നിറമുള്ള നിഴലുകള്‍
(നോവല്‍)
വിലാസിനി
എം. കുട്ടികൃഷ്ണമേനോന്‍ എന്ന വിലാസിനിയുടെ ആദ്യ നോവലാണിത്. രണ്ടാംലോകമഹായുദ്ധകാലത്ത് സിംഗപ്പൂരില്‍ താമസിപ്പിച്ചിരുന്ന പോരാളികളുടെ ജീവിതാനുഭവങ്ങളാണ് നിറമുള്ള നിഴലുകളില്‍ പശ്ചാത്തലമാക്കിയിരിക്കുന്നത്. സിംഗപ്പൂരില്‍ താമസമുറപ്പിച്ച കേരളീയകുടുംബത്തിലെ പ്രേമകഥയാണ് ഇതിലെ പ്രമേയം. നാട്ടില്‍ നില്‍ക്കാന്‍ ഗത്യന്തരമില്ലാതെ മലയായിലെത്തിയ രാഘവന്‍നായര്‍ അവിടെയും തന്റെ അനിയന്ത്രിത ജീവിതം തുടര്‍ന്നു. വേലക്കാരി ലക്ഷ്മിയുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടു. അതില്‍ മുനിസാമി എന്ന പുത്രന്‍ ഉണ്ടായി. ഈ കൊള്ളരുതായ്കളെല്ലാം ക്ഷമിച്ച് നാട്ടിലെ കാമുകിയായ ദാക്ഷായണി അയാളെ ഭര്‍ത്താവായി സ്വീകരിച്ചു. എന്നിട്ടും, അയാള്‍ തന്റെ ലമ്പട പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ല. അവിഹിതബന്ധങ്ങളും ബലാത്സംഗങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. വഞ്ചകനും കൊലപാതകിയുമായ ഭര്‍ത്താവിനോട് ദാക്ഷായണിക്കു പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതെയായി. എന്നാല്‍ കാലം അയാള്‍ക്കു കനത്ത തിരിച്ചടി നല്‍കി. സ്വന്തം ഭാര്യയുടെ മകളായ ഇന്ദിരയെ മുനിസാമി വിവാഹം കഴിച്ചു. ഇതായിരുന്നു വിധി അയാളോടുകാട്ടിയ ക്രൂരമായ പകരം വീട്ടല്‍.
സിംഗപ്പൂര്‍ മലയാളികളുടെ രണ്ടുദശകകാലത്തെ ചരിത്രമാണ് വിലാസിനി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. പില്‍ക്കാല നോവലുകളില്‍ ഫലപ്രദമായി വിലാസിനി ഉപയോഗിച്ച ബോധധാരാ രീതികളുടെ തുടക്കവും ഈ നോവലില്‍ കാണാം.
പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 1966
