ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയില്‍ മലയാള ഭാഷാപഠനത്തിനായി രൂപീകരിച്ച ചെയറാണ് ഗുണ്ടര്‍ട്ട് ചെയര്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ സഹകരണത്തോടെ രൂപീകരിച്ച ഈ പഠനവിഭാഗത്തിന്റെ ഉദ്ഘാടനം 2015 ഒക്ടോബര്‍ 9നായിരുന്നു. ഒരു ഇന്ത്യന്‍ സര്‍വ്വകലാശാല വിദേശ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് മലയാളം ചെയര്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്. വര്‍ഷത്തില്‍ രണ്ടു തവണ കേരളത്തില്‍ നിന്നുള്ള രണ്ടു പ്രൊഫസര്‍മാരെ ട്യൂബിങ്ങനിലേക്ക് മലയാളം പഠിപ്പിക്കുവാന്‍ അയയ്ക്കണം. കേന്ദ്രസര്‍ക്കാരിന്റെയും യു.ജി.സി.യുടെയും അംഗീകാരത്തോടെ ഗുണ്ടര്‍ട്ട് ചെയറിന്റെ ആദ്യത്തെ അധ്യക്ഷനായത് ഡോ. സക്‌റിയ സക്കറിയയാണ്. ജര്‍മ്മനിയില്‍ ജനിച്ച് പിന്നീട് കേരളത്തിലെത്തി മലയാള ഭാഷ പഠിച്ച് വ്യാകരണവും നിഘണ്ടുവും തയ്യാറാക്കിയ ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനോടുള്ള ആദരസൂചകമായാണ് ചെയര്‍. മലയാള ഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഭാഷാ പണ്ഡിതനായിരുന്നു ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. ജര്‍മ്മനിയില്‍ ജനിച്ച ഇദ്ദേഹം മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെത്തി തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ താമസിച്ചു. മലയാള ഭാഷയും കേരളീയ സംസ്‌കാരവും പഠിക്കുവാന്‍ ശ്രമിച്ചു. 1859ല്‍ മലയാള ഭാഷാവ്യാകരണവും 1872ല്‍ മലയാളംഇംഗ്ലീഷ് നിഘണ്ടുവും തയ്യാറാക്കി. ജര്‍മ്മനിയിലെ പഴക്കം ചെന്ന സര്‍വകലാശാലകളിലൊന്നാണ് ട്യൂബിങ്ങന്‍ ഏബര്‍ ഹാര്‍ഡ് കാള്‍സ് സര്‍വ്വകലാശാല. 1477ലാണ് ഇത് സ്ഥാപിച്ചത്. ഈ സര്‍വ്വകലാശാലയില്‍ നിന്നാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഡോക്ടറേറ്റ് നേടിയത്. കേരളത്തില്‍ നിന്നും സമ്പാദിച്ച താളിയോലകള്‍, കയ്യെഴുത്തു പ്രതികള്‍ തുടങ്ങിയ ചില രേഖകള്‍ ഈ സര്‍വ്വകലാശാലയില്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഏതാണ്ട് നാല്‍പ്പതിനായിരത്തോളം താളുകളുള്ള അറിവിന്റെ അമൂല്യമായ ശേഖരമാണിത്. ഈ സര്‍വകലാശാലയിലെ ഏഷ്യന്‍ ആന്‍ഡ് ഓറിയെന്റല്‍ സ്റ്റഡീസിനു കീഴിലാണ് ഗുണ്ടര്‍ട്ട് ചെയര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡോളജി വകുപ്പിനു കീഴിലാണ് മലയാളം ഭാഷാ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊളോണ്‍ സര്‍വ്വകലാശാലയില്‍ ഇന്‍ഡോളജി വകുപ്പും ബോണ്‍ സര്‍വകലാശാലയില്‍ മലയാളം വകുപ്പും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളേജില്‍ മലയാളം പ്രൊഫസറായും കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ച ഡോ. സ്‌കറിയ സക്കറിയയാണ് ഗുണ്ടര്‍ട്ട് ചെയറിന്റെ ആദ്യത്തെ അധ്യക്ഷന്‍.
    ഗുണ്ടര്‍ട്ട് ചെയറിന്റെ ലക്ഷ്യങ്ങള്‍ ഇവയാണ്: ജര്‍മ്മനിയില്‍ മലയാളം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി പഠന പദ്ധതി തയ്യാറാക്കുക, ഓണ്‍ലൈന്‍ മലയാള പാഠ്യപദ്ധതി ആരംഭിക്കുക, രണ്ടു സര്‍വ്വകലാശാലകളും തമ്മില്‍ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികള്‍ തയ്യാറാക്കുക എന്നിവയാണ് അവ.