എഴുത്തച്ഛനുശേഷം കിളിപ്പാട്ട് ശാഖയില്‍ ധാരാളം കൃതികള്‍ ഉണ്ടായെങ്കിലും ശ്രദ്ധേയമായവ കുറവാണ്. എഴുത്തച്ഛന്റെ കൃതികള്‍ക്കുള്ള ഗുണപൗഷ്‌കല്യം ഇല്ലെങ്കിലും ഏതാണ്ട് അടുത്തുവരുന്ന കൃതിയാണ് കേരളവര്‍മ്മ രാമായണം. എ.ഡി. 17-ാംനൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ ഉമയമ്മറാണിയെ സഹായിക്കാന്‍ പോയി, എട്ടുവീട്ടില്‍പ്പിള്ളമാരെ നശിപ്പിക്കുകയും ഒടുവില്‍ ശത്രുക്കളുടെ കൈകൊണ്ട് തിരുവനന്തപുരത്തു വച്ചുതന്നെ മരിക്കുകയും ചെയ്ത കോട്ടയം കേരളവര്‍മ്മയുടെ കൃതിയാണിത്. വാല്മീകിരാമായണമാണ് മൂലം. പലയിടത്തും തര്‍ജ്ജമ സ്വതന്ത്രമാണ്. കിളിയെ സംബോധന ചെയ്യാത്ത കിളിപ്പാട്ടാണിത്. ദ്രുതകാകളി (പാന)ക്ക് കിളിപ്പാട്ട് ശാഖയില്‍ ആദ്യമായി സ്ഥാനംകൊടുത്തത് കേരളവര്‍മ്മയാണ്.
ഉദാഹരണ പദ്യം :
    'സുരാസുരന്മാരുമൊരുമിച്ചു വന്നു
    പരിഭവിച്ചാലും ഭയമവനില്ല;
    ഒരുത്തരെക്കുറിച്ചവമാനമില്ല;
    ഒരുത്തരെക്കുറിച്ചസൂയയുമില്ല
    പരാക്രമംകൊണ്ടു ശതക്രതുതുല്യന്‍
    വരനയം കൊണ്ടു ബൃഹസ്പതി തുല്യന്‍
    ക്ഷമാഗുണം കൊണ്ടു ക്ഷമാസദൃശനാം
    ക്ഷമയല്ലോ വേണ്ടൂ ബലമുണ്ടാകിലും