(ചരിത്രം)
ലാറി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍
ഡി.സി ബുക്‌സ് 2023
ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാറി കോളിന്‍സ് എന്ന അമേരിക്കനും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ഈ പുസ്തകത്തിനായി ഗ്രന്ഥകാരന്മാര്‍ ലൂയി മൗണ്ട്ബാറ്റന്‍ മുതല്‍ ഗാന്ധിവധക്കേസിലെ പ്രതികള്‍ വരെയുള്ള നൂറുകണക്കിനാളുകളുമായി അഭിമുഖസംഭാഷണം നടത്തുകയും ആയിരക്കണക്കിനു താളുകളുള്ള പ്രമാണരേഖകള്‍ വായിക്കുകയും ചെയ്തു. അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും അവര്‍ പരിശോധിച്ചു. ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെക്കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ പഠിക്കുകയും ആയിരക്കണക്കിന് നാഴികകള്‍ സഞ്ചരിച്ച് വസ്തുതകള്‍ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് അവര്‍ ഈ പുസ്തകം എഴുതിയത്.
1947 ജനുവരി ഒന്ന് മുതല്‍ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം നാടകീയമാംവണ്ണം വിവരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമാണ് പ്രധാന പ്രതിപാദ്യമെങ്കിലും ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്‌കാരം, ഭാഷ, വര്‍ഗം, നിറം, വേഷം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യങ്ങളും ആധികാരികതയോടെ അവതരിപ്പിക്കുന്നുണ്ട്.