാമര്‍ശങ്ങള്‍ കണ്ട് ക്ഷുഭിതനായ മഹന്‍ നമ്പൂതിരി നിശിതവിമര്ശനരൂപത്തിലെഴുതിയ കൃതിയാണ് കവിപുഷ്പമാലയായി പുറത്തുവന്നത് എന്നും പറയപ്പെടുന്നു. മുപ്പത്തൊമ്പത് ശ്ലോകങ്ങളാണ് ഇതിലുള്ളത്. അച്യുതമേനോന്റെ കൃതിയില്‍ പല കവികള്‍ക്കും അര്‍ഹമായ സ്ഥാനം കൊടുത്തില്ലെന്നും അനര്‍ഹരെ ഉയര്‍ത്തിക്കാട്ടിയെന്നും വെണ്മണി മഹന്‍ കടുത്തഭാഷയില്‍ ആരോപിക്കുന്നു.
Leave a Reply