സാമൂതിരിമാര്‍ എ.ഡി 13 മുതല്‍ 17 വരെ കോഴിക്കോട് വാണ രാജാക്കന്മാരാണ്. അതില്‍ 1467 മുതല്‍ 1475 വരെ ഭരിച്ചിരുന്നത് മാനവിക്രമന്‍ രാജാവാണ്. അക്കാലത്ത് സാമൂതിരിക്കോവിലകം കലയുടെയും സാഹിത്യത്തിന്റെയും പുഷ്‌കല കേന്ദ്രമായിരുന്നു. ധീരനായ മാനവിക്രമന്‍ കവികളെയും കലാകാരന്മാരെയും ഉള്ളഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. അക്കാലത്ത് മാനവിക്രമന്റെ സദസ്സില്‍ പതിനെട്ടരക്കവികളുണ്ടായിരുന്നു. അവരെല്ലാം കവികള്‍ മാത്രമല്ല, പണ്ഡിതന്മാരും പട്ടത്താനപരീക്ഷയില്‍ ജയിച്ച് കിഴിനേടിയിട്ടുള്ളവരുമാണ്.

പതിനെട്ടര കവികള്‍ ഇനിപ്പറയുന്നു:
പയ്യൂര്‍ പട്ടേരിമാര്‍ (ഭട്ടതിരിമാര്‍): 9
തിരുവേഗപ്പുറ നമ്പൂതിരിമാര്‍: 5
മുല്ലപ്പിള്ളി ഭട്ടതിരി: 1
ചേന്നാസ് നമ്പൂതിരിപ്പാട്: 1
കാക്കശ്ശേരി ഭട്ടതിരി: 1
ഉദ്ദണ്ഡ ശാസ്ത്രികള്‍: 1
പുനം നമ്പൂതിരി: അര

 

വാസ്തവത്തില്‍ 19 കവികളുണ്ടായിരുന്നു. എന്നാല്‍, മലയാള കവിയായ പുനം നമ്പൂതിരിയെ സംസ്‌കൃത പണ്ഡിതന്മാര്‍ അര സ്ഥാനമേ കല്പിച്ചുള്ളൂ. അതാണ് പതിനെട്ടരക്കവികള്‍ എന്ന് അറിയപ്പെട്ടത്.
ഈ പത്തൊമ്പതു കവികളില്‍ 18 പേരും (അല്ല, പതിനേഴര പേരും) നമ്പൂതിരിമാരായിരുന്നു. ഉദ്ദണ്ഡ ശാസ്ത്രികള്‍ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുകാരനായ അന്യ ജാതിക്കാരനായിരുന്നു.
ഈ പതിനെട്ടരക്കവികളും ഒരേകാലത്തുള്ളവരാകാനിടയില്ല. പയ്യൂര്‍ പട്ടേരിമാര്‍ ഒമ്പതുപേര്‍ ഒരേസമയം കവികളായിരിക്കാന്‍ ഒരു സാധ്യതയുമില്ല.

ഇനി നമുക്ക് പതിനെട്ടരക്കവികളെ വിശദമായി അറിയാം.
പയ്യൂര്‍ മനയ്ക്കല്‍ ഒമ്പത് പട്ടേരിമാരും പ്രഗത്ഭരായ സംസ്‌കൃത കവികളായിരുന്നത്രെ. അവരുടെ പേരുകളോ കൃതികളോ കണ്ടെുക്കപ്പെട്ടിട്ടില്ല. ഒരാളുടെ പേര് ഋഷി ഭട്ടതിരി എന്നായിരുന്നു എന്നു കരുതുന്നു. അദ്ദേഹത്തിന്റെ മകന്‍ പരമേശ്വരനും 7 സഹോദരന്മാരും ചേര്‍ന്നാണ് ഒമ്പതു പട്ടേരിമാര്‍. ഋഷി ഭട്ടതിരി ഒരിക്കല്‍ ഉദ്ദണ്ഡശാസ്ത്രികളുമായി നടന്ന ഒരു സംവാദത്തിനിടെ ഒരു പിഴ പറ്റിയപ്പോള്‍ ഒരവസരം കൂടി നല്‍കിയെങ്കിലും അതു സ്വീകരിച്ചില്ലത്രെ. ഒരിക്കല്‍ തോറ്റാല്‍ തോല്‍വിതന്നെയാണെന്നും അതു സമ്മതിക്കുന്നുവെന്നും പറഞ്ഞ് പിന്മാറി. അത്രയ്ക്ക് അഭിമാനിയായിരുന്നത്രെ ഋഷി ഭട്ടതിരി.

മറ്റൊരു കഥ കൂടി ഇവരെപ്പറ്റി ഉണ്ട്. അച്ഛന്റെ ആണ്ട് ശ്രാദ്ധത്തിന് ഓരോ തവണയും ഓരോരുത്തര്‍ മീമാംസാ ഗ്രന്ഥം എഴുതി വായിക്കണമെന്ന് പരമേശ്വരനും സഹോദരങ്ങളും തീരുമാനിച്ചിരുന്നു. അഞ്ചാമത്തെ സഹോദരന്‍ മടിയനായിരുന്നു. മറ്റാരുടെയോ കൃതിയാണ് അയാള്‍ ആദ്യം വായിച്ചത്. ശ്രാദ്ധം തുടങ്ങുന്നതിന് മൂന്നുനാലു ദിനം മുമ്പാണ് സ്വന്തമായി ഉണ്ടാക്കി വായിച്ചത്. പക്ഷേ, അതായിരുന്നു വളരെ മികച്ചത്.
തിരുവേഗപ്പുറയിലെ അഞ്ചു നമ്പൂതിരിമാരെക്കുറിച്ചും വേണ്ടത്ര വിവരം ലഭിച്ചിട്ടില്ല. അതില്‍ ഒരാള്‍ നാരായണന്‍ ആണെന്നു കരുതുന്നു. കാക്കശേരി ഭട്ടതിരിയുടെ ഗുരുവായിരുന്നത്രെ അദ്ദേഹം. നാരായണന്റെ ഗുരുക്കന്മാരായ ജാതവേദസ്സ്, അഷ്ടമൂര്‍ത്തി, അമ്മാവനായ രാമന്‍, ഉദയന്‍ എന്നിവരായിരുന്നു അഞ്ചുപേര്‍ എന്നു കരുതുന്നു. അഞ്ചുപേരില്‍ ഒരാളുടെ ‘ലക്ഷ്മീ മാനവേദം’ എന്ന നാടകം താന്‍ വായിച്ചിട്ടുണ്ടെന്ന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പറഞ്ഞിട്ടുണ്ട്.
മുല്ലപ്പിള്ളി ഭട്ടതിരിയുടെയും കൃതികളൊന്നും കണ്ടെടുത്തിട്ടില്ല. എന്നാല്‍, രാജകൊട്ടാരത്തെ അവഹേളിക്കുന്ന തരത്തില്‍ കവിതയെഴുതിയതിന് മാനവിക്രമന്‍ സാമൂതിരിപ്പാട് അദ്ദേഹത്തെ ശിക്ഷിച്ചെന്ന് കഥയുണ്ട്.
ചേന്നാസ് നമ്പൂതിരിപ്പാട് പൊന്നാനിക്കടുത്ത് വന്നേരിയിലെ ചേന്നാസ് മനയില്‍ എ.ഡി 1428ലാണ് ജനിച്ചതെന്ന് കരുതപ്പെടുന്നു. മുല്ലപ്പിള്ളി ഭട്ടതിരിപ്പാടിനെപ്പോലെ തന്നെ ചേന്നാസും ശിക്ഷിക്കപ്പെട്ടു. സാമൂതിരിപ്പാടിന് ഇഷ്ടപ്പെടാത്ത കവിത എഴുതിയതാണ് കേസ്. അതിനു നല്‍കിയ ശിക്ഷ വിചിത്രമായിരുന്നു. തന്ത്രത്തെക്കുറിച്ച് ഒരു ഗ്രന്ഥം എഴുതിപ്പൂര്‍ത്തിയാക്കുന്നതുവരെ തന്നെ കണ്ടുപോകരുതെന്നായിരുന്നു മാനവിക്രമന്റെ ശാസന. അതുമൂലം ‘തന്ത്രസമുച്ചയം’ എന്ന പ്രസിദ്ധ കൃതി നമുക്ക് ലഭിച്ചു. തന്ത്രകാര്യങ്ങള്‍ക്കുമാത്രമല്ല, തച്ചുശാസ്ത്രം സംബന്ധിച്ചും ഇന്നും വിലപ്പെട്ട ഗ്രന്ഥമാണത്. ‘മാനവ വാസ്തുലക്ഷണം’ എന്ന കൃതിയും ചേന്നാസിന്റേതാണ്. കുറെ നല്ല മുക്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
കുറഞ്ഞ വാക്കുകള്‍ കൊണ്ട് കൂടുതല്‍ ആശയം ദ്യോതിപ്പിക്കുന്ന ശ്ലോകങ്ങള്‍ എഴുതാന്‍ മിടുക്കനായിരുന്നു ചേന്നാസ്. തന്ത്രസമുച്ചയം രചിക്കുന്ന കാലത്ത് ഉദ്ദണ്ഡ ശാസ്ത്രികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴുണ്ടായ കാര്യം കഥയായി പരന്നിട്ടുണ്ട്. ചേന്നാസ് പറയുന്ന വിഷയമെല്ലാം ഉള്‍പ്പെടുത്തി രണ്ടു ശ്ലോകത്തില്‍ നിറുത്താം താന്‍ എന്ന് ഉദ്ദണ്ഡന്‍ വീരവാദം മുഴക്കിയത്രെ. എന്നാല്‍, ഒന്നരശ്ലോകമായപ്പോഴേക്കും വിഷയം ഒട്ടുമുക്കാലും ബാക്കികിടക്കെ ഉദ്ദണ്ഡന്‍ തോറ്റു പിന്മാറി. ചേന്നാസാകട്ടെ, അതെല്ലാം ഉള്‍പ്പെടുത്തി അനായാസേന രണ്ട് ശ്ലോകങ്ങള്‍ രചിച്ച് ഉദ്ദണ്ഡന്റെ പ്രശംസ പിടിച്ചുപറ്റി.

പൊന്നാനി താലൂക്കിലെ ബ്രഹ്മകുളത്തിലെ കാക്കശേരി ഇല്ലത്തിലാണ് കാക്കശേരി ഭട്ടതിരി ജനിച്ചത്. ദാമോദരന എന്നായിരുന്നു പേര്. കാക്കശേരി ഭട്ടതിരിപ്പാടിനെപ്പറ്റിയുള്ള ഐതിഹ്യം രസകരമാണ്. ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിക്കാന്‍ വേണ്ടി നമ്പൂതിരിമാരെല്ലാം കൂടി നടത്തിയ തപസ്സിന്റെ ഫലമായി ജനിച്ചതാണത്രെ കാക്കശേരി. പന്ത്രണ്ടാമത്തെ വയസ്സില്‍ കാവ്യപരീക്ഷയില്‍ ഉദ്ദണ്ഡനെ അദ്ദേഹം തോല്‍പ്പിച്ചെന്നാണ് കഥ. കാക്കശേരിയുടെ കൃതികളില്‍ ‘വസുമതീ മാനവിക്രമം’ മാത്രമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്.
ഉദ്ദണ്ഡ ശാസ്ത്രികള്‍ കാഞ്ചീപുരത്തിനടുത്തുള്ള ലതാപുരത്തുകാരനായിരുന്നു. കേരളത്തിലെ പണ്ഡിതന്മാരെയെല്ലാം എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്ന് കരുതിയാണത്രെ അദ്ദേഹം കേരളത്തിലേക്ക് വന്നത്. എന്നാല്‍, അതു അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കി മലയാളികളായ പണ്ഡിതന്മാരെ ബഹുമാനിക്കുകയും അവരുടെ കൂടെ കോഴിക്കോട്ടുതന്നെ താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്രെ.
സാമൂതിരിപ്പാടിന് ഉദ്ദണ്ഡനെ പരിചയപ്പെടുത്തിയത് ചേന്നാസ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. പാണ്ഡിത്യ ഗര്‍വ് ഉണ്ടായിരുന്നെങ്കിലും മറ്റ് പണ്ഡിതന്മാരുടെ കഴിവ് സമ്മതിച്ചുകൊടുത്തിരുന്ന ആളായിരുന്നു ഉദ്ദണ്ഡനെന്ന് പല കഥകളിലും കാണാം.
‘മല്ലികാമൃതം’, കോകിലസന്ദേശം’ എന്നീ കൃതികളാണ് അദ്ദേഹത്തിന്റേതായി കിട്ടിയിട്ടുള്ളത്. ഭവഭൂതിയുടെ ‘മാലതീമാധവം’ പോലുള്ള കൃതിയാണ് ‘മല്ലികാമൃതം’.
പതിനെട്ടരക്കവികളില്‍ അരക്കവിയായ പുനം നമ്പൂതിരിയാണ് ഇന്ന് സുപ്രസിദ്ധന്‍. അദ്ദേഹത്തിന്റെ രണ്ടു കൃതികള്‍ ഇന്നും പ്രശസ്തമാണ്- രാമായണം ചമ്പുവും ഭാരതം ചമ്പുവും. ചില പണ്ഡിതന്മാര്‍ ‘കൃഷ്ണഗാഥ’യും അദ്ദേഹത്തിന്റേതാണെന്ന് അവകാശപ്പെടുന്നു. മലയാള കവിയാണെന്ന ഒരു താണമനോഭാവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നുതന്നെയല്ല, തലയുയര്‍ത്തിപ്പിടിച്ചുതന്നെ മാനവിക്രമന്റെ സദസ്സില്‍ അദ്ദേഹം ഇരുന്നു.
ചിലര്‍ പറയുന്നത്, അര എന്നാല്‍ പകുതി എന്നല്ലെന്നാണ്. മുഖ്യം എന്നും പ്രധാനപ്പെട്ടത് എന്നും ശ്രേഷ്ഠം എന്നുമൊക്കെ അതിന് അക്കാലത്ത് അര്‍ഥമുണ്ടായിരുന്നത്രെ. എന്തായാലും, മാനവിക്രമന്റെ മുന്നില്‍ വച്ചുതന്നെ മലയാളത്തില്‍ പെട്ടെന്ന് സുന്ദരമായ ഒരു ശ്ലോകം ചമച്ച് ഉദ്ദണ്ഡനില്‍ നിന്ന് ഉത്തരീയ പട്ട് സമ്മാനമായി വാങ്ങുകയും ചെയ്തു പുനം നമ്പൂതിരി.