കേരള സാഹിത്യചരിത്രം
മഹാകവിയും പണ്ഡിതനുമായിരുന്ന ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ദീര്‍ഘകാലത്തെ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി രചിച്ചിട്ടുള്ളതാണ് ഏഴ് വാല്യങ്ങളുള്ള കേരള സാഹിത്യ ചരിത്രം. 1953 ല്‍ അന്നത്തെ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയാണ് ആദ്യത്തെ വോള്യം പുറത്തിറക്കിയത്. തുടര്‍ന്ന് ഏഴ് വാല്യങ്ങളും ചേര്‍ത്ത് അഞ്ച് പുസ്തകങ്ങളായി കേരള സര്‍വ്വകലാശാല പ്രസിദ്ധീകരണ വകുപ്പ് പ്രസിദ്ധീകരിച്ചു.
ഒന്നാംവാല്യത്തില്‍ ഭാഷയുടെ ഉല്പത്തി, ആദിമകാലം, ദ്രാവിഡഗോത്രം, പ്രാചീന കൃതികള്‍ എന്നിവ പ്രതിപാദിക്കുന്നു. രണ്ടാം വാല്യം ആരംഭിക്കുന്നത് 15-ാം നൂറ്റാണ്ടിലെ സംസ്കൃതസാഹിത്യചരിത്രത്തോടുകൂടിയാണ്. പതിനെട്ടരക്കവികള്‍, കൃഷ്ണഗാഥ, ചമ്പുസാഹിത്യം എന്നിവ ഇതില്‍ വിവരിക്കുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ കാലവും കൃതികളും വിശദമായി പ്രതിപാദിക്കുന്നതാണ് മൂന്നാം വാല്യം.
കൃഷ്ണനാട്ടം, കഥകളി പ്രസ്ഥാനം എന്നിവയ്ക്കു പുറമെ അക്കാലത്തെ പലതരം പാട്ടുകളും നാലാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 18-ാം ശതകത്തിലെ സാഹിത്യകാരന്മാരും കൃതികളുമാണ് അഞ്ചാം വാല്യത്തിന്റെ തുടക്കത്തില്‍. ഉണ്ണായിവാര്യര്‍, രാമപുരത്തുവാര്യര്‍, കുഞ്ചന്നമ്പ്യാര് എന്നിവര്‍ക്കു പുറമേ അക്കാലത്തെ സംസ്കൃത സാഹിത്യവും ചര്‍ച്ചചെയ്യുന്നു.
ആറാം വാല്യത്തില്‍ സ്വാതിതിരുനാള്‍ തുടങ്ങി കുഞ്ഞിക്കുട്ടന്‍ തമ്പുരാന് വരെയുള്ള സാഹിത്യ കേസരിയുടെ ചരിത്രം ഉള്‍പ്പെട്ടിരിക്കുന്നു. വെണ്മണി പ്രസ്ഥാനത്തെക്കുറിച്ചും നമ്പൂതിരികവികളെപ്പറ്റിയും വിവരിക്കുന്നു. കേരളവര്‍മ്മ വലിയ കോയിതമ്പുരാന്റെ സാഹിത്യപരിശ്രമങ്ങളാണ് ഏഴാം വാല്യത്തില്‍. അക്കാലത്തെ മാസികാ പത്രപ്രസിദ്ധീകരണങ്ങളും ഇതിലുണ്ട്. ആധുനികസാഹിത്യത്തെ സംബന്ധിച്ച് യശശ്ശരീരനായ എഴുത്തുകാരെയും അവരുടെ കൃതികളെയും പറ്റി മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു.
ഉള്ളൂര്‍ എഴുതിയ സാഹിത്യചരിത്രത്തില്‍ ഉള്ളൂരിനെപ്പറ്റി ഇല്ലാത്തതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലെ ഇതഃപര്യന്തമുള്ള എല്ലാ സാഹിത്യകാരന്മാരെയും കൃതികളെയും പരാമര്‍ശിച്ചിട്ടുള്ള ഈ ചരിത്രം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. മലയാളിമനസ്സില്‍ സ്ഥാനംപിടിക്കാതെ ഉള്ളൂരിന്റെ ചരിത്രപുസ്തകത്തില്‍ മാത്രം കയറികൂടിയ എഴുത്തുകാരുടെ എണ്ണം നൂറുകണക്കിനാണെന്ന് ഇത് വായിച്ചാല്‍ മനസ്സിലാകും.
Leave a Reply