മഗ്ദലനമറിയം
(കാവ്യം)
വള്ളത്തോള്‍ നാരായണമേനോന്‍
വള്ളത്തോള്‍ നാരായണമേനോന്‍ (1878-1958) എഴുതിയ കാവ്യമാണ് മഗ്ദലനമറിയം. യേശുവിന്റെ ശിഷ്യയും സഹചാരിയുമായി ബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ സുവിശേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മഗ്ദലനമറിയത്തിന്റെ കഥയാണ്. കുരിശിന്‍ ചുവടോളം യേശുവിനെ അനുഗമിച്ചവളും ഉയിര്‍ത്തെഴുന്നേല്പിന്റെ ആദ്യസാക്ഷിയായവളുമായി സുവിശേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മഗ്ദലനയെ മാനസാന്തരം വന്ന പാപിനിയായി കാണുന്ന സങ്കല്പം വള്ളത്തോളിന്റെ കാവ്യത്തിലുണ്ട്.
മഗ്ദലനമറിയം അതീവസുന്ദരിയായിരുന്നു എന്ന സങ്കല്പം വള്ളത്തോളും പിന്തുടരുന്നു. യേശുവിനെ കാണാനായി ശിമയോന്റെ വീട്ടിലേക്കു നടന്നു പോകുന്ന അവളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ സൂക്ഷിച്ചു നോക്കുന്നതായി വര്‍ണ്ണിക്കുന്ന കവി, ‘ഭംഗമാര്‍ന്നൂഴിയില്‍ വീണുപോയ ഒരു നക്ഷത്രമാണോ മഗ്ദലന എന്നു തിരക്കുന്നു. ‘ദാരിദ്രശുഷ്‌കമാം പാഴ്ക്കുടില്‍ ഒന്നില്‍’ ജനിച്ചുവളര്‍ന്ന ‘ആ രുചിരാംഗി’യെ സാഹചര്യങ്ങള്‍ വഴിപിഴപ്പിക്കുന്നു. തുടര്‍ന്നുള്ള അവളുടെ ജീവിതകഥയിലെ അദ്ധ്യായങ്ങളില്‍ ‘ചാരിത്രം’ എന്ന വാക്കു തന്നെ ഇല്ലായിരുന്നെങ്കിലും ഒടുവില്‍ ‘ക്രിസ്തുവാം കൃഷ്ണന്റെ ധര്‍മ്മോപദേശമാം നിസ്തുലകോമളവേണുഗാനം’ അവള്‍ക്ക് മാനസാന്തരം വരുത്തുന്നതായി വള്ളത്തോള്‍ സങ്കല്പിക്കുന്നു. ‘ചെയ്യരുതാത്തതു ചെയ്തവളെങ്കിലും ഈയെന്നെത്തള്ളൊല്ലേ തമ്പുരാനേ’ എന്ന മഗ്ദലനയുടെ യാചന കേട്ട് യേശുവിന്റെ ‘ഹൃദ്‌സരസ്സ് കൃപാമൃതത്താല്‍’ നിറയുന്നു. ‘അപ്പപ്പോള്‍ പാതകം ചെയ്തതിനൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം’ എന്ന ന്യായത്തില്‍ അവളെ അദ്ദേഹം പാപവിമുക്തയാക്കി, ‘പൊയ്‌ക്കോള്‍ക പെണ്‍കുഞ്ഞേ….ദുഃഖം വെടിഞ്ഞുനീ’ എന്നു യാത്രയാക്കുന്നു.
Leave a Reply