ഭോഗങ്ങളും നിജ കര്‍മ്മാനുസാരികള്‍
മിത്രാര്യുദാസീന ബാന്ധവ ദ്വേഷ്യമ
ദ്ധ്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭ്രമം
ചിത്രമത്രേ നിരൂപിച്ചാല്‍ സ്വകര്‍മ്മങ്ങള്‍
യത്ര വിഭാവ്യതേ തത്ര യഥാ തഥാ
ദു:ഖം സുഖം നിജകര്‍മ്മവശഗത
മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍
യദ്യദ്യദാഗതം തത്ര കാലാന്തരേ
തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം
ഭോഗത്തിനായ്‌ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട
വ്യര്‍ത്ഥമോര്‍ത്തോളം വിഷാദാതി ഹര്‍ഷങ്ങള്‍
ചിത്തേ ശുഭാശുഭ കര്‍മ്മഫലോദയേ
മര്‍ത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു
നിത്യമുല്‍പ്പന്നം വിധിവിഹിതം സഖേ!
സൌഖ്യദു:ഖങ്ങള്‍ സഹജമേവര്‍ക്കുമേ
നീക്കാവതല്‌ള സുരാസുരന്മാരാലും
ലോകേ സുഖാനന്തരംദു:ഖമായ് വരു
മാകുലമില്‌ള ദു:ഖാനന്തരം സുഖം
നൂനം ദിനരാത്രി പോലെ ഗതാഗതം
മാനസേചിന്തിക്കിലത്രയുമലെ്‌ളടോ!
ദു:ഖമദ്ധ്യേ സുഖമായും വരും പിന്നെ
പിന്നെ ദു:ഖം സുഖമദ്ധ്യസംസ്ഥമായും വരും
രണ്ടുമന്യോന്യസംയുകതമായേവനു
മുണ്ടു ജലപങ്കമെന്നപോലെ സഖേ!
ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു
ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴു
മിഷ്ടമില്‌ളാത്തതു തന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം
ദൃഷ്ടമെല്‌ളാം മഹാമായേതി ഭാവനാല്‍
ഇത്ഥം ഗുഹനും സുമിത്രാത്മജനുമായ്
വൃത്താന്തഭേദം പറഞ്ഞുനില്‍ക്കുന്നേരം
മിത്രനുദിച്ചിതു സത്വരം രാഘവന്‍
നിത്യകര്‍മ്മങ്ങളും ചെയ്തരുളിച്ചെയ്തു
തോണി വരുത്തുകെന്നപേ്പാള്‍ ഗുഹന്‍ നല്‌ള
തോണിയും കൊണ്ടുവന്നാശു വണങ്ങിനാന്‍
സ്വാമിന്നിയം ദ്രോണികാ സമാരുഹ്യതാം
സൌമിത്രിണാ ജനകാത്മജയാ സമം
തോണി തുഴയുന്നതുമടിയന്‍ തന്നെ
മാനവവീര! മമ പ്രാണവല്‌ളഭ!
ശൃംഗിവേരാധിപന്‍ വാക്കു കേട്ടന്നേരം
മംഗലദേവതയാകിയ സീതയെ
കയ്യും പിടിച്ചു കരേറ്റി ഗുഹനുടെ
കയ്യും പിടിച്ചു താനും കരേറിനാന്‍
ആയുധമെല്‌ളാമെടുത്തു സൌമിത്രിയു
മായതമായൊരു തോണി കരേറിനാന്‍
ജ്ഞാതിവര്‍ഗ്ഗത്തോടു കൂടെ ഗുഹന്‍ പര
മാദരവോടു വഹിച്ചിതു തോണിയും