ദി ഡിസ്കവറി ഒഫ് ഇന്ത്യ
1946
ജവാഹര്‍ലാല്‍ നെഹ്രു
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു എഴുതിയ ഗ്രന്ഥമാണ് ദി ഡിസ്കവറി ഒഫ് ഇന്ത്യ. 1944ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അഹമ്മദ് നഗര്‍ കോട്ടയിലെ അവസാനത്തെ ജയില്‍ വാസകാലത്താണ് നെഹ്രു ഈ കൃതി രചിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയുടെ കാഴ്ചപ്പാടിലുള്ള ഇന്ത്യാ ചരിത്രം, സംസ്കാരം എന്നിവയാണ് ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തന്റെ ചിന്താപദ്ധതികളും കര്‍മമണ്ഡലവുമായി ബന്ധപ്പെടുത്തി ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് എഴുതുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രന്ഥകാരന് ഗ്രന്ഥാരംഭത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ഇന്ത്യാക്കാരന്റേയും മജ്ജയിലും മാംസത്തിലും രക്തത്തിലും ഒരു സവിശേഷ പൈതൃകം കുടികൊള്ളുന്നുണ്ട്; അയാള്‍ എന്താണെന്നും എന്തായിരിക്കണമെന്നും തീരുമാനിക്കുന്നത് ഈ പൈതൃകമാണ്. ഈ പൈതൃകത്തിന് ഇന്നത്തെ അവസ്ഥയിലുള്ള പ്രസക്തിയെന്താണെന്ന ചിന്ത സിന്ധുനദീതട സംസ്കാരം മുതല്‍ ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പതുകള്‍വരെയുള്ള ഇന്ത്യാചരിത്രാവലോകനത്തിലേക്കാണ് നെഹ്റുവിനെ നയിക്കുന്നത്. നെഹ്രുവിന് ഭാരതഭൂമിയോടുണ്ടായിരുന്ന വൈകാരികാഭിമുഖ്യവും അതിന്റെ ഭാഗധേയത്തിലുള്ള അടിയുറച്ച വിശ്വാസവും ജനാധിപത്യ സോഷ്യലിസം, മതേതരത്വം, മാനവികതാവാദം എന്നിവയോടുള്ള പക്ഷപാതവും എല്ലാം ഈ കൃതിയില്‍ തെളിഞ്ഞു കാണാം. ഇന്ത്യയുടെ പ്രാചീന സംസ്കാരത്തില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം, ലോകത്തിലെ മറ്റു ജനതകളുമായി സഹവര്‍ത്തിക്കാനും താദാത്മ്യം പ്രാപിക്കാനും അദ്ദേഹം ഇന്ത്യാക്കാരെ ആഹ്വാനം ചെയ്യുന്നു.
1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള അഞ്ചുമാസം കൊണ്ടാണ് നെഹ്രു ഈ മഹത്തായ ഗ്രന്ഥം എഴുതിത്തീര്‍ത്തത്. ഒരു അര്‍ധചരിത്രകൃതിയെന്ന് കെ. ആര്. ശ്രീനിവാസ അയ്യങ്കാര്‍ (ഇന്ത്യന്‍ റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ) വിശേഷിപ്പിക്കുന്നു.
അഹമ്മദ് നഗര്‍ കോട്ട തടങ്കല്‍പ്പാളയത്തില്‍ ഉണ്ടായിരുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കും മറ്റു തടവുകാര്‍ക്കുമാണ് നെഹ്രു ഈ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത്. അഹമ്മദ് നഗര്‍ കോട്ട, ബാന്‍ഡന്‍ വീലര്‍: ലോസാന്‍, അന്വേഷണം, ഭാരതാവിഷ്കാരം, യുഗാന്തരങ്ങളിലൂടെ, പുതിയ പ്രശ്നങ്ങള്‍, ബ്രിട്ടിഷ് ഭരണത്തിന്റെ സംയോജനവും ദേശീയ പ്രസ്ഥാനത്തിന്റെ ഉദയവും, ദേശീയത്വമോ സാമ്രാജ്യത്വമോ, രണ്ടാം ലോകയുദ്ധം, അഹമ്മദ് നഗര്‍കോട്ട വീണ്ടും എന്നിങ്ങനെ പത്ത് അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്.
മലയാളത്തില്‍ 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന പേരില്‍ സി. എച്ച്. കുഞ്ഞപ്പ ഈ കൃതി പരിഭാഷപ്പെടുത്തിuിട്ടുണ്ട്.
Leave a Reply