56

സത്യത്തിൽജ്ജഗത്തു ഞാൻ സംപൂർണ്ണമായിത്തീർത്താൽ
കൃത്യമെന്തെനിക്കൊന്നു ചെയ്യുവാൻവേറിട്ടുള്ളൂ?

ലാക്കെന്യേ ലയിച്ചുപോമെന്നിലെന്നിച്ഛാശക്തി;

ദീർഘനിദ്രാധീനനായ്തീരുമെൻദയാസഖി;
ആകയാലെൻ സൃഷ്ടി ഞാനിമ്മട്ടിൽ നിവർത്തിച്ചേൻ;
ലോകത്തിന്നപൂർണ്ണത്വമാണതിന്നന്തസ്സാരം
എൻധർമ്മം ഞാൻ തീർത്തൊരീവിശ്വത്തിന്നുൽകർഷണം;
സന്തതം ഞാ,നക്രീഡാസൗധത്തിൻ സമ്മാർജ്ജകൻ,
മർത്ത്യനെ പ്രജ്ഞാശാലിയാക്കി ഞാൻ നിർമ്മിച്ചേനി-
ക്കൃത്യതിലെന്നെത്തുണച്ചാത്മനിഷ്ക്രയം നേടാൻ.
എൻകരം സർവ്വാദ്ധ്യക്ഷസ്ഥാനത്തിൽപ്പുലർത്തുവോ-
രെൻകിടാവെന്നാ,ലവന്നെൻകൃത്യം തൽകർത്തവ്യം

57

പ്രേമം താൻ പ്രപഞ്ചത്തിൻ പ്രേഷ്ഠമാം ജീവാധാരം;
പ്രേമത്തിന്നഭാവത്തിൽ ബ്രഹ്മാണ്ഡം നിശ്ചേതനം;
പ്രേമത്താലെൻ ഭൂദേവി പോറ്റുന്നൂ തന്മക്കളെ;
പ്രേമത്താൽ വിജയത്തിങ്കൽ മിന്നുന്നു താരാവലി;
പ്രേമത്താൽ ബാഷ്പോദകം വാർക്കുന്നു വലാഹകം;
പ്രേമത്താൽ മൃദുസ്മിതം തൂകുന്നു പൂങ്കാവനം;
പ്രേമത്താൽ വീശിടുന്നു ഗന്ധവാൻ മന്ദാനിലൻ;
പ്രേമത്താൽപ്പൊഴിക്കുന്നു കോകിലം ഗാനാമൃതം;
പ്രേമത്തിലാണെൻവാസം; പേർത്തുമപ്പരാർദ്ധ്യമാം
ധാമത്തെപ്പാലാഴിയെന്നോതുന്നു കാവ്യാധ്വഗർ,
പ്രേമത്തിൻ ബിന്ദുക്കൾ ഞാൻ കർഷണം ചെയ്യുന്നത-
ദ്ധീമാന്മാർ വർണ്ണിക്കുന്നു പാൽ, വെണ്ണ, തൈരെന്നെല്ലാം.

58

പുണ്യകൽമഷങ്ങളെപ്പൂർണ്ണമായ്ത്തിരിച്ചുഞാ-
നെൻ നരാപത്യങ്ങൾക്കു കാട്ടുന്നുണ്ടെല്ലായ്പൊഴും
യാതൊന്നാൽ പരോൽകർഷം സാധിക്കാമതേ പുണ്യം;
യാതൊന്നിൻ ഫലം മറിച്ചായേക്കാമതേ പാപം.

ധർമ്മമേപുണ്യോപായമാകയാൽസേവ്യം; വേണം

ധർമ്മത്തിൽച്ചരിക്കുവാൻ പ്രേമത്തിൻ പ്രചോദനം.
ഈ മന്നിൽപ്പുമർത്ഥദ്രു, ധർമ്മമൂലാർത്ഥസ്കന്ധ-
കാമശാഖയായ്, മോക്ഷസസ്യമായ്, വിളങ്ങുന്നു.
മുൻപിൽ,ത്താൻ ചുവട്ടിങ്കൽ വീഴ്ത്തിടും ജലംവേണം
പിൻപാർക്കും ഫലോൽക്കരം കൊമ്പത്തു കെട്ടിത്തൂക്കാൻ.
സ്വാർത്ഥത്തീവെച്ചാൽ വെന്തുവെണ്ണീറാം; പ്രേമോദകം
വീഴ്ത്തുകിൽത്തളിർത്തുവാച്ചമ്മരം പൂക്കും കായ്ക്കും.

59

ഞാനധഃസ്ഥിതപ്രേഷ്ഠനെൻഗേഹമേറ്റം നിമ്നം;
നൂനമെൻ ഭക്താഗ്ര്യനാം പ്രഹ്ലാദൻ പാതാളസ്ഥൻ;
മീനകച്ഛപസ്തബ്ധരോമാക്കളായിപ്പണ്ടേ
ഞാനെന്റെ തിര്യക്പ്രേമം വ്യക്തമായ്ക്കാട്ടീടിനേൻ;
എന്റെയിന്നൃപഞ്ചാസ്യരൂപത്തിന്നുദ്ദേശവും
തൻതാഴെത്തിര്യക്കെന്നു മാനുഷൻ ധരിക്കായ്‌വാൻ.
എൻവർണ്ണം സാധുക്കൾതൻ കാർവർണ്ണം എന്നെപ്പേർത്തു
മന്വഹം തലോടുന്നു ശുഭ്രനാം ദുഗ്ദ്ധോദധി:
ആനന്ദിച്ചെന്നെത്തന്റെ മാർത്തട്ടിൽ കിടത്തുന്നു
ചേണെഴും ധാവള്യത്തിൻ കേന്ദ്രമാം ഭോഗീശ്വരൻ.
എൻ കാലിൻ രജസ്സിൽനിന്നുത്ഭവം നേടീടുന്നു
ഗംഗാഖ്യകൈക്കൊണ്ടിടും പുണ്യയാം സ്രോതസ്സിനി

60

അൻപോടുമെന്നിങ്‌ഗിതം വ്യക്തമായ് ഞാൻകാട്ടിനേ –
നെൻപൂർണ്ണാവതാരമാം ശ്രീകൃഷ്ണജന്മത്തിങ്കൽ
ജാതനായ്ത്തുറുങ്കൊന്നിൽച്ചങ്ങലക്കിലുക്കത്തെ-
ക്ഷീതമായ്ക്കേ,ട്ടങ്ങുനിന്നമ്പാടിക്കകം പൂകി,
കേവലം ഗോപാലനായെൻ ബാല്യം കഴിച്ചേൻ ഞാ-
നാവതും വിപത്തുക്കൾക്കാദ്യന്തം ലക്ഷീഭൂതൻ.

ഇല്ലെനിക്കാറ്റിൻമണൽത്തിട്ടെന്യേവെൺമാടവും;

പൊള്ളയാ, മുളങ്കമ്പിൻ തുണ്ടെന്യേ വിപഞ്ചിയും
സന്മാർഗ്ഗസഞ്ചാരത്തിൽ ശക്രൻതന്നമർഷവും
ബ്രഫ്മാവിന്നഹന്തയും ക്ഷുദ്രമായ്ഗണിച്ചാൻ ഞാൻ;
ആദരയാൽ മയിൽപ്പീലി മൂർദ്ധാവിൽ ധരിച്ചൊപ്പ-
മേതുവർണ്ണവു മന്നിൽ മാന്യമെന്നുൽഘോഷിച്ചേൻ.