(ജീവചരിത്രം)
പിരപ്പന്‍കോട് മുരളി
സൈന്‍ ബുക്‌സ്
വി.എസിന്റെ സമഗ്രമായ രാഷ്ട്രീയ ജീവചരിത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സഹയാത്രികനായ പിരപ്പന്‍കോട് മുരളി എഴുതിയ ഈ കൃതി.
പോരാട്ടത്തിന്റെ കനല്‍വഴികളിലൂടെയുള്ള വി.എസ്. അച്ച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റിന്റെ യാത്ര കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തെ ചുവപ്പിച്ച ഒരു ഏടായിരുന്നു. പുന്നപ്ര-വയലാര്‍ വിപ്ലവഭൂമിയില്‍ നിന്ന് ആരംഭിച്ചതാണ് ത്യാഗനിര്‍ഭരമായ ആ പോരാട്ടജീവിതം. 1964 ലെ പിളര്‍പ്പിനെത്തുടര്‍ന്ന് സി.പി.ഐ (എം) രൂപവത്കരിപ്പോള്‍ അതിന്റെ മുഖ്യനേതാക്കളിലൊരാളായി വി.എസ് ഉണ്ടായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അദ്ദേഹം ജനങ്ങള്‍ക്കുവേണ്ടി വലിയ പോരാട്ടങ്ങള്‍ നടത്തി. ഒപ്പം പാര്‍ട്ടിക്കുള്ളിലും അതിശക്തമായ പോരാട്ടങ്ങളാണ് നടന്നത്. ഈ രണ്ട് പോരാട്ടങ്ങളെയും രേഖപ്പെടുത്തുന്ന കൃതി.
മുഖവുര
ഏതുകാലത്തും പാഠപുസ്തകമായ 
വി.എസിന്റെ ലഘുജീവചരിത്രം
പിരപ്പന്‍കോട് മുരളി
വി.എസിന്റെ ഒരു ജീവചരിത്രം എഴുതുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു നൂറ്റാണ്ടു പരന്നുകിടക്കുന്ന നൂറുനൂറു സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട്, കേരളത്തിന്റെ സംഗ്രാമഭൂമികളില്‍ നിറഞ്ഞുനിന്നിരുന്ന ആ അത്ഭുത വ്യക്തിത്വത്തെ പ്രകാശിപ്പിക്കാന്‍ എന്റെ ദുര്‍ബലമായ തൂലിക തികച്ചും അശക്തമാണ് എന്ന് എനിക്ക് സ്വയം ബോധ്യമുണ്ട്.
അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ അല്പവും അകലം പാലിച്ചിരുന്നില്ല. അദ്ദേഹത്തിന് സ്വകാര്യജീവിതം, രാഷ്ട്രീയജീവിതം എന്നു രണ്ടുജീവിതം ഉണ്ടായിരുന്നില്ല. സ്വകാര്യ ജീവിതംപോലും രാഷ്ട്രീയജീവിതമായിരുന്നു.
17-ാം വയസ്സുമുതല്‍ ഒരു തൊഴിലാളി പ്രവര്‍ത്തകനായി രംഗപ്രവേശം ചെയ്ത വി.എസ്, 96-ാം വയസ്സില്‍ രോഗശയ്യാവലംബിയായി വീഴുംവരെ കര്‍മ്മനിരതനായിരുന്നു. ജനകീയാവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കു നേതൃത്വം കൊടുത്തുകൊണ്ട് സമരഭൂമികളില്‍ അവരുടെ ആവശ്യങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ നിയമസഭാവേദിയില്‍, അവിടെ പരിഹരിക്കാനാകാത്ത കാര്യങ്ങള്‍ കോടതിമുറികളില്‍ പോയി വ്യവഹാരത്തിലേര്‍പ്പെട്ടു.
അവിടെയും തീര്‍ന്നില്ലെങ്കില്‍ സമരഭൂമിയില്‍ തീര്‍പ്പാക്കുന്ന ആ ജൈവ വിപ്ലവകാരിയുടെ ഒരു സംശുദ്ധ രാഷ്ട്രീയ ജീവചരിത്രമാണ് എന്റെ ലക്ഷ്യം. അതിനുവേണ്ടി പഴയ പത്രവാര്‍ത്തകള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പാര്‍ട്ടി രേഖകള്‍, സമ്മേളന റിപ്പോര്‍ട്ടുകള്‍, മറ്റു സുഹൃത്തുക്കള്‍ തയ്യാറാക്കിയ വി.എസിന്റെ ജീവചരിത്രക്കുറിപ്പുകള്‍, വി.എസിന്റെ പുസ്തകങ്ങള്‍, വി.എസുമായി ബന്ധപ്പെട്ട വിശിഷ്ടവ്യക്തികളുടെ അനുഭവങ്ങള്‍, അറിവുകള്‍ എന്നിങ്ങനെ ഞാനൊരുപാട് വസ്തുതകള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാലും ഞാന്‍ തൃപ്തനല്ല. വി.എസിനെക്കുറിച്ച് എഴുതുമ്പോള്‍, എന്തോ പ്രധാനപ്പെട്ട ഒരു സംഭവം എഴുതാന്‍ വിട്ടുപോയതായി എന്നെ ഒരു കുറ്റബോധം അലട്ടുന്നു. ഞാന്‍ എന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്ത് വായിച്ച ഫ്രഞ്ച് കമ്യൂണിസ്റ്റ് നേതാവും ലോകപുരോഗമന സാഹിത്യശില്പിയുമായ ഹെന്‍ട്രി ബാര്‍ബുസെയുടെ ”സ്റ്റാലിന്റെ” ജീവചരിത്രത്തിന്റെ മംഗളോദയം തര്‍ജമയാണ് എന്റെ മാതൃക. (ആ പുസ്തകം ഇന്ന് എന്റെ പുസ്തകശേഖരത്തിലില്ല. പ്രൊഫ. ജഗന്നാഥപ്പണിക്കര്‍ സാര്‍ റഫറന്‍സിനുവേണ്ടി എന്റെ ഷെല്‍ഫില്‍ നിന്ന് താത്പര്യത്തോടെ എടുത്തുകൊണ്ടുപോയതാണ്.)
2016ല്‍ വി.എസ്. തിരക്കിട്ട രാഷ്ട്രീയജീവിതത്തില്‍ നിന്നൊഴിഞ്ഞ് ‘ഭരണപരിഷ്‌കാരസമിതി’ ചെയര്‍മാനായി ‘കവടിയാര്‍ ഹൗസില്‍’ താമസിക്കുന്ന കാലം. ഒരു ദിവസം സായാഹ്നത്തില്‍ ഞാനദ്ദേഹത്തെ കാണാന്‍ ചെന്നു. പലതും സംസാരിച്ച കൂട്ടത്തില്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: ”വി.എസിന് ഒരു ആത്മകഥ എഴുതിക്കൂടെ.” അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്നെ നോക്കി ചിരിക്കുകമാത്രം ചെയ്തു. ആ ചിരിക്ക് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നതായി ഞാനിപ്പോഴും ഓര്‍ക്കുന്നു. വി.എസിനെ പ്രകോപിപ്പിക്കുവാന്‍ വേണ്ടി ഞാന്‍ പറഞ്ഞു, ”എ.കെ.ജി.യും, ഇ.എം.എസും, എം.എനും, അച്യുതമേനോനും, കെ.സി.ജോര്‍ജും എല്ലാവരും ആത്മകഥ എഴുതിയിട്ടുണ്ടല്ലോ. അവരെക്കാള്‍ എന്തുകൊണ്ടും സംഭവബഹുലവും സമരഭരിതവുമായ ജീവിതം നയിച്ച വി.എസിനും കാണുമല്ലോ മറക്കാനാകാത്ത അനുഭവങ്ങള്‍. അതൊന്ന് ഓര്‍ത്തെടുത്താല്‍ ഭാവിതലമുറയ്ക്ക് അതു പാഠപുസ്തകമാവില്ലേ?”. വി.എസ്. വീണ്ടും ചിരിച്ചു. അനുകൂലമായോ പ്രതികൂലമായോ ഒന്നും പറഞ്ഞില്ല. അതു സംഭവിച്ചിരുന്നെങ്കില്‍ വിപ്ലവത്തിന്റെ പ്രയോഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് (വിശേഷിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കാലത്ത്) വിശിഷ്ടമായ വിപ്ലവത്തിന്റെ പാഠപുസ്തകം കേരളീയര്‍ക്കു ലഭിക്കുമായിരുന്നു.
അവിവേകം കൊണ്ടോ, അത്യാഗ്രഹം കൊണ്ടോ, ആവേശം അടക്കാനാവാഞ്ഞിട്ടോ വി.എസിനോട് ചോദിച്ചു, ”ഞാന്‍ സഖാവിന്റെ ഒരു ജീവചരിത്രം എഴുതട്ടെ?”. ഉള്ളുതുറന്ന് ചിരിച്ചുകൊണ്ട് വി.എസ് പറഞ്ഞു: ”ആകട്ടെ, വളരെ സന്തോഷം. മുരളിക്കതിനു കഴിയും.” ഞാന്‍ പറഞ്ഞു: ”വി.എസിന്റെ സഹായം കൂടി ഉണ്ടെങ്കില്‍ ഞാനെഴുതാം.” വി.എസ:് ”എന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും.” അങ്ങനെയാണ് വി.എസിന്റെ ജീവചരിത്രം എഴുതാനുള്ള നിയോഗം എനിക്കുണ്ടായത്.
നിര്‍ഭാഗ്യവശാല്‍ 2018ല്‍ പാര്‍ട്ടി കമ്മിസാരന്മാര്‍ 74-ാം വയസ്സില്‍, എനിക്ക് വയസ്സ് 80 ആക്കി എന്നെ പാര്‍ട്ടി സമ്മേളനക്കമ്മറ്റിയില്‍ നിന്നും, തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി. 2019ല്‍ വി.എസ്. പക്ഷാഘാതത്തെത്തുടര്‍ന്ന് ശയ്യാവലംബിയായി. അദ്ദേഹവുമായി ആശയവിനിമയം അങ്ങനെ അസാധ്യമായി. എന്റെ ജീവചരിത്രരചന വിസ്മൃതിയിലായി.
ഈ അടുത്ത നാളുകളില്‍ എന്റെ പഴയ സഖാവായ ഒരു സഹപ്രവര്‍ത്തകന്‍ വീട്ടില്‍ വന്നിരുന്നു. അയാള്‍ വി.എസിന്റെ ജീവചരിത്ര രചന ഓര്‍മ്മിപ്പിച്ചപ്പോഴാണ് ഞാന്‍ ജീവചരിത്ര രചന ആരംഭിച്ചത്. 102-ാം ജന്മദിനമായിരുന്നു എന്റെ ലക്ഷ്യം. കാരണം വി.എസ്. മരിക്കില്ല എന്നായിരുന്നു എന്റെ ദൃഢവിശ്വാസം. ഞാനൊരന്ധവിശ്വാസിയല്ലെങ്കിലും എന്റെ വിശ്വാസം അങ്ങനെയായിരുന്നു. എന്റെ അനാരോഗ്യവും അലസതയും കാരണം ജീവചരിത്രരചന നീണ്ടുപോയി.
ഒരു കാര്യം ഇവിടെ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനോ, ഇപ്പോഴത്തെ നേതാക്കളെ ഇകഴ്ത്തിക്കാണിക്കാനോ എനിക്ക് യാതൊരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ല. ഞാനിന്നും ഒരു കമ്യൂണിസ്റ്റുകാരനാണ്. കമ്യൂണിസ്റ്റുപാര്‍ട്ടിയെ താഴ്ത്തിക്കെട്ടാന്‍ ആരു ശ്രമിച്ചാലും അതു പൊറുക്കാന്‍ എനിക്കാവില്ല. 2000ത്തിനു ശേഷം നമ്മുടെ സംസ്ഥാനത്ത് നേതൃത്വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയങ്ങള്‍ അല്ല എന്ന വിമര്‍ശനം ആദ്യം ഉയര്‍ത്തിയത് സഖാവ് വി.എസാണ്. അതിനോട് യോജിച്ചവരാണ് ഞങ്ങളെപ്പോലെ സംസ്ഥാനക്കമ്മറ്റി അംഗങ്ങളായ പലരും. പുറത്ത് കമ്യൂണിസ്റ്റു പാര്‍ട്ടിയെ സ്നേഹിക്കുന്ന ബഹുജനങ്ങളും. ഈയൊരു പശ്ചാത്തലത്തിലാണ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഉല്‍ക്കൃഷ്ടവേദിയായ പാര്‍ട്ടിസമ്മേളനങ്ങളെ പകപോക്കല്‍ സമ്മേളനങ്ങളായും, വി.എസിനെ ഒറ്റപ്പെടുത്താനുമുള്ള സമ്മേളന
ങ്ങളായും, ആ സഖാവിനെ അനുകൂലിക്കുന്നവരെ പലവിധ പ്രലോഭനങ്ങള്‍ നല്‍കിയും, സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും കാലുമാറ്റിച്ചത്. അത്തരം പ്രലോഭനങ്ങള്‍ക്കു വശംവദരാകാത്തവരെ പാര്‍ട്ടിയില്‍ നിന്നുതന്നെ ഒഴിവാക്കുകയും ചെയ്തു. ഇങ്ങനെയൊരു സന്ദര്‍ഭത്തിലാണ് 2005ലെ മലപ്പുറം സമ്മേളനത്തിലും 2008ലെ കോട്ടയം സമ്മേളനത്തിലും 2012ല്‍ തിരുവനന്തപുരം സമ്മേളനത്തിലും 2015ലെ ആലപ്പുഴ സമ്മേളനത്തിലും സംസ്ഥാന നേതൃത്വം നടത്തിയ അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ ഞാന്‍ പ്രതികരിച്ചത്. അതേക്കുറിച്ച് പത്രപ്രതിനിധികള്‍ ചോദിച്ച
പ്പോഴാണ്, ആദരണീയനായ പാര്‍ട്ടി സെക്രട്ടറി, എന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണെന്നും, പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരാള്‍ നടത്തുന്ന ശുദ്ധ തോന്ന്യാസവും അസംബന്ധവുമാണെന്നും, ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു പുസ്തകം വില്ക്കാനുള്ള സൂത്രമാണ് ഇത്തരം തോന്ന്യാസങ്ങള്‍ക്കു പിന്നിലെന്നും പറഞ്ഞത്.
ഒരു നാലാംകിട സൈബര്‍ പോരാളിയുടെ ഭാഷയില്‍ എന്നെപ്പോലുള്ള ഒരാളെ ചിത്രീകരിച്ചത് ഗോവിന്ദന്‍ മാഷ് ആയതുകൊണ്ട് എനിക്ക് ദുഃഖമുണ്ട്. അദ്ദേഹം പറഞ്ഞ ഒരുകാര്യം സത്യമാണ്, ഞാനിന്നു പാര്‍ട്ടിയിലില്ല. എങ്ങനെയാണ് ഞാന്‍ പാര്‍ട്ടിയില്‍ ഇല്ലാതായത്, എന്തെങ്കിലും സ്വഭാവദൂഷ്യത്തിനോ സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിനോ, വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദനത്തിനോ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനോ നടപടി എടുത്തു പുറത്താക്കി
യതല്ല. 2018ലെ തൃശൂര്‍ സംസ്ഥാനസമ്മേളനം വരെ സംസ്ഥാനക്കമ്മറ്റി അംഗമായിരുന്ന എന്നെ എണ്‍പതുവയസ്സുകാരെ സംസ്ഥാന കമ്മറ്റിയില്‍ നിന്നൊഴിവാക്കുന്നു എന്ന ന്യായം പറഞ്ഞ് കേവലം അന്ന് എഴുപത്തിനാല് വയസ്സു മാത്രമുണ്ടായിരുന്ന എന്നെ ഒഴിവാക്കുകയായിരുന്നു. അതേസമയം, ആ സമ്മേളനംതന്നെ തൊണ്ണൂറു വയസ്സ് കഴിഞ്ഞ അഞ്ചുപേരെയെങ്കിലും നിലനിര്‍ത്തുകയും ചെയ്തു. (അവരുടെ പേരുകള്‍ ഞാനിവിടെ പറയുന്നില്ല.)
സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയ ഒരാളെ (നടപടിക്കു വിധേയനല്ലെങ്കില്‍) തൊട്ടടുത്ത ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പാര്‍ട്ടി സംഘടനാ രീതി. എന്നെ സംസ്ഥാന സമ്മേളനത്തിന് ഒരു വര്‍ഷത്തിനു ശേഷം തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതായി ഒരു കത്തു തന്നു. തുടര്‍ന്ന് ഒരു കമ്മറ്റിയിലും വിളിച്ചിട്ടില്ല. രണ്ടാം വര്‍ഷം തന്നെ വഞ്ചിയൂര്‍ ഏര്യാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതായി മറ്റൊരു കത്തു തന്നു. പക്ഷേ, നാളിതുവരെ യാതൊരു കമ്മിറ്റിയിലും വിളിച്ചിട്ടില്ല. എന്നിട്ടാണ് ബഹുമാനപ്പെട്ട സെക്രട്ടറി പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു ശുദ്ധ തോന്ന്യവാസിയായി എന്നെ ആക്ഷേപിച്ചത്. ഇത് ഒരു പഴയ കഥയാണ് ഓര്‍മ്മിപ്പിക്കുന്നത്. അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന ഒരു മകന്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ പറഞ്ഞുപോലും, ”അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞാനൊരനാഥനാണ്. അതുകൊണ്ട് എന്നെ വെറുതെ വിടണം എന്ന്.’
മറ്റൊരാക്ഷേപം ഞാന്‍ പുസ്തകം എഴുതി കാശുവാരിക്കൂട്ടുന്നു എന്നാണ്. ശരിയാണ്. ഞാന്‍ ഇരുപത്തിയഞ്ചോളം നാടകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഏറിയകൂറും വിപ്ലവപ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവയാണ്. സഖാവ്, സഖാവ് ഇ.എം.എസ്, എ.കെ.ജി. വിപ്ലവത്തിന്റെ ശുക്രനക്ഷത്രം, ജനനായകന്‍ (നായനാരുടെ ചരിത്രം), ഭഗത്സിംഗ്, മലയപ്പുലയനും ഇ.എം.എസും  തുടങ്ങിയവയാണ്. ഇപ്പോഴിതാ വി.എസിന്റെ ജീവചരിത്രവും.
വി.എസിനെ പാര്‍ട്ടിയില്‍നിന്നു പുറത്തുചാടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും താന്‍ സ്ഥാപിച്ച വിപ്ലവ പാര്‍ട്ടിയെ, വിപ്ലവ പാര്‍ട്ടിയായി നിലനിര്‍ത്താന്‍ അവസാനശ്വാസംവരെ നിലകൊണ്ട വി.എസ് ആരാണെന്നു വി.എസ്. ജീവിച്ചിരുന്നപ്പോള്‍ മനസ്സിലായില്ലെങ്കിലും, വി.എസിന്റെ മരണശേഷം പാര്‍ട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണുകള്‍ ജനലക്ഷങ്ങള്‍ തുറപ്പിച്ചു. ഏതായാലും സന്ദര്‍ഭത്തിനൊത്തുയരാന്‍ തയ്യാറായ നേതാക്കളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ക്കു നന്ദി രേഖപ്പെടുത്തുന്നു.
വി.എസിനെ പുറകില്‍ നിന്നു കുത്തിയവരും, ഒറ്റപ്പെടുത്തിയവരും വി.എസിന്റെ പുതിയ രക്ഷകര്‍ത്താക്കളായി നെഞ്ചുവിരിച്ചു നില്ക്കുന്നു. വി.എസിനെക്കുറിച്ച് മറ്റാരും പറയുകയോ എഴുതുകയോ ചെയ്യരുതെന്നാണ് ഇപ്പോള്‍ പാര്‍ട്ടി കര്‍ദ്ദിനാളന്മാരുടെ പുതിയ കല്പന.
ഇപ്പോള്‍ത്തന്നെ നീണ്ടുപോയ ഈ മുഖവുര ഇനിയും നീട്ടുന്നില്ല. ഈ പുസ്തകരചനയില്‍ എന്നെ സഹായിച്ച എന്റെ ജീവിതപങ്കാളി പി. രാധാദേവിക്കും, എന്റെ അനുജന്‍ മനോഹരനും അനന്തിരവന്‍ ബി.എസ്. സതീഷിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്ത എന്റെ പ്രിയ സുഹൃത്തും എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, നല്ലൊരു വായനക്കാരനുമായ സൈന്‍ ബുക്സ് ഉടമ ബോബി തോമസിനും എന്റെ ഹൃദയംഗമമായ നന്ദി. നമ്മുടെ കാലത്തിലെ തിരുത്തല്‍ ശക്തിയായ സഖാവ് വി.എസിന്റെ കൂടെ നടന്ന് പാര്‍ട്ടിയില്‍ നിന്നൊഴിവാക്കപ്പെട്ട സഖാക്കള്‍ക്കും (ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്കും) വി.എസിനെ കരളില്‍ റോസാപ്പൂവു പോലെ കൊണ്ടുനടക്കുന്ന പാവപ്പെട്ട മനുഷ്യര്‍ക്കും മുമ്പില്‍, ജനങ്ങള്‍ക്ക് ഏതുകാലത്തും ഒരു പാഠപുസ്തകമായ വി.എസിന്റെ ഈ ലഘുജീവചരിത്രം സ്നേഹാദരപൂര്‍വം സമര്‍പ്പിക്കുന്നു.
വിപ്ലവാഭിവാദ്യങ്ങളോടെ
നിങ്ങളുടെ
സ്വന്തം പിരപ്പന്‍കോട്മുരളി