ഗായകനാവുക എന്ന സ്വപ്‌നം മനസ്സിലുണ്ടായിരുന്നെങ്കിലും ദൈവത്തിന്റെ നിയോഗം സംഗീത സംവിധായകന്‍ ആകുകയെന്നതായിരുന്നു. ലക്ഷ്യവേധിയും അദമ്യവുമായ സമര്‍പ്പണത്തിന്റെ ഫലശ്രുതിയാണ് എം. ജയചന്ദ്രന്റെ സംഗീതജീവിതം. പാട്ടുകാരനാവുക എന്ന അമ്മയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ ജയചന്ദ്രന്‍ പാടുകയും ചെയ്യുന്നു. അമ്മയുടെ ആഗ്രഹത്തിന് മുന്നില്‍ ഗായകനെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രനെ തേടിയെത്തി. മലയാളികളുടെ സംഗീതബോധത്തിലേക്ക് ഇമ്ബമാര്‍ന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച ജയചന്ദ്രന്‍ പാട്ടിന്റെ ലോകത്തെത്തിയിട്ട് കാല്‍നൂറ്റാണ്ട്.
എന്റെ ഇന്നത്തെ ജീവിതം അമ്മയുടെ സ്വപ്‌നസാക്ഷാത്കാരമാണ്. അച്ഛന് ക്ലാസിക്കല്‍ സംഗീതമായിരുന്നു ഇഷ്ടമെങ്കില്‍ അമ്മയ്ക്ക് പോപ്പുലര്‍ സംഗീതമായിരുന്നു. എന്നെയൊരു പാട്ടുകാരനാക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്റെ അഞ്ചാം വയസ്സിലാണ് സംഗീതം പഠിക്കാന്‍ തുടങ്ങിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്‌ബോള്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ലളിതഗാനത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. അന്ന് യുവജനോത്സവം നടന്നത് ജില്ലയിലെ കണിയാപുരം എന്ന സ്ഥലത്തായിരുന്നു. സ്‌റ്റേജില്‍ കയറി. പാടുന്നതിനുമുന്‍പ് സദസ്സിലേക്കൊന്നു നോക്കി. വിധികര്‍ത്താക്കളില്‍ വളരെ പ്രായമുള്ളൊരു കലാകാരനുമുണ്ടായിരുന്നു. കാലകമല… എന്നുതുടങ്ങുന്ന ഗാനത്തിന്റെ ഹമ്മിംഗ് പാടിത്തുടങ്ങിയതും പെട്ടെന്നു തൊണ്ടയ്ക്ക് ഇടര്‍ച്ചവന്നു. ആത്മവിശ്വാസം പമ്ബകടന്നു. എന്തോ, തോറ്റുപിന്‍വാങ്ങാന്‍ മനസ്സുവന്നില്ല. ആത്മവിശ്വാസം തിരിച്ചെടുത്ത് ആദ്യം മുതല്‍ പാടി. ആലാപനം കഴിഞ്ഞ് വേഗം സ്‌റ്റേജില്‍ നിന്നിറങ്ങി. എന്തായാലും എനിക്ക് സമ്മാനമൊന്നും കിട്ടില്ലെന്ന് തീര്‍ച്ചയാക്കി തിരിച്ചുപോകാന്‍ തീരുമാനിച്ച് കാറില്‍ കേറിക്കിടന്നു. െ്രെഡവിംഗ് അമ്മയ്ക്ക് ഹോബിയായിരുന്നു. മലേഷ്യയില്‍ താമസിച്ചിരുന്ന ആളായിരുന്നു അമ്മ. തിരുവനന്തപുരത്ത് അക്കാലത്ത് കാറോടിക്കുന്ന ചുരുക്കം സ്ത്രീകളിലൊരാളും അമ്മയായിരുന്നു. കാറില്‍ കിടക്കുന്ന എന്റെ അവസ്ഥ കണ്ട് അമ്മ സമാധാനിപ്പിക്കാനൊക്കെ ശ്രമിക്കുന്നുണ്ട്. എന്തുഫലം? ഒടുവില്‍, മൈക്കിലൂടെ ലളിതഗാനമത്സരഫലം പ്രഖ്യാപിക്കുന്നു. ഒന്നാം സമ്മാനം എം. ജയചന്ദ്രന്‍! അന്ന് ഞാനൊരു കാര്യം മനസ്സിലാക്കി. അനാവശ്യമായി ഒരു കാര്യത്തെക്കുറിച്ചുമുള്ള ഉത്കണ്ഠ വെറുതെയാണ്. ആത്മവിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ സുഹൃത്ത്.
സംസ്ഥാനതലമത്സരത്തിന് എറണാകുളത്ത് എത്തിയപ്പോള്‍ ജില്ലാ മത്സരത്തിനുണ്ടായിരുന്ന പ്രായമുള്ള വിധികര്‍ത്താവ് അവിടെയുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ”അന്ന് ഒന്നാം സമ്മാനം തന്നത് എന്തിനാണെന്നറിയാമോ? ഒരു തെറ്റുപറ്റിയപ്പോള്‍ പരിഭ്രമിച്ച് നിര്‍ത്താതെ തെറ്റുതരുത്തി ആദ്യം മുതല്‍ പാടാന്‍ കാണിച്ച ആ ആത്മവിശ്വാസത്തിനാണ്.”
ആ മഹാമനുഷ്യന്റെ വാക്കുകള്‍ കുറച്ചൊന്നുമല്ല എനിക്ക് പ്രചോദനമായത്. പിന്നീടാണ് അദ്ദേഹം ആരാണെന്നറിയുന്നത്. ഗായിക കെ.എസ്. ചിത്രയുടെ അച്ഛനായിരുന്നു!