(പൈലോ പോള്‍
സമാഹരിച്ചതില്‍നിന്ന്
തിരഞ്ഞെടുത്തത്)

 

തകൃതിപ്പലിശ തടവിന്നാകാ

തക്കം എങ്കിൽ തക്കം;
അല്ലെങ്കിൽ വെക്കം

തക്കവർക്കു തക്കവണ്ണം പറകൊല്ല

തംകുലം വറട്ടി ധർമ്മം ചെയ്യരുതു

തഞ്ചത്തിനു വളംവേണ്ടാ;
വളത്തിനു തഞ്ചംവേണ്ടാ

തടിച്ചാൽ പെടുക്കും, ചടച്ചാൽ കുരക്കും

തടിയെടുത്തവൻ വേട്ടക്കാറൻ

തട്ടാൻ തൊട്ടാൽ പത്തിന്നെട്ടു (എട്ടാൽ ഒന്നു)

തട്ടാൻ പെങ്ങടെതും തട്ടും

തത്രപ്പെട്ടാൽ താടിയും മീശയും വരുമൊ

തനിക്കല്ലാത്തതു തുടങ്ങരുതു

തനിക്കിറങ്ങിയാൽ തനിക്കറിയാം

തനിക്കു ചുടുമ്പോൾ കുട്ടി അടിയിൽ

തനിക്കുതാനും പുരക്കു തൂണും-

തനിക്കു വിധിച്ചതു തലക്കുമീതെ

തനിക്കു വേണ്ടുകിൽ എളിയതും ചെയ്യാം

തനിക്കൊരു മുറമുണ്ടെങ്കിലെ
തവിട്ടിന്റെ ഗുണമറിയൂ

തനിപ്പൊന്നിനു തീപ്പെടിയില്ല

തൻ കയ്യിൽ കാണം മറുകയ്യിൽ
പോയാൽ അക്കാണം വക്കാണം

തൻ ബലം കണ്ടെ അമ്പലം കെട്ടാവു

തന്നതിനെ തിന്നുകൊണ്ടാൽ
പിന്നെയും ദൈവം തന്നുകൊള്ളും

തന്നമ്പലം നന്നെങ്കിൽ
പൊന്നമ്പലം ആടെണ്ടാ

തന്നാലെ താൻ കെട്ടാൽ
അണ്ണാവി എന്തു ചെയ്യും

തന്നാൽ തന്നതും
തിന്നതും കാണിക്കണം

തന്നിൽ എളിയതു തനിക്കിര

തന്നിഷ്ട്ടത്തിനു മരുന്നില്ല.

തന്നിഷ്ട്ടം പൊന്നിഷ്ട്ടം,
ആരാന്റെയിഷ്ട്ടം വിമ്മിഷ്ട്ടം

തന്നെത്താനറിയാഞ്ഞാൽ
പിന്നെത്താനറിയും

തന്നേ ചെയ്താൽ നന്നായ് ചെയ്യും

തന്നോടു ചോദിച്ചേ താനൊന്നു ചൊല്ലാവു.

തൻറെ ഒരുമുറം വെച്ചിട്ടു
ആരാന്റെ അരമുറം പറയരുതു

തൻറെ കണ്ണിൽ കോലിരിക്കെ
ആരാൻറെ കണ്ണിലെ കരടെടുക്കുന്നതെങ്ങിനെ?

തന്റെയമ്മക്കു തവിടിടിക്കത്തില്ല,
ആരാൻറെയമ്മക്കു ഇരുമ്പിടിക്കും

തരമറിഞ്ഞു ചങ്ങാത്തമേറണം

തരമെന്നുവെച്ചു
വെളുക്കുവോളം കക്കാറുണ്ടോ

തരംവന്നാൽ നെല്ലുകിട്ടും,
കരംവന്നാൽ അവർകെട്ടും

തല മറന്നു എണ്ണ തേക്കരുതു

തലയിണ മാറിയാൽ
തലക്കേടു പൊറുക്കുമൊ

തല്ലുകൊള്ളുവാൻ ചെണ്ട,
പണം വാങ്ങുവാൻ മാരാർ

തവള തുടിച്ചാൽ
വെള്ളം പൊങ്ങുമോ

തവളെ പിടിച്ചു
ഗണപതിക്കു വച്ചാലോ?

തവിടുകട്ടു കഴുവേറാൻ പോയി

തവിടുതിന്നുന്നെങ്കിലും
താളമുണ്ടായിരിക്കണം.

തവിടുള്ളപ്പോൾ ശർക്കരയില്ല,
ശർക്കരയുള്ളപ്പോൾ തവിടില്ല.

തളപ്പിട്ട കാലിന്മേൽ
ചെരുപ്പിട്ടാൽ എങ്ങനെയാണ്

തളികയിലുണ്ടാലും തേക്കും

തള്ളക്കോഴി ചവുട്ടീട്ട്
കുഞ്ഞൻകോഴി ചാകയില്ല.

തള്ള ചവുട്ടിയാൽ
പിള്ളയ്ക്കു കേടില്ല.

തള്ള വഴി പിള്ള, താണവഴി വെള്ളം.

തള്ളയ്ക്കുചുടുമ്പോൾ കുട്ടിയെ
ഇട്ടു ചവിട്ടും

തള്ളേ നോക്കി പിള്ളേ വാങ്ങണം

താടി നീട്ടിയാൽ സന്ന്യാസി ആകുമൊ

താണകണ്ടത്തിൽ എഴുന്നവിള

താണനിലത്തേ നീരോടൂ(നീരൊഴുകൂ);
അതിനേദൈവം തുണചെയ്യൂ

താണപുറത്തേ വെള്ളം നിൽക്കൂ

താണവാതിൽ കുനിഞ്ഞു കടക്കണം

താൻ ഇരിക്കേണ്ടിടത്തു താൻ ഇരിക്കാഞ്ഞാൽ
അവിടെ പിന്നെ നായിരിക്കും

താനുണ്ടേ തൻറെ വയറു നിറയൂ

താൻ ചത്തു മീൻപിടിച്ചാൽ ആർക്കുകൂട്ടാൻ

താൻ ചെയ്ത പാപം തനിക്കു

താന്താൻ കുഴിച്ചതില്‍ താന്താൻ

താന്താൻ തേടിയതേ താന്താൻ നേടൂ

താന്തോന്നിക്കും മേന്തോന്നിക്കും പ്രതിയില്ലാ

താൻ നാഴി കറക്കയുമില്ല,
മോരിനുവരുന്നവരെ കുത്തുകയും ചെയ്യും

താൻ നേടാപ്പൊന്നിനു മാറ്റില്ല

താൻപാതി ദൈവംപാതി

താരം അറിയാതെ പൂരം കൊള്ളാമൊ

താരം കൊണ്ടുരുട്ടിയാൽ
ഓടം കൊണ്ടുരുട്ടും

താററ്റ തുണി പോലെ

താഴത്തുവീട്ടിൽ വന്ന
വെള്ളിയാഴ്ച മേലേവീട്ടിലും

താഴിരിക്കെ പടിയോടുമുട്ടല്ല

താഴെ കൊയ്തവൻ ഏറെ ചുമക്കണം

തിണ്ടിന്മേൽ നിന്ന് തെറി പറയരുതു

തിന്നവായും കൊന്നവായും അടങ്ങുകയില്ല

തിന്നുതിന്നു പന്നിയായി

തിന്നുമ്പോൾ പന്നിക്കു ചെവി കേൾക്കുകയില്ല

തിരക്കുള്ള ചോദ്യത്തിനു
സമയംപോലെ മറുപടി

തിരുവായ്ക്കെതിർവായില്ല

തിരുവോണത്തിനില്ലാത്തതു തീക്കൊള്ളിക്കൊ

തീകൊണ്ടു പുരവെന്താലും
തീ കൂടാതെകഴിക്കാമോ

തീക്കട്ട ഉറുമ്പരിക്കാൻ കാലമായൊ

തീക്കട്ട കഴുകിയാൽ കരിക്കട്ട

തീക്കനൽ അരിക്കുന്ന ഉറുമ്പു
കരിക്കട്ട വെച്ചെക്കുമൊ

തീക്കൊള്ളികൊണ്ടു അടികൊണ്ട പൂച്ച
മിന്നാമിനുങ്ങിയെ കാണുമ്പോൾ പേടിക്കും

തീക്കൊള്ളിമെലെ മീറു കളിക്കുമ്പോലെ

തീണ്ടലും തിരിയും ഇല്ലാത്തവൻ

തീ പിടിക്കുമ്പോൾ കുളം
കുഴിക്കാൻ പോകയൊ

തീയിൽ കുരുത്തതു
വെയിലത്തു വാടുമൊ

തീയും നുണയും കുറച്ഛുമതി

തീയെന്നു പറഞ്ഞാൽ
നാക്കുവേകുമോ (പൊള്ലിപോയൊ)

തീയെടുത്താൽപൊള്ളാതിരികുമോ

തുടങ്ങല്ലമുമ്പെ അതാവതോളം,
തുടങ്ങിയാൽ പിന്നതു കൈവിടല്ല

തുടുപ്പെടുത്തൊളിച്ചാൽ
കല്യാണം മുടങ്ങും

തുണയില്ലാത്തവർക്ക് ദൈവം തുണ

തുലാപത്ത് കഴിഞ്ഞാൽ
പിലാപ്പൊത്തിലും പാർക്കാം

തുലാവർഷംകണ്ടു ഓടിയവനുമില്ല,
കാലവർഷംകണ്ടു ഇരുന്നവനുമില്ല

തുള്ളക്കാരനെ എല്ലാവരും അറിയും,
തുള്ളക്കാരൻ ആരെയും അറികയില്ല

തുള്ളികണ്ടുതുടച്ചേ
തുടം കൊണ്ടുതേകൂ

തുള്ളിതുടചേ തുടമാകൂ

തൂണുംചാരിയിരിക്കുന്നവനു
പയിറ്റാമെന്നൊരു മോഹം തോന്നും

തൂറാത്തവൻ തൂറിയാൽ തീട്ടംകൊണ്ടാറാട്ട

തൂറാൻമുട്ടുമ്പോൾ ആസനം അന്വേഷിക്ക

തുറിയോനെ പേറിയാൽ
പേറിയോനെയും നാറും

തെക്കുംവടക്കും അറിയാത്തവൻ

തെക്കോട്ടു പോയ കാറുപോലെ,
വടക്കോട്ട് പോയാ ആളെ പോലെ

തെക്കോട്ടുപോയ മഴയും,
വടകോട്ടുപോയ ബ്രാഹ്മണനും,
കിഴക്കോട്ടുപോയ പശുവും, പടിഞ്ഞാട്ടു
പോയ നായയും തിരികെ വരികയില്ല

തെങ്ങുള്ള വളപ്പിലെ
തേങ്ങാകൊണ്ടു പൊയ്ക്കൂടെ

തെങ്ങിനും കവുങ്ങിനും
ഒരുതളെപ്പു തന്നെയൊ

തെണ്ടിതിന്നാൽ വഴിപറയണ്ടാ

തെറിക്കുത്തരം മേത്തരം പത്തലു്

തെളിച്ചതിലെ നടക്കാഞ്ഞാൽ
നടന്നതിലെ തെളിക്ക

തേക്കുതടിക്കും തെമ്മാടിക്കും
എവിടെയും കിടക്കാം

തേങ്ങാ ഉണങ്ങിയാൽ പിണ്ണാക്ക,
എള്ളുണങ്ങിയാൽ എണ്ണ

തേങ്ങാ ചോരുന്നതു കാണുകയില്ല,
എള്ളു ചോരുന്നതുകാണും

തേങ്ങാ പത്തരച്ചാലും
താളല്ലെ കറി

തേവർ ഇരിക്കെ വെലിക്കല്ലിനെ തൊഴെണ്ടാ

തേവർ ഉണ്ടെങ്കിൽ തേക്കിലയും ഉണ്ണും

തേവിയാൻ കടിച്ചാലും
അന്തിക്കത്തെ ചോറുമുട്ടും

തേറിയോനെ മാറല്ല,
മാറിയോനെ തേറല്ല

തൊട്ടാലൊട്ടി ചവിട്ടിത്തേച്ചപോലെ

തൊട്ടാവാടി നട്ടുവളർത്തണമൊ

തൊട്ടിലിൽശീലം ചുടയിലെ മാറു

തൊമ്മനു തൊപ്പിപ്പാളപോയി,
ചാണ്ടിക്കു കഴുക്കോൽ പോയി,
മുതലാളിക്കു പണമടിശ്ശീലപോയി

തൊമ്മനയയുമ്പൊൾ ചാണ്ടിമുറുകും,
ചാണ്ടിയയയുമ്പൊൾ തൊമ്മൻ മുറുകും

തോട്ടം തോറും വാള (വാഴ),

ദേശംതോറും ഭാഷ

തോണികഴിഞ്ഞാൽ തുഴകൊണ്ടു

തോണിമറിഞ്ഞാൽ പുറംനല്ലു

തോണിയുടെ നടുവിൽനിന്നു തുഴയുമ്പോലെ

തോണിയുരുളും തുഴയറിയാഞ്ഞാൽ

തോളിൽഇരുന്നു ചെവിതിന്നരുതു

ദർഭെ, കുശെ, ഞാങ്ങണ,
മുട്ടിയപക്ഷംവയ്ക്കൊലെ

ദശയറുതി മരണം, വാവറുതി ഗ്രഹണം

ദാനംകിട്ടിയ പശുവിന്റെവായിൽ
പല്ലുണ്ടൊഎന്നു നോക്കരുതു

ദിവ്യനെന്നാകിലും ഭാഗ്യനെന്നാകിലും
ദ്രവ്യമില്ലായ്കയിൽ തരംകെടുംനിശ്ചയം

ദുഗ്ദ്ധം ആകിലും കൈക്കും
ദുഷ്ടർ നൽകിയാൽ

ദുർജ്ജനസംസർഗ്ഗത്താൽ സജ്ജനംകെടും

ദുഷ്ടരെ കണ്ടാൽ ദൂരെദൂരെ

ദുഷ്ടുകിടക്കെ വരട്ടുംവൃണം
പൊട്ടുംപിന്നയും തിട്ടംതന്നെ

ദുർബലനു രാജാബലം,
ബാലർക്കു കരച്ചൽ ബലം

ദൂരത്തെ ബന്ധുവെക്കാൾ
അരികത്തെ ശത്രുനല്ലു

ദൂരത്തെവഴിക്കു നേരത്തെപോകണം

ദൂരംവിട്ടാൽ ഖേദംവിട്ടു

ദെവരുടെ ആന, കാട്ടിലെ
മരം, വലിയെടാ വലി

ദൈവം തുണയുള്ളപ്പോൾ
പലരും തുണയുണ്ട്

ധനത്തിനു വേലി ധർമ്മം തന്നെ

ധനമില്ലാത്ത പുരുഷനും
മണമില്ലാത്ത പുഷ്പവും ശരി

ധർമ്മടം പിടിച്ചതു കോയ അറിഞ്ഞില്ല

ധർമ്മം വെടിഞ്ഞാൽ കർമ്മം മുടങ്ങും

ധ്യാനമില്ലാഞ്ഞാലും മൗനം വേണം