പൊൻചിലങ്ക കിലുക്കിയുല്ലസൽ-
പ്പുഞ്ചിരിതൂകിക്കൊഞ്ചിടും
പിഞ്ചുകുഞ്ഞിനെപ്പുൽകിയപ്പുമാൻ
സഞ്ചിതാനന്ദതുന്ദിലൻ.
മാറിമാറിയപ്പൂരുഷൻതന്റെ
മാറിലും കരതാരിലും
തത്തിയുൾക്കുളിരേറ്റിനാളൊരു
തത്തതന്മട്ടിൽ കണ്മണി;
അമ്മുഖത്തവനന്നു നല്കിയൊ-
രുമ്മതൻ കണക്കെന്നപോൽ
പൊൻപൊടിപൂശും താരകാളികൾ
വെമ്പിയെത്തി ഗഗനത്തിൽ!
രണ്ടു വത്സരത്തിന്നു മുമ്പിലായ്-
ക്കണ്ടൊരു കാഴ്ചയോർക്കവേ
തെല്ലു തെക്കു വളഞ്ഞൊഴുകുമാ-
ക്കുല്യതൻ ചിത്തമെന്തിനോ
ഒന്നു മന്ദം തുടിച്ചൂ; കല്ലോല-
ദ്വന്ദ്വം തമ്മിൽത്തഴുകിപ്പോയ്!

 

അപരാധി
അപരാധിയാണു ഞാൻ, ലോകമേ, നി-
ന്നനുകമ്പയെന്നിലൊഴുക്കിടേണ്ടാ!
അകളങ്കഹൃത്തുക്കളൊന്നുപോലും
തകരാതിരുന്നതില്ലിത്രനാളും
കരയരുതംബുകണികയെങ്കിൽ
സുരപഥമെത്താൻ കൊതിച്ചുകൂടാ;
പരിതൃപ്തിതന്റെ കവാടദേശം
പരുഷപാഷാണപ്രകീർണമത്രേ!
പ്രണയവിവശയായ്ത്തീരുവോരെൻ-
വ്രണിതഹൃദയത്തിൻ മൗനഗാനം
സഹജരേ, നിങ്ങളോടല്ല, ശൂന്യം,
ബധിരതൻമുന്നിലായിരുന്നുച
അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാ-
മഴലുനിറഞ്ഞവയായിരുന്നു;
സ്ഫടികാഭമാകുമരുവികൾത-
ന്നടിയെല്ലാം പങ്കിലമായിരുന്നു!
നരജന്മം തന്ത്രീരഹിതമാകു-
മൊരുവീണ,യെന്തിനെന്നാരറിഞ്ഞു!
പരിശുദ്ധപ്രേമപ്പൊൻകമ്പി കെട്ടി-
പ്പലവട്ടം ഞാനതിൽ പാടിനോക്കി;
ഒരു കൊച്ചുതാരകം വാനിൽനിന്നെൻ-
സിരകളിലുന്മേഷച്ചാറൊഴുക്കി;