അരനൂറ്റാണ്ടുമുമ്പുണ്ടായിരുന്ന വയനാടിനെയും വനവാസികളെയും ആസ്പദമാക്കി കെ.പാനൂര്‍ രചിച്ച മലയാള ഗ്രന്ഥമാണ് കേരളത്തിലെ ആഫ്രിക്ക. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ തിരുവിതാംകൂറില്‍ നിന്നുണ്ടായ കുടിയേറ്റത്തിന് മുമ്പുള്ള അവസ്ഥയാണ് ഇതില്‍ ഉള്ളത്.ട്രൈബല്‍ വകുപ്പിലെ ഉദ്യോഗസ്ഥനായി വയനാട്ടിലെത്തിയ പാനൂര്‍ തന്റെ ജോലിയുടെ ഭാഗമായി നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് പ്രതിപാദ്യം. സഞ്ചാര സാഹിത്യ വിഭാഗങ്ങളില്‍ പെടുന്ന ഈ പുസ്തകം, ഏഴ് അധ്യായങ്ങളിലായി അടിയര്‍, കുറിച്യര്‍, കൊറകര്‍, പണിയര്‍, കാട്ടു നായ്കന്മാര്‍, കുറുമര്‍ എന്നിങ്ങനെ വിവിധ ആദിവാസി വിഭാഗങ്ങളുടെ ആചാര, അനുഷ്ടാന, വിശ്വാസങ്ങളെ പറ്റിയും, അവരുടെ ജീവിത ചുറ്റുപാടുകളെക്കുറിച്ചുമാണ് ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നത്. സംസ്ഥാനത്തെ റവന്യു വകുപ്പില്‍ ഡെപ്യൂട്ടി കളക്ടറായി ഉദ്യോഗമനുഷ്ഠിച്ച പാനൂര്‍ ആദിവാസികളുടെ ക്ഷേമത്തില്‍ തല്പരനായിരുന്നു. അങ്ങനെയാണ് 1963 ല്‍ ആദിവാസികള്‍ക്ക് വേണ്ടിയുള്ള ഈ ഗ്രന്ഥം പിറവിയെടുക്കുന്നത്. വല്ലിസമ്പ്രദായവും ഫ്യൂഡല്‍ സാമൂഹിക ബന്ധങ്ങളുമെല്ലാം പാനൂര്‍ ഈ കൃതിയില്‍ ഭംഗിയായി വരച്ചുകാണിക്കുന്നു.

   പുരസ്‌ക്കാരം:
 കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ട ഗ്രന്ഥത്തിനുള്ള പുരസ്‌ക്കാരം
യുനസ്‌ക്കോ പുരസ്‌ക്കാരം