(ആത്മകഥ)
നമ്പൂതിരി
പ്രശസ്ത ചിത്രകാരനും ശില്പിയുമായ നമ്പൂതിരിയുടെ ആത്മകഥയാണ് രേഖകള്‍. തന്റെ ദേശത്തെ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയുമാണ് നമ്പൂതിരി ആവിഷ്‌കരിക്കുന്നത്. നമ്പൂതിരിയുടെ ദേശമായ പൊന്നാനിയുടെ സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളുടെ അടയാളപ്പെടുത്തലാണ് ‘രേഖകള്‍’. വരകളിലൂടെയും വരികളിലൂടെയും നമ്പൂതിരി തന്റെ നാടിനെ ഓര്‍ത്തെടുക്കുന്നു.
പൊന്നാനി തുറമുഖം, അവിടത്തെ ക്ഷേത്രങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ജീവിതരീതികള്‍, തോടുകള്‍, നാട്ടുവഴികള്‍, കെട്ടിടങ്ങള്‍ തുടങ്ങി വസ്ത്രധാരണരീതിവരെ പില്‍ക്കാലത്തുള്ളവര്‍ക്ക് തിരിച്ചറിയത്തക്കവിധം ഇവിടെ അവതരിപ്പിക്കപ്പെടുന്നു. രേഖാചിത്രവും വാങ്മയചിത്രവും ഒന്നിക്കുന്ന അപൂര്‍വതയും ഈ ആത്മകഥയ്ക്കുണ്ട്.
മലയാളത്തിലെ പ്രസിദ്ധകൃതികളോളം തന്നെ പ്രശസ്തി അവയ്ക്കുവേണ്ടി നമ്പൂതിരി വരച്ച ചിത്രങ്ങള്‍ക്കുമുണ്ട്. രണ്ടാമൂഴം (എം.ടി.വാസുദേവന്‍ നായര്‍), ബ്രിഗേഡിയര്‍ കഥകള്‍ (മലയാറ്റൂര്‍) തുടങ്ങിയവ ഉദാഹരണങ്ങള്‍.
രേഖാചിത്രങ്ങളുടെ (ഇലസ്‌ട്രേഷന്‍) മിഴിവും കൊഴുപ്പും നമ്പൂതിരിച്ചിത്രങ്ങളുടെ സവിശേഷതയാണ്. വലിയരൂപങ്ങളായി അവതരിപ്പിക്കുന്ന രീതി അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. മനുഷ്യരൂപങ്ങള്‍ വരയ്ക്കുമ്പോള്‍ ശരീരശാസ്ത്രപരമായ അനുപാതം ഭേദിച്ച് ചില ഭാഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു.ഇതുവഴി കഥാപത്രങ്ങള്‍ക്ക് വ്യത്യസ്തതയും വ്യക്തിത്വവും ലഭിക്കുന്നു. പശ്ചാത്തലത്തിന്റെ വിശദീകരണങ്ങളിലേക്ക് അധികം ചെന്നെത്തുന്ന രീതിയല്ല നമ്പൂതിരിയുടേത്. വ്യക്തികളെ ചിത്രീകരിക്കുന്നത് നോക്കിയാല്‍ ഇക്കാര്യം ബോധ്യമാകും.
ചിത്രങ്ങള്‍ പൂരിപ്പിക്കാനുള്ളതാണ് നമ്പൂതിരിയുടെ ഗദ്യം. വരയും വരിയും ഒന്നിച്ചല്ലാതെ വെവ്വേറെ വായിക്കാനുള്ളതല്ല. വിശേഷണശബ്ദങ്ങള്‍ പരമാവധി ഒഴിവാക്കുന്നതും ശ്രദ്ധേയമാണ്. ചിത്രങ്ങളില്‍ പലപ്പോഴും രൂപത്തിന്റെ സ്ഥൂലതയും മംാസളതയും കാണാമെങ്കിലും വരികളില്‍ അവ പരിമിതമാണ്. പഴയൊരു കാലത്തെ പ്രത്യക്ഷപ്പെടുത്തുമ്പോള്‍ ഭാഷയും അത്തരത്തിലുള്ളതാവുന്നു. എഴുത്തിലും വാമൊഴിയുടെ താളമാണ്.

രേഖകള്‍ എന്ന കൃതിക്ക് എഴുതിയ അവതാരികയില്‍ എം.ടി വാസുദേവന്‍ നായര്‍ ഇങ്ങനെ പറയുന്നു:
” നമ്പൂതിരിക്ക് കറുപ്പും വെളുപ്പും വരകളും വര്‍ണങ്ങളും വഴങ്ങും. കല്ലിലും മരത്തിലും സിമന്റിലും ശില്പങ്ങള്‍ തീര്‍ക്കാനും കഴിയും. ബഹുമുഖമായ സിദ്ധികളുടെ ഉടമ. നിത്യോപയോഗത്തിലെ തനിമയുള്ള വാക്കുകള്‍-ആഡംബരവും അലങ്കാരവുമില്ലാതെ-വരമൊഴിയാക്കാനുള്ള കഴിവും വേണ്ടത്രയുണ്ടെന്ന് ഈ കൃതി തെളിയിക്കുന്നു.
ജീവിതത്തിന്റെ ക്രൗര്യത്തിനുനേരെ നോക്കി ഇതും മനുഷ്യാവസ്ഥയാണല്ലോ എന്നു പറഞ്ഞ് ചിരിക്കുന്നതാണ് നമ്പൂതിരിയുടെ സ്വഭാവം. വളരെക്കാലം ഇടപഴകിയ ആളെന്നനിലയ്ക്ക് ഞാനിത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഒരേ ഓഫീസില്‍ അടുത്തടുത്ത മുറികളിലിരുന്ന് ഒരുപാട് വര്‍ഷങ്ങള്‍ ഞങ്ങള്‍ ജോലിചെയ്തിട്ടുണ്ട്. ആ നര്‍മം ഈ ഓര്‍മക്കുറിപ്പുകളില്‍ അവിടവിടെ പൊന്‍പൊടി പോലെ തിളങ്ങുന്നതുകാണാം.
ഞങ്ങളെല്ലാം പഴയ പൊന്നാനിത്താലൂക്കുകാരാണ്. വി.ടിയുടെയും ഇടശ്ശേരിയുടെയും ഉറൂബിന്റെയും അക്കിത്തത്തിന്റെയും കടവനാടിന്റെയുമൊക്കെ തട്ടകത്തില്‍ വളര്‍ന്നവര്‍. ആ പ്രദേശത്തിന്റെ വാമൊഴിയിലെ ചില ചാരുതകള്‍ ഇടയ്ക്കിടെ ഈ വാഗ്‌രേഖകളിലേക്കും കടന്നുവരുന്നതു കാണാം. അപ്പോള്‍ മറഞ്ഞുകിടന്ന എന്റെ ഭൂതകാലം പ്രകാശത്തിലേക്ക് തിരിച്ചുവരുന്നു.”