കേരളത്തിലെ പ്രാചീന ലിപി മാതൃകകള്‍
എഡിറ്റര്‍: ഡോ. എന്‍. സാം
ഒരു ദേശത്തിന്റെ ചരിത്രനിര്‍മിതിക്ക് അവശ്യംവേണ്ട ഉപാദാനങ്ങളില്‍ പ്രമുഖമാണ് പുരാരേഖകള്‍. ഓരോ കാലഘട്ടത്തിലും രാജ്യംഭരിച്ചിരുന്ന ഭരണാധികാരികള്‍ പുറപ്പെടുവിച്ചിട്ടുള്ള വിളംബരങ്ങള്, ഏര്‍പ്പെടുത്തിയ ഭരണപരിഷ്കാരങ്ങള്‍, ഭൂപരിഷ്കരണം, നികുതി, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സംബന്ധിച്ച രേഖകള്‍ നമ്മുടെ പുരാരേഖാവകുപ്പില്‍ സംരക്ഷിച്ചുപോരുന്നു. ഇവയ്ക്കുപുറമേ ക്ഷേത്രങ്ങളിലും മറ്റും കൊത്തിവച്ചിട്ടുള്ള ശിലാലിഖിതങ്ങള്‍, താമ്രശാസനങ്ങള്‍, മുളക്കരണങ്ങള്‍, താളിയോല ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ ക്രോഡീകരിക്കാത്ത രേഖകള്‍ വേറെയുമുണ്ട്. ഇവയെല്ലാം വേണ്ടവിധം പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ യഥാര്‍ത്ഥമായി രാഷ്ട്രീയ-സാംസ്കാരിക ചരിത്രങ്ങള്‍ സത്യസന്ധമായി രചിക്കാനാവൂ. പക്ഷെ ഈ രേഖകള്‍ വായിച്ചെടുക്കാനും പരാവര്‍ത്തനം ചെയ്യാനും വ്യാഖ്യാനിക്കാനും കഴിയണമെങ്കില്‍ ഓരോ രേഖയും എഴുതപ്പെട്ടിരിക്കുന്ന കാലത്തെ ലിപി, ഭാഷ തുടങ്ങിയവയില്‍ പരിചയമുള്ള പണ്ഡിതന്മാരുണ്ടായേ തീരൂ. ഇത്തരം വിജ്ഞാനമേഖലകളില്‍ പ്രാവീണ്യമുള്ള ആളുകള്‍ ഇന്ന് വിരളമാണ്. ഈ സാഹചര്യത്തിലാണ് ഡോ. എന്‍. സാം രചിച്ച് സംസ്ഥാന പുരാരേഖാ വകുപ്പ് പ്രസിദ്ധീകരിക്കുന്ന 'കേരളത്തിലെ പ്രാചീന ലിപി മാതൃകകള്‍' എന്ന ഈ പുസ്തകം പ്രസക്തമാവുന്നത്. കേരളത്തില്‍ എഴുത്താരംഭിച്ച കാലം മുതല്‍ക്ക് വിവിധ കാലഘട്ടങ്ങളില്‍ ഇവിടെ പ്രചാരം നേടിയ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, ഗ്രന്ഥം, തമിഴ് തുടങ്ങിയ ലിപി വ്യവസ്ഥകള്‍ ഉദാഹരണസഹിതം ഇതില്‍ പ്രതിപാദിക്കുന്നു.
-സംസ്ഥാന പുരാരേഖാവകുപ്പ്, 2006
Leave a Reply