ചെന്നൈ: തെന്നിന്ത്യയിലെ മാസ്മരിക ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. എം.ജി.എം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ 4.30 മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. റെഡ്ഹില്‍സിന് സമീപത്തെ താമരെപ്പാക്കത്തായിരിക്കും സംസ്‌കാരം.
ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി എന്നറിയപ്പെട്ട ബാലസുബ്രഹ്മണം. ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40,000 ത്തിലധികം പാട്ടുകള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍ ടി ആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷന്‍ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 946 ജൂണ്‍ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ഹരികഥാ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ജനിച്ചു. ഗായിക എസ്.പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.
ചെറുപ്പം മുതല്‍ക്കു തന്നെ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന എസ് പി ബി സ്‌കൂള്‍ സംഗീതമത്സരങ്ങളിലും പങ്കെടുത്തിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനായി ചെന്നൈ അനന്ത്പൂരിലെ ജെ എന്‍ ടി യു കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ചേര്‍ന്നു. ടൈഫോയ്ഡ് പിടിപെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇളയരാജ അംഗമായിരുന്ന ലളിതസംഗീത ട്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിയതോടെ സംഗീതലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

മര്യാദരാമനില്‍ തുടക്കം
1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് വന്നത്. തുടര്‍ന്ന് എം ജി ആര്‍, ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍, തുടങ്ങിയ മുന്‍നിരനായകന്മാര്‍ക്കുവേണ്ടി പാടി. കടല്‍പ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തില്‍ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തില്‍ ആദ്യമായി പാടിയത്.                                                                       1980ല്‍ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത അദ്ദേഹം, കര്‍ണാടക സംഗീതം ആത്മാവായി മാറിയ ചിത്രത്തിലെ പാട്ടുകള്‍ പാടിയത് വിസ്മയമായിരുന്നു. ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചു. 'ശങ്കരാഭരണം' എന്ന ചിത്രത്തിലെ 'ശങ്കരാ' എന്നു തുടങ്ങുന്ന ഗാനവും പ്രധാന വഴിത്തിരിവായി.
എം.എസ് വിശ്വനാഥന്‍, ഉപേന്ദ്രകുമാര്‍, ഇളയരാജ, കെ വി മഹാദേവന്‍, തുടങ്ങിയ മുന്‍കാല സംഗീതസംവിധായകര്‍ മുതല്‍ വിദ്യാസാഗര്‍, എം എം കീരവാണി, എ ആര്‍ റഹ്മാന്‍, തുടങ്ങിയ പുതുതലമുറയോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗായകനെന്നതിലുപരി മികച്ച നടനായും വെള്ളിത്തിരയില്‍ തിളങ്ങി. എസ് പി ബി പാടി അഭിനയിച്ച 'കേളടി കണ്‍മണി' എന്ന ചിത്രത്തിലെ 'മണ്ണില്‍ ഇന്ത കാതല്‍' എന്ന പാട്ട് തമിഴിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റാണ്. രജനീകാന്ത്, കമല്‍ഹാസന്‍, ജെമിനി ഗണേശന്‍, അനില്‍ കപൂര്‍, അര്‍ജുന്‍ സര്‍ജ, രഘുവരന്‍ തുടങ്ങി നിരവധി നായകന്‍മാര്‍ക്ക് ശബ്ദം നല്‍കിയ ഡബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു.                                                                                                                                                                                                    
സാവിത്രിയാണ് ഭാര്യ. മകന്‍ എസ് പി ബി ശരണ്‍ പ്രശസ്ത ഗായകനാണ്. പല്ലവി മകളാണ്.