മാര്‍ തോമാ നസ്രാണികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി ഉണ്ടായ പാട്ട്. കല്യാണം കഴിഞ്ഞ് നാലാംദിവസത്തെ അടച്ചുതുറ എന്ന ചടങ്ങില്‍ പാടിവന്നിരുന്ന ഗാനം. മണവാളന്‍ കുളിച്ച് ഊണുകഴിഞ്ഞ് തോഴരുമായി മണിയറയില്‍ കയറി കതകടച്ചിരിക്കും. അപ്പോള്‍ അമ്മായിയമ്മ പലതരം പാട്ടുകള്‍ പാടി, വാതില്‍ തുറക്കാന്‍ വിനീതയായി അപേക്ഷിക്കും. 

ഉദാ:
‘വട്ടകക്കിണ്ടിയും തരാം വട്ടമൊത്ത താലം തരാം
കട്ടില്‍ തരാം മെത്തതരാം കണ്ടിരിപ്പാന്‍ വിളക്കു തരാം
പട്ടുചേല ഞാന്‍ തരുവേന്‍ ഭംഗിയൊത്ത മേല്‍വിതാനം
ഇഷ്ടമൊത്തൊരെന്‍വകയുമിതത്തിനോടെ ഞാന്‍ തരുവേന്‍
ഒത്തവണ്ണം ഞാന്‍ തരുവേനൊന്നിനും കുറവില്ലാതെ…’
പലതരം ദാനങ്ങള്‍ (ഗോദാനം, സ്വര്‍ണദാനം, വസ്ത്രദാനം) ചെയ്യാമെന്ന് പറഞ്ഞതിനുശേഷമേ മണവാളന്‍ വാതില്‍ തുറക്കുകയുള്ളു. എത്ര ഉറക്കെപ്പാടിയാലും കേട്ടില്ല, കേട്ടില്ല എന്നേ മണവാളന്റെ തോഴര്‍ പറയൂ. ഇങ്ങനെ അമ്മാവിയമ്മയെ വളരെ വിഷമിപ്പിക്കാതെ കല്യാണം ഭംഗിയാവുകയില്ലെന്നായിരുന്നു വിശ്വാസം.