മലയാള പഴഞ്ചൊല്ലുകൾ (അ, ആ)
.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനുശേഷം കൂടുതല്‍ പഴഞ്ചൊല്ലുകള്‍ സമാഹരിച്ചത് പൈലോ പോള്‍ എന്ന പണ്ഡിതനാണ്. ഗുണ്ടര്‍ട്ട് ആയിരം പഴഞ്ചൊല്ലാണ് സമാഹരിച്ചതെങ്കില്‍ പൈലോ പോള്‍ മൂവായിരത്തോളം സമാഹരിച്ചു. മാത്രമല്ല, സമാനമായ ഇംഗ്ലീഷ് ചൊല്ലുകളും അദ്ദേഹം കണ്ടെത്തി.
1902ല്‍ പൈലോ പോള്‍ സമാഹരിച്ച ചൊല്ലുകളില്‍ ഇന്നും കാര്യമാത്ര പ്രസക്തമായ കുറെയെണ്ണം ഇവിടെ പ്രസിദ്ധീകരിക്കുന്നു. അക്ഷരമാലാ ക്രമത്തില്‍ പല ഫയലുകളായിട്ടാണ് നല്‍കിയിട്ടുള്ളത്.
പൈലോ പോൾ, ബീ.ഏ.
സംഗ്രഹിച്ചതു
1902
“പഴഞ്ചൊല്ലിൽ പതിരില്ല”
(കൊല്ലത്തു പുസ്തകവ്യാപാരം
സുബ്ബയ്യാ തെന്നാട്ടുറെഢിയാർ
തിരുവനന്തപുരം
കേരളോദയംഅച്ചുക്കൂടത്തിൽ
അച്ചടിപ്പിച്ചു
പ്രസിദ്ധംചെയ്തതു.)
അ
അകത്തിട്ടാൽ പുറത്തറിയാം
അകത്തു കത്തിയും
പുറത്തു പത്തിയും
അകപ്പെട്ടവന് അഷ്ടമരാശി,
ഓടിപ്പോയവനു ഒമ്പതാമെടത്തു വ്യാഴം
അകലെ കൊള്ളാത്തവൻ
അടുക്കലും കൊള്ളുകയില്ലാ
അകലെ പോന്നവനെ അരികെവിളിച്ചാൽ
അരക്കാത്തുട്ടുചേതം (അരക്കാശുനഷ്ടം)
അക്കരെനിൽക്കുമ്പോൾ ഇക്കരെപച്ച,
ഇക്കരെ നിൽക്കുമ്പോൾ അക്കരെപച്ച
അങ്കവും കാണാം താളിയും ഒടിക്കാം
അങ്ങാടിത്തോലിയം അമ്മയോടൊ?
അങ്ങാടിയിൽ തോറ്റാൽ അമ്മയ്ക്കു കുറ്റം
അങ്ങാടിയിലാനവന്നതുപോലെ
അങ്ങുന്നെങ്ങാൻവെള്ളമൊഴുകുന്നതിന്
ഇങ്ങുന്നുചെരിപ്പഴിക്കണമൊ
അങ്ങുമുണ്ടു ഇങ്ങുമുണ്ടു
വെന്തചോറ്റിനു പംകുമുണ്ടു
അച്ചനെ കുത്തിയ കാള
ചെറുക്കനെയും കുത്തും
അച്ചനിച്ഛയായതും പാൽ
വൈദ്യനാർ ചൊന്നതും പാൽ
അച്ചിക്കുകൊഞ്ചുപക്ഷം
നായർക്കു ഇഞ്ചിപക്ഷം
അച്ഛൻ ആനപ്പാപ്പാൻ എന്നുവെച്ചു
മകന്റെ ചന്തിക്കും തഴമ്പുണ്ടാകുമൊ
അച്ഛൻ ആനപ്പുറത്തുകയറിയാൽ
മകന്റെ പൃഷ്ഠത്തിൽ തഴമ്പുകാണുമൊ
അച്ഛനുപിറന്ന മകനും
അടിച്ചിപ്പാരചൂട്ടയും രണ്ടുമുതകും
അജഗജാന്തരം
അഞ്ചഞ്ചുപലം ഒന്നഞ്ചുപലം
അഞ്ചെരുമ കറക്കുന്നതു അയൽ അറിയും;
കഞ്ഞിവാര്ത്തുണ്ണുന്നതു നെഞ്ഞറിയും
അടയ്ക്കയാകുമ്പോൾ മടിയിൽവെക്കാം
അടയ്ക്കാമരം (കഴുങ്ങായാൽ) വെച്ചുകൂടാ
അടച്ചവായിലീച്ചകയറുകയില്ലാ
അടികഴിഞ്ഞിട്ടു വടിവെട്ടാൻപോക
അടികൊണ്ടു വളർന്നകുട്ടിയും
അടച്ചുവേപ്പിച്ച കഷായവും ഒരുപോലെ
അടികൊള്ളാത്തപിള്ള പഠിയാ
അടിചെയ്യുമുപകാരം അണ്ണന്തമ്പിഅറികയില്ലാ
അടിച്ചാൽ അടിച്ചവഴിയെ പോയില്ലെങ്കിൽ
പോയവഴിയെ അടിച്ചെടുക്കണം
അടിമേലടിച്ചാൽ അമ്മിയും പൊടിയും
അടിയോളംനന്നല്ല (ഒക്കുമൊ) അണ്ണന്തമ്പി
അടി വഴുതി (തപ്പി-പിഴച്ചു)യാൽ ആനയും വീഴും
അടിസ്ഥാനമുറച്ചെ ആരൂഢമുറയ്‌ക്കൂ
അടുക്കളക്കാരൻ സ്വന്തമെങ്കിൽ കടപ്പന്തിയും മതി
അടുക്കുപറയുന്നവനഞ്ഞാഴി,
മുട്ടൻ വെട്ടുന്നവനുമുന്നാഴി
അടുത്തവനെകെടുത്തുന്നവനു ആയിരം പാപം
അട്ടയെപിടിച്ചു മെത്തയിൽ
കിടത്തിയാൽ കിടക്കുമോ
അട്ടയ്ക്ക് കണ്ണുകൊടുത്താൽ
ഉറിയിൽ കലംവെച്ചുകൂടാ-
അട്ടക്ക് പൊട്ടക്കുളം
അണുജലം കുടിച്ചാൽ കടലിലെ വെള്ളംവറ്റുമൊ-
അണ്ടികളഞ്ഞ അണ്ണാനെപോലെ
അണ്ടിയോടടുത്തെങ്കിലെ മാങ്ങായുടെ പുളി അറിയൂ
അണ്ടിയോ മാവോ മൂത്തതു
അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കെണമൊ
അണ്ണാൻകുഞ്ഞും (അണ്ണാക്കൊട്ടൻ-അണ്ണിപ്പിള്ളയും)
തന്നാലായത് (ആംവണ്ണം)
അണ്ണാനു ആനയോളം വാപൊളിക്കാമൊ
അണ്ണാടികാണ്മാൻ കണ്ണാടിവേണ്ട-
അതിക്രമം ചെയ്താൽ പരിഭ്രമമുണ്ടാം
അതിബുദ്ധിക്ക് അല്പായുസ്സ്
അതിമോഹം ചക്രം ചവിട്ടും (ചുമക്കും)
അതുമില്ലിതുമില്ല അമ്മയുടെ ദീക്ഷയുമില്ല
അത്തം ഞാറ്റുതലയും അരചർകോപവും
പിത്തവ്യാധിയും പിതൃശാപവും ഒക്കുവോളം തീരാ
അത്താണികണ്ട കൂലിക്കാരനെപ്പോലെ
അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം,
മുത്താഴമെങ്കിൽ മുള്ളേലും ശയിക്കണം
അധികംനീണ്ടാലൊടിഞ്ഞുപോകും
അധികംപറയുന്നവൻ കളവുംപറയും
അധികമായാലമൃതവുംവിഷം
അധികംസ്നേഹം കുടിയെകെടുക്കും
അനച്ച അടുപ്പേൽ ആനയും വേകും
അനച്ചവെള്ളത്തിൽചാടിയ പൂച്ച
പച്ചവെള്ളംകണ്ടാലറയ്ക്കും-
അന്നനടയും തന്നനടയും ഇല്ല
അന്നന്നുവെട്ടുന്ന വാളിനു നെയ്യിടുക
അന്നരംചെന്നാലെ കിന്നരംപാടു
അന്നവിചാരം, മുന്നവിചാരം,
പിന്നെവിചാരം, കാര്യവിചാരം
അന്നൂണിന്നു അമ്മയെകൊല്ലുന്നവൻ
അന്നം മുട്ടിയാൽ എല്ലാം മുട്ടും
അൻപറ്റാൽ തുമ്പറ്റു
അൻപില്ലാത്തവനോടു തുമ്പുകെട്ടിയതു
അറിവില്ലാത്തവന്റെ (ഭോഷത്വം)പോഴത്തം-
അൻപോടുകൊടുത്താൽ അമൃതു-
അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ
അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്
അഭ്യസിച്ചാൽ ആനയെ എടുക്കാം
അമ്പലത്തിലെ പൂച്ച ദേവരെപേടിക്കുമോ
അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ കൂടും
അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം
അമ്പു കളഞ്ഞോൻ വില്ലൻ,ഓലകളഞ്ഞോൻ എഴുത്തൻ
അമ്പൊന്നേയുള്ളു നേരേനില്ലുകള്ളാ
അമിതവാനു അമൃതവും വിഷം-
അമക്കി അളന്നാലും ആഴക്കു മൂഴക്കാകാ
അമ്മചത്തുകിടന്നാലും വാഴക്കാത്തോലു
വാരിക്കളഞ്ഞിട്ടുകരയണം
അമ്മപുലയാടിച്ചിയെങ്കിൽ
മകളുംപുലയാടിച്ചി
അമ്മപോറ്റിയ മക്കളും
ഉമ്മപോറ്റിയകോഴിയും അടങ്ങുകയില്ല
അമ്മയുറിമേലും പെങ്ങൾ കീഴിലും ഓൾ ഉരലിലും
അമ്മയും മകളും പെണ്ണു തന്നെ
അമ്മയെ തച്ചാൽ അച്ഛൻ ചോദിക്കണം
പെങ്ങളെ തച്ചാൽ അളിയൻ ചോദിക്കണം
അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി
അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ
അമ്മിയും കുഴവിയും ചവുട്ടീട്ടോ വന്നതു
അമ്മക്കു പ്രാണവേദന മകൾക്കു വീണവായന
അംശത്തിലധികംഎടുത്താൽ
ആകാശം പൊളിഞ്ഞു തലയിൽ വീഴും
അയിലത്തല അളിയനും കൊടുക്കയില്ല
അരക്കാശിനു കുതിരയും വേണം
അക്കരയതു ചാടുകയും വേണം
അരക്കാശു കൊണ്ടുണ്ടായ അനർത്ഥം
ആയിരം കൊടുത്താലും തീരുമൊ
അരക്കുടം തുളുമ്പും നിറക്കുടം തുളുമ്പുകയില്ല
അരക്കും കൊണ്ടു ചെല്ലുമ്പോൾ
മെഴുക്കും കൊണ്ടു വരും-
അരചനന്നുകേൾക്കും ദൈവംനിന്നുകേൾക്കും
അരചനെക്കൊതിച്ചുപുരുഷനെ
വെടിഞ്ഞവൾക്കു അരചനുമില്ല പുരുഷനുമില്ല
അരചൻ വീണാൽ പടയും തീരും
അരണ കടിച്ചാൽ ഉടനെ മരണം
അരണയുടെ ബുദ്ധി പോലെ
അരപ്പണത്തിന്റെ പൂച്ച മുക്കാൽ
പണത്തിന്റെ നെയ് കുടിച്ചാലൊ
അരവിദ്യ ആശാനേയും കാട്ടരുതു
അരമനരഹസ്യം അങ്ങാടീൽ പരസ്യം
അരമനകാത്താൽ വെറുമനപോകാ
അരവും അരവും കിന്നരം-
അരി നാഴിക്കും അടുപ്പു മൂന്നു വേണം
അരിമണിയൊന്നു കൊറിക്കാനില്ല
തരിവളയിട്ടുകിലുക്കാൻ മോഹം
അരിയിട്ടും വെച്ചു ഉമിക്കു പിണങ്ങുക-
അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു,
പിന്നെയും നായിക്കു മുറുമുറുപ്പ്
അരിയെത്ര പയറഞ്ഞാഴി
അരിയെറിഞ്ഞാൽ ആയിരം കാക്ക
അരുതാഞ്ഞാൽ ആചാരം ഇല്ല;
ഇല്ലാഞ്ഞാൽ ഓശാരവു ഇല്ലം
അരെക്കുമ്പോൾ തികട്ടിയാൽ
കുടിക്കുമ്പോൾ ഛർദ്ധിക്കും
അരെക്കൊരു കത്തി പുരെക്കൊരുമുത്തി
അർത്ഥം അനർത്ഥം
അർത്ഥമില്ലാത്തവനു(അല്പനു) അർത്ഥം
കിട്ടിയാൽ അർദ്ധരാത്രിക്കും കുട പിടിക്കും
അർദ്ധംതാൻ അർദ്ധംദൈവം-
അറുക്കാൻ ആയിരം കൊടുക്കൂലും
പോറ്റാൻ ഒന്നിനെ കൊടുക്കരുതോ?
അറുത്തിട്ട കോഴി പിടയ്ക്കും പോലെ
അറുപതിൽ അത്തും വിത്തും;
എഴുപതിൽ ഏടാകോടം
അറെക്കൽ മേനോന്റെ തലേലെഴുത്തു,
അമുക്കിച്ചെരച്ചാൽ പോകുമൊ
അല്ലലുള്ള പുലയിയെ ചുള്ളിയുള്ള കാടറിയു
അള(ഏറെ) കുത്തിയാൽ ചേരയും കടിക്കും
അളന്നചെട്ടിക്കു അളന്നുകൊടു,
തൂക്കിയചെട്ടിക്കു തൂക്കികൊടു
അളമുട്ടിയാൽ ചേരയും തിരിയും
അഴകുള്ള ചക്കയിൽ ചുളയില്ല
അഴകിയൊനെക്കണ്ടു
അപ്പാ എന്നുവിളിക്കുന്നവൻ
അഹമ്മതിക്കുണ്ടൊ ഔഷധമുള്ളു
ആ
ആകാത കാര്യം തുനിയായ്കവെണം
ആകാശം വീഴുമ്പോൾ മുട്ടുകൊടുക്കാറുണ്ടോ
ആകെ മുങ്ങിയാൽ കുളിരില്ല
ആഗ്രഹം വർദ്ധിച്ചാൽ അലച്ചിലും വർദ്ധിക്കും
ആടറിയുമോ അങ്ങാടിവാണിഭം
ആടുകിടന്നിടത്തു പൂട കാണാതിരിക്കുമോ
ആടുമേഞ്ഞ കാടുപോലെ
ആടൂടാടും കാടാകാ; അരചൻ ഊടാടും നാടാകാ
ആട്ടികൊണ്ടുപോകുമ്പോൾ പിണ്ണാക്കു
കൊടുക്കാത്തവൻ വീട്ടിൽ ചെന്നാൽ എണ്ണകൊടുക്കുമോ
ആണായാൽ നാണംവേണം; മീനായാലാണം വേണം
ആണായാൽ നാണംവേണം; മുഖത്തഞ്ചുമീശവേണം-
ആണിനും തൂണിനും അടങ്ങാത്തവൾ
226 ആധിതന്നെ വ്യാധി
ആനകൊടുക്കിലും ആശകൊടുക്കരുതു
ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം
ആനചോരുന്നതു അറിയുകയില്ല; കൊതുചോരുന്നതറിയും-
ആനനടത്തവും കുതിരപ്പാച്ചലുംശരി
ആനപെറ്റെങ്കിലെ ആനക്കിടാവു് ഉണ്ടാകു
ആനപ്പുറത്തിരിക്കുമ്പോൾ നായെ പേടിക്കണ്ടാ.
ആന മെലിഞ്ഞാൽ കൊട്ടിലിൽ കെട്ടുമോ.
ആനയും ആടും പോലെ
ആനവായിലമ്പഴങ്ങാപോലെ
ആനക്കെതിരില്ല, ആശക്കതിരില്ല.
ആയിരംകണ്ണുപൊട്ടിച്ചെ അര വൈദ്യനാകു
ആയിരംകാക്കക്കും കല്ലൊന്നുമതി
പാഷാണമൊന്നേവേണ്ടു
ആയിരംകാര്യക്കാരെ കാണുന്നതിനെക്കാൾ
ഒരു രാജാവെകാണുന്നതു നല്ലതു
ആയിരംകുടത്തിന്റെ വാകെട്ടാം,
ഒരാളിന്റെ വാകെട്ടാൻ വഹിയാ
ആയിരം കുറുന്തോട്ടികുടിച്ചാൽ
അയലറിയാതെപെറും
ആയിരം കോഴിക്കു അരക്കാട
ആയിരം തെങ്ങുള്ള നായർക്കു
പല്ലുകുത്താൻ ഈർക്കിലില്ല
ആയിരംതൊഴയ്ക്ക് അരക്കഴുക്കോൽ
ആയിരം പഴഞ്ചൊൽ ആയുസ്സിനുകേടല്ല,
ആയിരം പ്രാക്കൽ ആയുസ്സിനുകേടു
ആയിരം മാങ്ങക്ക് അരപ്പൂള് തേങ്ങാ.
ആയില്യം അയൽമുടിക്കും.
ആയെങ്കിൽ ആയിരം തെങ്ങു (തേങ്ങാ);
പോയെങ്കിൽ ആയിരം തേങ്ങാ(തൊണ്ട്).
ആയെങ്കിൽ ഒരു തോക്ക്;
പോയെങ്കിൽ ഒരു വാക്ക്
ആരാച്ചാരുടെ നോട്ടം പോലെ.
ആരാനെ ആറ്റാണ്ടു പോറ്റിയാലും
ആരാൻ ആരാൻ തന്നെ.
ആരാന്റെ കുട്ടിയെ ആയിരം
മുത്തിയാലും ഒന്നു പൊത്തിക്കൂടാ.
ആരാന്റെ തലയ്ക്കു ഭ്രാന്ത്
പിടിച്ചാൽ കാണുന്ന തലക്ക് നല്ല ചേല്.
ആറിയ കഞ്ഞി പഴങ്കഞ്ഞി-
ആറുചാത്തം ഉണ്ടവനെ
ആനത്തുടലിട്ടു പൂട്ടിയാലൂം നിൽക്കയില്ല
ആറുനാട്ടിൽ നൂറുഭാഷ
ആറുനീന്തിയവനെ ആഴമറിയൂ
ആറുനൂറുകടക്കിലും കോണകമൊന്നുമതി
ആറ്റിൽ കളഞ്ഞേച്ചു അരികിൽ തപ്പിയാലോ-
ആർക്കാനിരുമ്പിടിക്കും അവനവനു തവിടിടിക്കയില്ല
ആർക്കാനും കൊടുക്കുമ്പോൾ അരുതെന്ന് വിലക്കരുത്
ആർക്കാനും വേണ്ടീട്ടോക്കാനിക്ക
ആലി നാഗപുരത്ത് പോയപോലെ-
ആലുങ്കാ പഴുക്കുമ്പോൾ കാക്കയ്ക് വായ്പുണ്ൺ
ആലെക്കൽനിന്നു പാല് കുടിച്ചാൽ
വീട്ടിൽ മോരുണ്ടാകയില്ല-
ആവശ്യക്കാരനു ഔചിത്യമില്ല
ആവിയുമില്ല അനക്കവുമില്ല
ആവുംകാലം ചെയ്തു
ചാവും കാലം കാണാം
ആശപെരുത്താൽ അരിഷ്ടതയും പെരുക്കും-
ആശാൻ പിഴച്ചാൽ ഏത്തമില്ല-
ആശാനക്ഷരം ഒന്നുപിഴച്ചാൽ
ശിഷ്യന്നക്ഷരം അമ്പത്തൊന്നും-
ആശാനുകൊടുക്കാത്തതു
വൈദ്യനുകൊടുക്കും
ആശ്രയം ഇല്ലാത്തവർക്ക് ഈശ്വരൻ ആശ്രയം
ആസനത്തിൽപുൺ അങ്ങാടിയിൽകാട്ടരുത്
ആളിൽകുറിയവനെ വിശ്വസിച്ചുകൂടാ
ആളില്ലാദുഃഖം അഴുതാലുംതീരാ
ആളുവില കല്ലുവില
ആഴമറിയാത്തിടത്ത് കാലുവെക്കരുതു
ആഴമുള്ളകുഴിക്കു നീളമുള്ള വടി