സാമന്തന്‍ നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളായ അക്കമ്മമാര്‍ പാടിവരാറുള്ള അനുഷ്ഠാനഗാനങ്ങള്‍. വിവാഹം, തിരണ്ടുകല്യാണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അക്കമ്മമാര്‍ വിളക്കുവച്ച് പാടാറുണ്ട്. സ്തുതിപരവും പുരാണേതിഹാസാവലംബികളുമായ ഗാനങ്ങളാണവ. സ്വയംവര കഥാഗാനങ്ങള്‍ അവയില്‍ മുഖ്യമാണ്. അക്കമ്മപ്പാട്ടുകള്‍ ഇന്ന് പ്രചാരലുപ്തമായിത്തീര്‍ന്നിരിക്കുന്നു.
    ഗണപതി, ഇഷ്ടദേവതാ വന്ദനം എന്നിവയോടെയാണ് അക്കമ്മപ്പാട്ട് പാടുക. ഗണപതിയെ കുറിച്ചുള്ള പാട്ടിന് കൊമ്പന്‍നട എന്നു പറഞ്ഞുവന്നിരുന്നു.
    “കടമ്പേരിവാഴും ഭഗവതിയമ്മേ നിന്‍
    പാദം ചൊല്ലി സ്തുതിക്കുന്നേന്‍”
    എന്നിങ്ങനെ കടമ്പേരി ഭഗവതിയെക്കുറിച്ചുള്ള പാട്ട് പ്രധാനമാണ്.