1350 നും 1365 നുമിടയ്ക്ക് രചിച്ചതെന്നു കരുതപ്പെടുന്ന മണിപ്രവാള സന്ദേശകാവ്യമാണ് ഉണ്ണുനീലിസന്ദേശം. രചിച്ചതാരാണെന്നറിയില്ല. കടുത്തുരുത്തിക്കാരി ദേവദാസിയാണ് നായികയായ ഉണ്ണുനീലി. ഉര്‍വ്വശിയുടെ വംശത്തില്‍ പിറന്ന് കാമന്റെ പടവീടായ മുണ്ടയ്ക്കല്‍ഭവനത്തില്‍ കാമദേവനെ പരദേവതയായി പൂജിക്കുന്നവളാണ് അവള്‍. നായകന്‍ ഒരു കല്പിത പുരുഷനാകാനാണ് സാദ്ധ്യത. കവി സ്വയം നായകനായി സങ്കല്പിക്കുന്നത് സന്ദേശകാവ്യത്തിന്റെ പ്രത്യേകതയാണ്.
    നായികയുടെ അടുക്കല്‍നിന്ന് രാത്രി നായകനെ യക്ഷി തൂക്കിയെടുത്തുകൊണ്ടുവരവെ, തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍വച്ച് നരസിംഹമന്ത്രം നായകന്‍ ജപിച്ചു. ഉടന്‍ യക്ഷി അയാളെ കൈവിട്ടു. നേരേ താഴെ വന്നിറങ്ങിയ നായകന്‍ അവിടെവച്ചു കണ്ട തൃപ്പാപ്പൂര്‍ മൂപ്പ് (ഇളയരാജാവ്) ആദിത്യവര്‍മ്മയെ നായികക്ക് സന്ദേശവും നല്‍കി കടുത്തുരുത്തിക്കയക്കുന്നു. വഴിമദ്ധ്യേയുള്ള നാടുവാഴികളുടെ കൊട്ടാരങ്ങള്‍, പ്രമുഖ ദേവാലയങ്ങള്‍, ഭൂപ്രകൃതി, പേരുകേട്ട അങ്ങാടികള്‍, ഓരോയിടത്തും ഇളയരാജാവിനെ എതിരേല്‍ക്കാന്‍ വരുന്ന പ്രസിദ്ധ ദേവദാസികള്‍ എന്നിവയെല്ലാം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് ഈ സന്ദേശകാവ്യത്തില്‍. നല്ല ഭാവനയ്ക്ക് ഉദാഹരണമാണ് ഈ ശേ്‌ളാകം :
'കച്ചയ്‌ക്കൊക്കക്കതിനന മുറിച്ചുച്ചകൈര്‍ദിഗ്ഗജേന്ദ്രാ-
നച്ചച്ചോ! ശിവ ശിവ! മഹാഘോരമോരോയുഗാന്തേ
പച്ചച്ചോരിക്കളിവെതുവെതക്കോരിയാരക്കുടിച്ചോ-
രെച്ചില്‍ക്കിണ്ണം തവവിയദിദം ദേവി, തുഭ്യം നമോസ്തു'.
അര്‍ത്ഥം : ഭൈരവിയായ ദേവി ഓരോ യുഗാന്തത്തിലും ദിഗ്ഗജങ്ങളെ കച്ചമുറിക്കുംപോലെ നിഷ്പ്രയാസം വലിച്ചുകീറി അവയുടെ കൊഴുത്ത പച്ചച്ചോര ചൂടോടെ നിറയെക്കുടിക്കുന്നതിന് ഉപയോഗിച്ച് എച്ചിലാക്കിയ കിണ്ണമാണ് ആകാശം. മണിപ്രവാള സാഹിത്യത്തിന്റെ ഒരുത്തമ പ്രതിനിധിയാണ് ഉണ്ണുനീലിസന്ദേശമെന്ന് പ്രൊഫ.എന്‍.കൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.