കെ.എല്‍.എഫ് 2025 അതിഥി രാഷ്ട്രമായി ഫ്രാന്‍സ്, ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (കെഎല്‍എഫ്) എട്ടാം പതിപ്പിന്റെ അതിഥി രാഷ്ട്രം ഫ്രാന്‍സാണ്. നിരവധി പ്രമുഖ സാഹിത്യ പ്രതിഭകളുടെ രചനകളിലൂടെ ആഗോള സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ രാജ്യമാണിത്. കെ.എല്‍.എഫിന്റെ പതിപ്പ് 2025 ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും.
ഫ്രാന്‍സില്‍ നിന്നുള്ള പതിനഞ്ചിലധികം രചയിതാക്കളും എട്ടു പ്രസാധകരും പങ്കെടുക്കുന്നു. ഗസ്റ്റ് നേഷനില്‍ നിന്നുള്ള പ്രമുഖര്‍ ഫിക്ഷന്റെയും നോണ്‍-ഫിക്ഷന്റെയും വിവിധ ഉപവിഭാഗങ്ങളായ ഹ്യുമാനിറ്റീസ്, യംഗ് അഡല്‍റ്റ്, ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുള്ളവരാണ്. നോബല്‍ സമ്മാന ജേതാവായ എസ്തര്‍ ഡഫ്ലോ, ഫിലിപ്പ് ക്ലോഡല്‍, ജൂലി സ്റ്റീഫന്‍ ചെങ്, തിമോത്തി ഡി ഫോംബെല്ലെ, ചെയെന്‍ ഒലിവിയര്‍ എന്നിവര്‍ എത്തുന്നുണ്ട്. ഫ്രഞ്ച് എഴുത്തുകാരെയും പ്രസാധകരെയും ഇന്ത്യയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കൊണ്ടുവരുന്നത്. ഇന്ത്യയിലെ ഫ്രാന്‍സ് എംബസിയും സഹകരിക്കുന്നുണ്ട്.
പ്രമുഖ എഴുത്തുകാരനും കോണ്‍ഗ്രസ് എം.പിയുമായ ഡോ.ശശി തരൂര്‍, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൂ എന്നിവരും പങ്കെടുക്കും. ഫ്രാന്‍സിലെയും ലോകത്തെയും സമ്പന്നമായ സാഹിത്യപാരമ്പര്യങ്ങള്‍ ആഘോഷിക്കാന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒരു അദ്വിതീയ അവസരമാണ്. അതിഥി രാഷ്ട്രമെന്ന നിലയില്‍, ഫ്രഞ്ച് സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഏറ്റവും മികച്ചവ പ്രദര്‍ശിപ്പിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള 500-ലധികം എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ 600,000-ലധികം സന്ദര്‍ശകരെ പങെ്‌ങ്കെടുപ്പിക്കും. ഫ്രാന്‍സിന് പുറമേ, യുകെ, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ശ്രീലങ്ക, യുഎസ്എ, സിംഗപ്പൂര്‍, യുഎഇ, സൗദി അറേബ്യ, ഗ്രീസ്, ഈജിപ്ത്, തുര്‍ക്കി, ഇസ്രായേല്‍, ലാത്വിയ, സ്വീഡന്‍ എന്നിവയുള്‍പ്പെടെ 15 രാജ്യങ്ങള്‍ പങ്കെടുക്കും. ഫെസ്റ്റിവലിന്റെ വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര സാന്നിധ്യം സാംസ്‌കാരിക വിനിമയത്തിനുള്ള ഒരു പ്രധാന വേദിയെന്ന നിലയില്‍ ശ്രദ്ധേയമാകും.
2016-ല്‍ സ്ഥാപിതമായ കെഎല്‍എഫ്, ഡിസി കിഴക്കേമുറി ഫൗണ്ടേഷനും ഡിസി ബുക്‌സും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. നൊബേല്‍ സമ്മാന ജേതാക്കള്‍, ബുക്കര്‍ പ്രൈസ് ജേതാക്കള്‍, ഓസ്‌കര്‍ ജേതാക്കള്‍, സെലിബ്രിറ്റികള്‍, പ്രശസ്തരായ എഴുത്തുകാര്‍, ചിന്തകരായ നേതാക്കള്‍ എന്നിവരടക്കം പങ്കെടുക്കും. ഒരു സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍, സംഗീതം, നൃത്തം, നാടകം തുടങ്ങിയവയും അരങ്ങേറും. കെ.എല്‍.എഫിന്റെ ഏഴാം പതിപ്പിന്റെ അതിഥി രാഷ്ട്രമായിരുന്നു തുര്‍ക്കി.
Leave a Reply