ഉണ്ണിച്ചിരുതേവീചരിതം
പ്രാചീന മണിപ്രവാളചമ്പുക്കളില്‍ ഒന്നാണ് ഉണ്ണിച്ചിരുതേവീചരിതം. രായരമ്പിള്ള എന്ന നര്‍ത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ് ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയില്‍ അനുരക്തനായി ദേവേന്ദ്രന്‍ ഭൂമിയില്‍ വരുന്നതും കാഴ്ചകള്‍ കണ്ട് കണ്ട് അവളുടെ വീട്ടിലെത്തുന്നതുമാണ് പ്രതിപാദ്യം.
ശിവനെ സ്തുതിച്ചുകൊണ്ടാണ് കാവ്യം ആരംഭിക്കുന്നത്. ശേഷം വാഗ്‌ദേവതയെയും ഗണപതിയെയും സ്തുതിച്ച്, അച്ചന്‍ രചിച്ച മഹാകാവ്യചന്ദ്രോദയത്തിനു മുമ്പില്‍ ഒരു മിനുങ്ങിനുതുല്യമാണ് തന്റെ ഗദ്യമെന്ന ആമുഖത്തോടെ പ്രതിപാദനത്തിലേക്ക് കടക്കുന്നു. ആര്യാവൃത്തത്തില്‍ എഴുതിയ ഒരു ശ്ലോകമൊഴികെ ദണ്ഡകപ്രായമായ ഗദ്യങ്ങള്‍ മാത്രമാണ് കാവ്യത്തിനകത്തുള്ളത്. 30 ചമ്പൂഗദ്യങ്ങള്‍ ഉണ്ട്.
ബ്രാഹ്മണഗ്രാമങ്ങളില്‍ 'നായകമണി'യായ ചോകിരം ഗ്രാമത്തില്‍ (ഇന്നത്തെ ശുകപുരം) ആതവര്‍മ്മ സ്ഥാപിച്ച ക്ഷേത്രത്തിന്റെ പുരാവൃത്തത്തെയും അവിടെ പ്രതിഷ്ഠിച്ച അര്‍ദ്ധനാരീശ്വരനായ തെങ്കൈലനാഥനെയും വര്‍ണ്ണിച്ചുകൊണ്ടാണ് കഥാരംഭം. ആഴ്വാഞ്ചേരിത്തമ്പ്രാക്കളാകുന്ന ബ്രഹ്മാവിനോടും നീലഞ്ചുവരരാകുന്ന (അകവൂര്‍ മന) കര്‍ണ്ണികയോടും എട്ടില്ലങ്ങളാകുന്ന അകവിതളുകളോടും ബന്ധുഗ്രാമങ്ങളാകുന്ന പുറവിതളുകളോടും കൂടിയ, 'മലര്‍മകളാലുപലാളിത'മായ നാഭീനളിനമാണ് ചോകിരം ഗ്രാമം. അവിടെ സ്ഥിതി ചെയ്യുന്ന പൊയിലം എന്ന സ്ഥലത്തിന്റെ വര്‍ണ്ണനയാണ് പിന്നീട്. അതിനുശേഷം വള്ളുവനാട്ടു സാമന്തര്‍ക്കുതുല്യരായ സോമയാജികളെക്കുറിച്ച് പറയുന്നു. പൊയിലത്തെ കൃഷ്ണനെ ഭക്തിസാന്ദ്രമായി കീര്‍ത്തിക്കുന്നു. നായികാഗൃഹമായ തോട്ടുവായ്പള്ളിയെന്ന നടീമന്ദിരത്തിന്റെ പ്രകൃതി ദീര്‍ഘമായി വര്‍ണ്ണിക്കുന്നു.
ഉണ്ണിച്ചിരുതേവിയെ ആര്യാവൃത്തത്തില്‍ ഒരു മണിപ്രവാളകവി കാമുകന്‍ സ്തുതിക്കുന്നതു കേട്ട് ഇന്ദ്രന്‍ അയാളെ സമീപിച്ച് കവിത ആരെക്കുറിച്ചാണെന്ന് ആരായുന്നു. കവി രായരന്റെ പ്രേയസിയായിരുന്ന നങ്ങയ്യയെയും അവരുടെ മകള്‍ രായരമ്പിള്ളയെയും വര്‍ണ്ണിച്ച ശേഷം ഉണ്ണിച്ചിരുതേവിയെ ആപാദചൂഡം വര്‍ണ്ണിക്കുന്നു. അതുകേട്ട് കാമപരവശനായി ഇന്ദ്രന്‍ മണിപ്രവാളകവിക്കൊപ്പം കോവിലിലേക്ക് യാത്രയാകുന്നു. വഴിക്ക് ചിറ്റങ്ങാടിയിലെ പുലയപ്പെണ്ണുങ്ങളുടെ സംസാരത്തെയും ആനാര്‍ച്ചിറ നഗരത്തിലെ കച്ചവടത്തെയും പരാമര്‍ശിക്കുന്നു. ഉണ്ണിച്ചിരുതേവിയുടെ വീടണയുന്ന ഇന്ദ്രന്‍ വീടിന്റെ ഭംഗികണ്ട് സ്വര്‍ഗ്ഗത്തെ ഓര്‍ത്തുപോകുന്നു. വായ്പ്പള്ളിവീട്ടില്‍ സന്ദര്‍ശനത്തിനെത്തുന്ന ജാരന്മാരുടെയും ജളപ്രഭുക്കളുടെയും ചെയ്തികള്‍ കണ്ടുനില്‍ക്കുന്നു.
ആകെ 30 ഗദ്യങ്ങളുള്ളതില്‍ 8 ഗദ്യങ്ങള്‍ കവി ചിരുതേവീ ഗൃഹത്തില്‍ തിങ്ങിക്കൂടിയ പുരുഷവൃന്ദത്തെ അപഹസിക്കാനാണ് ഉപയോഗിക്കുന്നത്. ഉണ്ണിച്ചിരുതേവിയെ പ്രീതിപ്പെടുത്താന്‍ കിണയുന്ന രാജസേവകരെയും നായര്‍പ്പടയാളികളെയും നമ്പൂതിരിമാരെയും പന്നിയൂര്‍ ഗ്രാമക്കാരേയും മണിപ്രവാളകവികളെയും മുതുക്കന്മാരെയും ജളപ്രഭുക്കളെയുമെല്ലാം കണക്കിന് കളിയാക്കുന്നുണ്ട് കവി. പന്നിയൂര്‍ ഗ്രാമക്കാരെ ശകാരിക്കുന്ന കവി ചോകിരം ഗ്രാമക്കാരനാണ് എന്ന് ഊഹിക്കാം. ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ചിരുതേവീകാമുകനായ മണിപ്രവാളകവി കവിയുടെതന്നെ പ്രതിരൂപമാകണം. ഗ്രന്ഥാവസാനം 'മറയഞ്ചേരിക്കേരളമിശ്രാമറവാചാ' എന്ന പരാമര്‍ശംവെച്ച് മറയഞ്ചേരി (മറവഞ്ചേരി) നമ്പൂതിരിമാരില്‍ ആരെങ്കിലുമാകാം കവിയെന്ന് പി.വി. കൃഷ്ണന്‍ നായര്‍ പറയുന്നു. ഉണ്ണിച്ചിരുതേവിയെക്കുറിച്ച് അച്ചന്‍ രചിച്ച മഹാകാവ്യത്തെക്കുറിച്ച് കാവ്യാരംഭത്തില്‍ പറയുന്നുണ്ട്. 'അച്ചന്‍' കവിയുടെ അച്ഛനോ അച്ചന്‍ എന്നു വിളിക്കപ്പെടുന്ന ഏതെങ്കിലും വ്യക്തിയോ ആകാം.
ആഴ്വാഞ്ചേരി, എട്ടില്ലം, നീലഞ്ചുവരര്‍/അകചുവരര്‍ (അകവൂര്‍), മറയഞ്ചേരി, എന്നീ ബ്രാഹ്മണഗൃഹങ്ങള്‍ക്കും പൊയിലത്തെ സോമയാജികള്‍ക്കും കവി പ്രമുഖസ്ഥാനം നല്‍കി. വേദമുഖരിതമാണ് അവിടം. ദക്ഷിണാമൂര്‍ത്തിക്ഷേത്രം, പൊയിലത്തെ ശ്രീകൃഷ്ണക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
മണിപ്രവാളസാഹിത്യത്തില്‍ വര്‍ണ്ണിക്കുന്ന കൂത്തസ്ത്രീകള്‍ ദേവദാസികളല്ല, കൂത്തമ്പലങ്ങളില്‍ കൂത്തുനടത്തുന്ന അമ്പലവാസിസ്ത്രീകളാണ്. ഉണ്ണീച്ചിരുതേവിയും അത്തരത്തില്‍ ഒരു അമ്പലവാസിസ്ത്രീയാണ്. മണിപ്രവാളസാഹിത്യത്തില്‍ കൂത്തിനുള്ള സ്ഥാനം ഉണ്ണിച്ചിരുതേവീചരിതത്തിലും പ്രകടമാണ്. 'നടവിടകവിവരകേളീനില'യമാണ് ചോകിരം ഗ്രാമം. 'വിടരില്‍ നന്മുടികളും പെരുകു നല്ലടികളും നടികളും' കുടികൊള്ളുന്നതാണ് അവിടത്തെ പൊയിലം. പണം, തിരമം എന്നീ നാണയങ്ങളെക്കുറിച്ചും വീശം, കാണി, മാവ്, കൈ, പലം, ശലാക തുടങ്ങി വിവിധമായ അളവുകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. പല ഭാഷ സംസാരിക്കുന്നവരാണ് അങ്ങാടിയില്‍ കൂടിയിട്ടുള്ളത്. ചിറ്റങ്ങാടിയില്‍ വച്ച് ദാസികളായ പുലയസ്ത്രീകള്‍ അന്യോന്യം നടത്തുന്ന ശകാരം കവി സംഭാഷണഭാഷയ്ക്ക് വലിയ കോട്ടംതട്ടാതെതന്നെ രേഖപ്പെടുത്തിയിരിക്കുന്നു.
ആദ്യന്തം അനായാസവും അനവദ്യവുമായി അനുപ്രാസം ദീക്ഷിക്കുന്ന കവി ശബ്ദാര്‍ത്ഥാലങ്കാരങ്ങളില്‍ കൃതഹസ്തനാണ്. പൊയിലം വര്‍ണ്ണന നോക്കുക:
' പുതുമലര്‍ക്കാവില്‍വന്നെഴുമിളംകൊടികളും
കൊടികള്‍പൂവിതളില്‍നിന്റുതിരുമപ്പൊടികളും
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും
കൊടി നനൈപ്പാന്‍ വരും മൃദുനടുക്കൊടികളും
മഹിതകര്‍മ്മങ്ങളില്‍ പരിഗളന്മടികളും
………..
വിടരില്‍ നന്മുടികളും പെരുക നല്ലടികളും
നടികളും കുടികൊളും പൊയിലമെന്റുണ്ടു തത്രൈവ ഭാഗേ.'
ശബ്ദാലങ്കാരങ്ങളിലും കവി പിറകിലല്ല. ഉണ്ണിച്ചിരുതേവിയുടെ വര്‍ണ്ണന നോക്കുക:
' ചെന്താമരമലര്‍ ചേവടിയെന്റാല്‍
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ.
പുറവടി നളിനപ്പുറവിതളെന്റാല്‍
പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെന്റാല്‍
കേകിഗളങ്ങള്‍ പലാതികള്‍ കേഴും.'
കാവ്യഗുണംകൊണ്ട് ഉണ്ണിയച്ചീചരിതത്തെയും ജയിക്കുന്നു ഉണ്ണിച്ചിരുതേവീചരിതം എന്ന് ഇളംകുളം പ്രശംസിച്ചു.
Leave a Reply